sections
MORE

ഇന്ത്യയിൽ നിന്നും ചൈനക്കാരൻ തട്ടിയത് 130 കോടി രൂപ, സംഭവിച്ചതെന്ത്?

red-hacker
SHARE

വൻ ഏറ്റെടുക്കലിനു പദ്ധതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ഇറ്റലി ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യൻ ശാഖയിൽ നിന്നും ചൈനയിലെ ഹാക്കർമാർ തട്ടിയത് 18.6 ദശലക്ഷം ഡോളർ ( ഏതാണ്ട് 130 കോടി രൂപ). ഇറ്റാലിയിലെ മിലാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്കിമോണ്ട് എന്ന കമ്പനിയുടെ ഇന്ത്യൻ ശാഖയിലുള്ളവരാണ് വൻ തട്ടിപ്പിനു ഇരയായത്. മുംബൈ പൊലീസിന്‍റെ സൈബർ കുറ്റകൃത്യങ്ങൾക്കുള്ള വിഭാഗം കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു സൈബർ ആക്രമണമല്ലെന്നും മറിച്ച് ഒരു തട്ടിപ്പാണെന്നുമാണ് ടെക്കിമോണ്ടിന്‍റെ നിലപാട്. മാൻഹട്ടൻ ആസ്ഥാനമായുള്ള ക്രോൾ എന്ന സ്വകാര്യ അന്വേഷണ ഏജൻസിയുടെ സഹായവും കമ്പനി തേടിയിട്ടുണ്ട്.

ടെക്കിമോണ്ടിന്‍റെ ഇന്ത്യൻ വിഭാഗത്തിന്‍റെ തലവന് ഇ–മെയിൽ സന്ദേശങ്ങൾ അയച്ചാണ് ഹാക്കർമാർ തങ്ങളുടെ ഇടപാടു തുടങ്ങിയത്. അതീവ രഹസ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാൽ കമ്പനിയുടെ ഇന്ത്യൻ മേധാവിയോട് പുതിയ ജി–മെയിൽ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടു ഇതിലൂടെയായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നത്. കമ്പനി സിഇഒയായ പിയേറോബർട്ടോ ഫൊൽജിയേരോയുടെ ഇ–മെയിൽ വിലാസമെന്ന പ്രതീതിയുണ്ടാക്കുന്ന ഒരു വിലാസത്തിൽ നിന്നുമാണ് സന്ദേശങ്ങൾ എത്തിയത്. ഈ അക്കൗണ്ടിൽ നിന്നും തുടർച്ചയായി സന്ദേശങ്ങൾ അയക്കപ്പെട്ടു. സിഇഒ പതിവായി ഉപയോഗിക്കുന്ന ശൈലിയാണ് ഈ സന്ദേശങ്ങളിലുമുള്ളതെന്നതിനാൽ ആർക്കും സംശയവും തോന്നിയില്ല. 

കമ്പനിയുടെ കംപ്യൂട്ടറുകളിലേക്കും സെർവറുകളിലേക്കും അതിക്രമിച്ചു കയറിയ ഹാക്കർമാർ കൃത്യമായി പഠിച്ചു ആസൂത്രണം ചെയ്തതാണ് ഈ തട്ടിപ്പെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ചൈനയിൽ തന്നെയുള്ള മറ്റൊരു കമ്പനിയെ ടെക്കിമോണ്ട് ഏറ്റെടുക്കാൻ പോകുകയാണെന്ന വാർത്ത ഇന്ത്യയിലെ കമ്പനി തലവൻ ഉൾപ്പെടെയുള്ളവരിലേക്ക് ഇവർ എത്തിച്ചു. അതീവ രഹസ്യമായ ഈ ഏറ്റെടുക്കലിനെക്കുറിച്ചു ചർച്ച ചെയ്യാനായി നിരവധി തവണ വിഡിയോ കോൺഫറൻസിങ് നടന്നു. 

കമ്പനി സിഇഒയായും സ്വിറ്റ്സ്വർലാൻഡിലെ ഒരു അഭിഭാഷകനായും കമ്പനിയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരായുമൊക്കെ ഹാക്കർമാർ ചുമതലപ്പെടുത്തിയിരുന്നവരാണ് വിഡിയോ കോളുകളിൽ പങ്കെടുത്തിരുന്നത്. ചൈനയിലെ കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ നിന്നും പണം കൈമാറാൻ ബുദ്ധിമുട്ടുകളുണ്ടെന്നു അറിയിച്ചാണ് ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ബാങ്കിലേക്കു പണം അയക്കാൻ ടെക്കിമോണ്ടിന്‍റെ ഇന്ത്യൻ തലവനോടും മറ്റുള്ളവരോടും ഹാക്കർമാർ ആവശ്യപ്പെട്ടത്. 

നവംബർ ആദ്യ വാരത്തിൽ മൂന്നു ഘട്ടങ്ങളായാണ് പണം കൈമാറപ്പെട്ടത്. ആദ്യ തവണ 5.6 ദശലക്ഷം ഡോളറും രണ്ടാം ഘട്ടത്തിൽ 9.4 ദശലക്ഷം ഡോളറും മൂന്നാം ഘട്ടത്തിൽ 3.6 ദശലക്ഷം ഡോളറുമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. പണം ബാങ്ക് അക്കൗണ്ടിലെത്തി നിമിഷങ്ങൾക്കകം തന്നെ ഇതു പിൻവലിക്കപ്പെടുകയും ചെയ്തു. നാലാം ഘട്ടമായും പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോടകം തന്നെ തട്ടിപ്പു വെളിപ്പെട്ടു കഴിഞ്ഞിരുന്നു. കമ്പനിയുടെ യഥാർഥ സിഇഒ ഡിസംബറിൽ ഇന്ത്യയിലെത്തിയതോടെയാണ് തട്ടിപ്പു പുറത്തായത്. 

മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ അന്വേഷണ ഏജൻസിയെയും അന്വേഷണത്തിനായി ടെക്കിമോണ്ട് രംഗത്തിറക്കിയിട്ടുണ്ട്. കമ്പനി സിഇഒയുടെയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരുടെയും ഇ–മെയിൽ സന്ദേശങ്ങളുടെ ശൈലി ഹാക്കർമാർക്കു പകർത്താനായത് കമ്പനിയുടെ ഔദ്യോഗിക സംവിധാനങ്ങളിൽ കടന്നു കയറി മാസങ്ങളുടെ പഠനത്തിനു ശേഷമാണെന്നാണ് ഇവരുടെയും വിലയിരുത്തൽ. കോൺഫറൻസ് കോളിൽ പങ്കെടുത്തവരെല്ലാം വ്യാജ ഐഡിയാണ് ഉപയോഗിച്ചിരുന്നതെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 1921ൽ മരിച്ച ഒരു ഇറ്റാലിയൻ എൻജിനീയറുടെ പേരിലാണ് അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ ഐഡി എടുത്തിരുന്നത്. വ്യാജ പ്രമാണങ്ങൾ ഉപയോഗിച്ചാണ് ഹോങ്കോങിലെ ബാങ്കിൽ അക്കൗണ്ട് തുറന്നതെന്നും ഫോറൻസിക് പരിശോധകർ കണ്ടെത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA