sections
MORE

6 മിസ്ഡ് കോളുകൾ, മുംബൈ വ്യവസായിക്കു നഷ്ടമായത് 2കോടി രൂപ

phone-scam
SHARE

രാത്രി 11.45നും പുലര്‍ച്ചെ 1.59നും ഇടയിൽ വന്ന 6 മിസ്ഡ് കോളുകൾ മൂലം മുംബൈയിലെ വ്യവസായിക്കു നഷ്ടമായത് 1.86 കോടി രൂപ. സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തെ പുതിയ തട്ടിപ്പു രീതിയായ സിം സ്വാപ് ഉപയോഗിച്ചാണ് ഈ വൻതട്ടിപ്പു നടത്തിയത്. മുംബൈ പൊലീസിന്‍റെ സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ 27ന് രാത്രിക്കും 28നു പുലർച്ചക്കും ഇടയിലുള്ള സമയത്താണ് വ്യവസായിക്കു മിസ്ഡ് കോളുകൾ ലഭിച്ചത്. ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാർഡ് നമ്പറുകളും മറ്റു വ്യക്തിഗത വിവരങ്ങളും സ്വന്തമാക്കാൻ ഹാക്കർമാരെ സഹായിക്കുന്ന ആധുനികവും സാങ്കേതികമായി ഏറെ മുന്നിട്ടു നിൽക്കുന്നതുമായ വിദ്യയാണ് സിം സ്വാപെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇരയാക്കാൻ പോകുന്ന വ്യക്തി അറിയാതെ സിം കാർഡ് ബ്ലോക് ചെയ്താണ് ഈ തട്ടിപ്പു നടത്തുന്നത്. ഇതോടെ പണമിടപാടുകൾ നടത്താൻ ആവശ്യമായ ഒടിപി എളുപ്പത്തിൽ കൈവശപ്പെടുത്താൻ ഹാക്കർമാർക്കു സാധിക്കും. ആറു മിസ്ഡ് കോളുകൾ വന്നതോടെയാണ് മുംബൈക്കാരനായ വ്യവസായിക്കു സംശയം തോന്നിയത്. ഫോൺ പ്രവർത്തിക്കാതായതോടെ സേവന ദാതാവിനെ സമീപിച്ചു. സിം കാർഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇത്തരത്തിലൊരു ആവശ്യവും നടത്തിയിട്ടില്ലെന്നു വ്യക്തമാക്കിയപ്പോൾ ഡിസംബർ 29നു വൈകുന്നേരത്തോടെ പകരം പുതിയ സിം കാർഡ് നൽകി. ഡിസംബർ 27ന് രാത്രി 11.15നാണ് സിം കാർഡ് ബ്ലോക്കു ചെയ്യാനുള്ള അപേക്ഷ ലഭിച്ചതെന്നാണ് സേവനദാതാക്കൾ നൽകിയ വിവരം. ഇതിനുശേഷം ഒരു മണിക്കൂറിനകം തട്ടിപ്പും അരങ്ങേറി.

മറ്റൊരു പണമിടപാടിനായി തന്‍റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായതെന്ന് വ്യവസായി വിശദമാക്കി. അക്കൗണ്ടിൽ പണമില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ഏകദേശം 15 വ്യത്യസ്ത അക്കൗണ്ടുകളിലേക്കായി 28 തവണയായാണ് പണമിടപാടു നടത്തിയിരുന്നത്. ഈ ഇടപാടുകളൊന്നും തന്നെ തങ്ങൾ നടത്തിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായിയുടെ കറന്‍റ് അക്കൗണ്ടിൽ നിന്നും 1.86 കോടി രൂപയുടെ അനധികൃത ഇടപാടു നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നു മുംബൈ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അക്ബർ പത്താൻ അറിയിച്ചു. സമ്മതമില്ലാതെ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയാണെങ്കിൽ ഉടൻ തന്നെ സേവനദാതാക്കളുമായി ബന്ധപ്പെടണമെന്നും അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA