sections
MORE

ജീവിതം അവസാനിപ്പിക്കാൻ പോകുന്നവരെ രക്ഷിക്കും ഫോൺ

suicide
SHARE

സ്മാര്‍ട് ഫോണുകള്‍ കുട്ടികളുടെ നിഷ്‌കളങ്കതയെ മാത്രമല്ല കവരുന്നത്, ചില യുവതീയുവാക്കളിലും ചെറുപ്രായക്കാരിലുമെങ്കിലും വിഷാദ രോഗവും ഉണ്ടാക്കുന്നു. ലോകമെമ്പാടും കുട്ടികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. എന്നാല്‍, വിഷാദരോഗം കൊണ്ടുവരുന്ന ഉപകരണങ്ങളിലൂടെ തന്നെ അവ കണ്ടെത്താനും ശ്രമിച്ചാലോ എന്ന ചിന്തയാണ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

ഈ ആശയം പുതിയ ആപ്പുകളുടെ സൃഷ്ടിയിലേക്കു നയിക്കുമെന്നാണ് കരുതുന്നത്. ഇതിനെ സ്മാര്‍ട് ഫോണ്‍ സൈക്യാട്രി എന്നോ, ചൈല്‍ഡ് സൈക്കോളജി 2.0 എന്നോ വിളിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം മുന്‍ തലമുറക്കാര്‍ക്ക് പാടേ ഇല്ലാതിരുന്ന പ്രശ്‌നങ്ങളാണ് പുതിയ തലമുറക്കാരെ പൊതിയുന്നത്. അമിതമായ സ്മാര്‍ട് ഫോണ്‍ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് സാരമായ ക്ഷതമേല്‍പ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ കുട്ടികള്‍ ഏതുതരം ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് കാണുന്നത്, യുട്യൂബ് വിഡിയോയിലാണ് ക്ലിക്കു ചെയ്യുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് മെസേജ് ടൈപ്പു ചെയ്യുന്നത് എന്നതൊക്കെ അവരുടെ ഡിജിറ്റല്‍ കാലടികൾ വീക്ഷിച്ചാല്‍ മനസിലാകും, ഒപ്പം അവരുടെ മാനസികനിലയും മനസ്സിലാക്കാമെന്നാണ് പുതിയ ആശയം മുന്നോട്ടുവയ്ക്കുന്നവര്‍ പറയുന്നത്.

ടൈപ്പിങ് സ്പീഡില്‍ വരുന്ന മാറ്റം, സ്വരത്തിലെ ഏറ്റക്കുറച്ചിലുകള്‍, ഉപയോഗിക്കുന്ന വാക്കുകള്‍ തുടങ്ങിയവയൊക്കെ വീക്ഷിച്ച് കുട്ടികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താമെന്നാണ് ചില പ്രാഥമിക പഠനങ്ങള്‍ പറയുന്നത്. ഡിപ്രെഷന്‍ കണ്ടെത്താനുള്ള 1000 ബയോമാര്‍ക്കറുകളെങ്കിലും (biomarkers) ഉണ്ടാകാമെന്നാണ് സ്മാര്‍ട് ഫോണ്‍ സൈക്യാട്രി മുന്നേറ്റത്തിന്റെ നേതാവായ ഡോക്ടര്‍ തോമസ് ഇന്‍സെല്‍ പറയുന്നത്. ഗവേഷകര്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇത്തരം ആപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇവ ആത്മഹത്യ മുന്‍കൂട്ടി പ്രവചിച്ചേക്കും.

എന്നാല്‍, ഇത്തരം സംരംഭങ്ങള്‍ കുട്ടികളുടെ സ്വകാര്യതയെ അപ്പാടെ ഹനിച്ചേക്കാമെന്ന ഭീതിയുമുണ്ട്. കുട്ടികളുടെ ചെയ്തികള്‍ പഠിച്ചോളാന്‍ അനുവദിച്ചാല്‍ ഓരോ കുട്ടിയുടെയും ജീവിതത്തിലെ നിമിഷങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തപ്പെടാം. ഫെയ്‌സ്ബുക്കിനെയും മറ്റും വിശ്വസിച്ചേല്‍പ്പിച്ച ചിത്രങ്ങളും മെസേജുകളുമെല്ലാം പുറത്താകുന്നതു പോലെ ഡേറ്റാ ഭാവിയില്‍ പുറത്തായി, കുട്ടികള്‍ കടന്നു പോയ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും പാതയെല്ലാം മറ്റുള്ളവര്‍ക്കു കാണാനാകാമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മാനസികനില നിരീക്ഷിക്കുന്ന ആപ്പുകള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൃഷ്ടിക്കപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിന് പതിറ്റാണ്ടുകള്‍ വേണ്ടിവരില്ല. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഉപയോക്താവിനെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയിച്ചിരിക്കണം. അതോടോപ്പം എപ്പോള്‍ വേണമെങ്കിലും അവരുടെ സമ്മതപത്രം തിരിച്ചെടുക്കാനുമുള്ള അവകാശം ഉപയോക്താവിനു ലഭിക്കണം എന്നെല്ലാമാണ് യൂണിവേഴ്‌സിറ്റി ഓഫ് ഒറിഗണിലെ സൈക്കോളജിസ്റ്റ് നിക് അലന്‍ പറയുന്നത്. അദ്ദേഹം സൃഷ്ടിച്ച ഒരു ആപ് ആത്മഹത്യ പ്രേരണയുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതായത് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരെ രക്ഷിക്കാനാകുമെന്ന് ചുരുക്കം.

30 ലക്ഷം കുട്ടികളില്‍ വിഷാദരോഗം

ഓരോ ആളുടെയും ഫോണില്‍ കുമിഞ്ഞു കൂടുന്ന ഡേറ്റയില്‍ നിന്ന് അവരുടെ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായേക്കും. വിഷാദരോഗം ഇപ്പോള്‍ അമേരിക്കയിലെ 30 ലക്ഷം കുട്ടികളില്‍ കണ്ടെത്തിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടത്. ഓരോ വര്‍ഷവും വിഷാദരോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. അമേരിക്കയിലെ പത്തില്‍ ഒരു കോളജ് വിദ്യാര്‍ഥി വിഷാദരോഗിയാണ് എന്നാണ് സർക്കാർ ഡേറ്റ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ജനസംഖ്യയിലെ 5.9 ശതമാനം പേര്‍ വിഷാദരോഗികളായി എന്നു പറയുന്നു. 2007ലെ കണക്കുമായി തട്ടിച്ചാല്‍, 2015ല്‍ എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇരട്ടിക്കുകയും ആണ്‍കുട്ടികളുടേത് 30 ശതമാനം വര്‍ധിക്കുകയും ചെയ്തിരിക്കുന്നുവെന്നും കാണാം. ഇതിന്റെ പ്രധാന കാരണം സ്മാര്‍ട് ഫോണ്‍ ഉപയോഗമാണെന്നും പറയുന്നു. ഇത്തരക്കാര്‍ ചികിത്സയ്‌ക്കെത്തുന്നത് വളരെ താമസിച്ചാണ് എന്നതും പ്രശ്‌നം വഷളാക്കുന്നു. ആദ്യ സൂചനകള്‍ ലഭിക്കുമ്പോഴെ ചികിത്സിക്കാനായാല്‍ ചിലപ്പോള്‍ രക്ഷപ്പെടുത്താനായേക്കാമെന്ന വാദവും പുതിയ നീക്കങ്ങള്‍ക്കു ബലം നല്‍കുന്നു.

എന്നാല്‍, സ്മാര്‍ട് ഫോണകുള്‍ കുട്ടികളുടെ മൂഡ് കണ്ടെത്തുന്നുണ്ടെങ്കില്‍ തല്‍സമയം സഹായമെത്തിക്കാനുമാകുമെന്ന വാദമാണ് പുതിയ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. കുട്ടികള്‍ക്ക് സഹായത്തിനായി വിളിക്കാനുള്ള നമ്പറുകള്‍ ഓട്ടോമാറ്റിക്കായി എത്തിച്ചുകൊടുക്കുക, ഹെല്‍പ്‌ലൈന്‍ സേവനങ്ങളെത്തിക്കുക, മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊക്കെ സന്ദേശങ്ങളയയ്ക്കുക തുടങ്ങിയവയാണ് പ്ലാന്‍ ചെയ്യുന്നത്.

ഫെയ്‌സ്ബുക് ഇപ്പോള്‍ത്തന്നെ പ്രോആക്ടീവ് ഡിറ്റക്‌ഷന്‍ ('proactive detection') ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്. ചില വാക്കുകളുടെയും പദാവലിയുടെയും പ്രയോഗത്തിലൂടെ ആത്മഹത്യാപ്രവണതയുള്ള ആളുകളെ കണ്ടെത്താമെന്ന് അവര്‍ പറയുന്നു. സുഹൃത്തുക്കളുടെ കമന്റുകളും ചേര്‍ത്തു വായിച്ചാല്‍ കൂടുതല്‍ എളുപ്പമാകുമെന്നും അവര്‍ പറയുന്നു. ( ഇതിനെല്ലാം വേദിയൊരുക്കിയിട്ട് കണ്ടെത്തുന്നത് വലിയ കാര്യം തന്നെ!) കഴിഞ്ഞവര്‍ഷം, ആഗോളതലത്തില്‍ 3,500 പേരെ തങ്ങള്‍ സഹായിച്ചതായി ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു.

പഠന വിഷയങ്ങളും, ഫോണ്‍ സൗഹൃദങ്ങളുമെല്ലാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സ്മാര്‍ട് ഫോണുകള്‍ എത്തിയതോടെ സൗഹൃത്തിന് പുതിയ നിര്‍വചനം എത്തുകയാണല്ലോ. പ്രശ്‌ന ബാധിതരായ 200 കുട്ടികളാണ് പുതിയ ആപ്പുകളുടെ നിര്‍മാണത്തിനായി സഹകരിക്കുന്നത്. അതില്‍ ഒരാളായ ലോറല്‍ ഫോസ്റ്റര്‍ (15) പറയുന്നത് ഒളിഞ്ഞു നോട്ടം തന്നെ ഭയപ്പെടുത്തുന്നുവെന്നാണ്. പക്ഷേ, പറയാതെ തന്നെ ധാരാളം ആപ്പുകളും സര്‍വീസുകളും ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നു എന്നതിനാല്‍ ഇത്തരം ഒരു ആപ് പ്രശ്‌നമാകില്ലെന്ന വാദവുമുണ്ട്. തനിക്ക് എന്താണ് പ്രശ്‌നമാകുന്നതെന്ന് അറിയാന്‍ സഹായിക്കുന്ന ആപ്പിന്റെ സാന്നിധ്യം ഗുണകരമാണെന്ന് ലോറല്‍ പറയുന്നു. ടെക് ഭീമന്‍ ഗൂഗിളും കുട്ടികളെ സഹായിക്കാനുള്ള ആപ് നിര്‍മിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA