sections
MORE

മുന്നിൽ മരണം! തകർന്ന വിമാനം നദിയിൽ ഇടിച്ചിറക്കി; ചിറകിൽ 155 യാത്രക്കാർ...

miracle-on-hudson
SHARE

2009 ജനുവരി 15: കൃത്യം പറഞ്ഞാൽ അന്നൊരു വ്യാഴാഴ്ചയായിരുന്നു. ന്യൂയോർക്ക് ലാഗാർഡിയ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത യുഎസ് എയർവെയ്സിന്റെ വിമാനം അപകടത്തിൽ പെട്ട ദിവസം. കാനഡയിലേക്ക് പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷിക്കൂട്ടം വന്നിട‌ിച്ചു. വിമാനം അപകടത്തിൽ പെട്ടതോടെ അടിയന്തിരമായി നിലത്തിറക്കി. അതും നദിയിൽ. എന്താണ് അന്നു സംഭവിച്ചത്? പത്ത് വർഷങ്ങൾക്ക് ശേഷം ഒരു അന്വേഷണം.

155 യാത്രക്കാർ

മാൻഹട്ടനിലെ ഹഡ്‌സൺ നദിയിൽ ‘ഇടിച്ചിറങ്ങിയ’ വിമാനത്തിലെ 155 യാത്രക്കാരും രക്ഷപ്പെട്ടു, അതായിരുന്നു അന്നത്തെ പ്രധാന അദ്ഭുതം. യുഎസ് എയർവേയ്‌സിന്റെ എ 320 എയർബസ് പക്ഷിക്കൂട്ടത്തെ ഇടിച്ചതാണ് അപകടകാരണം. പൈലറ്റിന്റെ മനഃസാന്നിധ്യവും ധീരതയുമാണ് ആർക്കും അപകടമില്ലാതെ വിമാനം നദിയിലിറക്കാൻ സഹായിച്ചത്. നല്ല ഒഴുക്കുള്ള ഹഡ്‌സൺ നദിയിൽ അതിസാഹസികമായി യാത്രക്കാർക്ക് അപകടമില്ലാതെ വിമാനം ഇറക്കിയ പൈലറ്റിനെ അന്നു ലോകം ഒന്നടങ്കം വാനോളം പുകഴ്ത്തി.

കലിഫോർണിയയിലെ ഡാൻവിൽ സ്വദേശിയായ പൈലറ്റ് ചെസ്‌ലി സള്ളൻബർജർ വിമാനം സുരക്ഷിതമായി നദിയിലിറക്കിയശേഷം രണ്ടുതവണ യാത്രക്കാരുടെ അടുത്തെത്തി അവർക്കു ധൈര്യംപകർന്ന് സുരക്ഷിതമായി ബോട്ടുകളിലേക്കു മാറ്റുകയായിരുന്നു. അന്നതെ പത്രങ്ങളിൽ നിറഞ്ഞുനിന്നതും ആ പൈലറ്റ് തന്നെയായിരുന്നു. ഇത്രയും ദുരന്തം സംഭവിച്ചിട്ടും യാത്രക്കാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ പൈലറ്റിനു കഴിഞ്ഞുവെന്നത് അവിശ്വസനീയം എന്നേ പറയാൻ കഴിയൂ.

ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽ നിന്നുയർന്ന് ഏതാനും കിലോമീറ്റർ സഞ്ചരിച്ചപ്പോൾ വിമാനം പക്ഷിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. തുടർന്നു ഹഡ്‌സൺ നദിയിൽ അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്തിന്റെ രണ്ടു എൻജിനുള്ളിലും പക്ഷികൾ കുടുങ്ങിയിരുന്നു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കൺമുന്നിൽ വൻ ദുരന്തം... എന്നാൽ ഒന്നും നോക്കാതെ യാത്രാക്കാരോടു ധൈര്യത്തോടെ ഇരിക്കാനാണ് പൈലറ്റ് പറഞ്ഞത്. പലരും ഭീതി കാരണം വാവിട്ടു കരയാന്‍ തുടങ്ങുമ്പോഴും പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു.

എൻജിനുള്ളിൽ പക്ഷി കുടുങ്ങിയതായി പൈലറ്റ് തന്നെയാണ് അറിയിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ റൺവേയ്‌ക്കു സമീപം ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ഇതാണ് ദുന്തത്തിന് കാരണമായത്.

വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ എൻജിനിൽ നിന്നു വലിയ ശബ്‌ദം കേട്ടു. എൻജിന്റെ ഭാഗത്തു തീപടർന്നു. വിമാന ഇന്ധനം കത്തുന്നതിന്റെ ഗന്ധവും പരന്നു. വിമാനം താഴേക്കു പതിക്കുകയാണെന്നും യാത്രക്കാരോടു കരുതിയിരിക്കാനും പൈലറ്റ് അറിയിച്ചു. വിമാനം ശക്‌തമായി വെള്ളത്തിൽ പതിച്ചതിന്റെ ആഘാതത്തിൽ പലരുടെയും മൂക്കിൽ നിന്നും മറ്റും രക്‌തംവന്നു. ശരിക്കും ഭീതിദമായ അനുഭവം.

നദിയിൽക്കൂടി പൊയ്‌ക്കൊണ്ടിരുന്ന ഏതാനും ബോട്ടുകളും ഒരു ചങ്ങാടവും മിനിറ്റുകൾക്കകം കുതിച്ചെത്തി. വിമാനത്തിൽ നിന്ന് ഓരോരുത്തരായി ചങ്ങാടത്തിലേക്കു കയറി. ജീവിതത്തിലേക്കു തിരിച്ചെത്തിയിട്ടും അവിശ്വസനീയത എല്ലാ കണ്ണുകളിലും നിഴലിച്ചിരുന്നു. പൈലറ്റിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് മിക്കവരും പറഞ്ഞത്. വിമാനം കരയിലിറങ്ങുന്നതിലും അപകടകരമാണു വെള്ളത്തിലിറങ്ങുന്നത്.

എയർബസ് ജറ്റ് തകരാതെ നല്ല ഒഴുക്കുള്ള നദിയിലിറക്കാൻ പൈലറ്റിനു കഴിഞ്ഞത് അതിലേറെ അദ്‌ഭുതമായി ഇന്നും അവശേഷിക്കുന്നു. പെട്ടെന്നുള്ള ലാൻഡിങ്ങിന്റെ ആഘാതത്തിൽ ചിറകുകളും എൻജിനും പൊട്ടിത്തകരേണ്ടതായിരുന്നു. നദിയിലിറങ്ങിയ വിമാനത്തിൽ നിന്നു രക്ഷപ്പെട്ട യാത്രക്കാരിൽ വളരെ കുറച്ചുപേർ മാത്രമേ ജലത്തിൽ കുതിർന്നുള്ളൂവെന്നത് പൈലറ്റിന്റെ മികവിന് അംഗീകാരവും. 

വളരെ കുറച്ചു യാത്രക്കാർക്കു മാത്രമേ ആശുപത്രിയിൽ പോകേണ്ടിവന്നുള്ളൂ. അതും കൂടുതൽ പേരും മുൻകരുതൽ എന്ന നിലയ്‌ക്കു പോയതാണ്. വിമാനത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനു പോലും അസ്വസ്‌ഥതയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചപ്പോൾ പൈലറ്റിന്റെ ധീരതയ്ക്ക് മുന്നിൽ ലോകം കൈകൂപ്പി. വിമാനം താഴ്‌ന്നു പറക്കുന്നതു കണ്ടവരിലെല്ലാം സെപ്‌റ്റംബർ 11ന്റെ മുന്നനുഭവം ഭീതിയുണർത്തി. ഭീകരാക്രമണമാണോ എന്നു പലരും ശങ്കിക്കുക പോലും ചെയ്തു.

‘ഹഡ്‌സൺ അദ്‌ഭുത’ത്തിലെ വീരനായകൻ

യന്ത്രത്തകരാറിലായ യാത്രാവിമാനം അതിവിദഗ്‌ധമായി ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിലിറക്കി 155 യാത്രക്കാരെ രക്ഷിച്ച യുഎസ് എയർവെയ്‌സ് പൈലറ്റ് ചെസ്‌ലി സള്ളൻബർഗർക്ക് പത്തു വര്‍ഷത്തിനു ശേഷവും അഭിനന്ദനപ്രവാഹമാണ്. അദ്ദേഹത്തെ സ്‌തുത്യർഹ നേട്ടത്തിനുള്ള സുരക്ഷാ അവാർഡ് നൽകി ഇന്ത്യയിലെ ഗ്രീൻടെക് ഫൗണ്ടേഷൻ ആദരിച്ചിരുന്നു. 2009 ഏപ്രിലിൽ ഗോവയിൽ നടന്ന രാജ്യാന്തര അഗ്നിസുരക്ഷാ സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു.

ഹഡ്‌സൺ നദിയിലെ മരവിപ്പിക്കുന്ന ജലത്തിൽ അതിസാഹസികമായി വിമാനം ഇറക്കിയ പൈലറ്റിന്റെ അചഞ്ചലമായ മനോധൈര്യം ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി. ഒരു കൈക്കുഞ്ഞ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലാർക്കും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞതു പൈലറ്റിന്റെ മികവിന് അംഗീകാരമാണ്. പക്ഷിക്കൂട്ടത്തെ ഇടിച്ചു യന്ത്രത്തകരാറിലായ വിമാനം സുരക്ഷിതമായി നദിയിലിറക്കാൻ സള്ളൻബർഗർക്കു കഴിഞ്ഞത് യുഎസ് വ്യോമസേനാ പൈലറ്റായുള്ള അനുഭവക്കരുത്തു മുഴുവൻ പ്രയോജനപ്പെടുത്തിയതു മൂലമായിരുന്നു.

‘ഹഡ്‌സൺ നദിയിലെ അദ്‌ഭുതം’ എന്നു ലോകം ഈ സംഭവത്തെ വിശേഷിപ്പിച്ചു. എയർബസ് എ-20 വിമാനം ഇത്ര വിദഗ്‌ധമായി ജനസാന്ദ്രതയേറിയ നഗരമധ്യത്തിലെ നദിയിൽ സുരക്ഷിതമായി ഇറക്കിയതു വിദഗ്‌ധരെപ്പോലും അമ്പരപ്പിച്ചു. മൈനസ് ആറ് ഡിഗ്രി തണുത്തുറഞ്ഞ വെള്ളത്തിൽ ഇറക്കിയ വിമാനത്തിൽ നിന്നു യാത്രക്കാരെ അതിവേഗം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച രക്ഷാബോട്ടുകളിലെ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു. യാത്രക്കാരെ രക്ഷിച്ചശേഷം വിമാനം മുങ്ങിത്താഴുമ്പോൾ സള്ളൻബർഗർ രണ്ടുതവണ വിമാനത്തിനുള്ളിലൂടെ നടന്ന് ആരെങ്കിലും രക്ഷപ്പെടാനുണ്ടോ എന്നു നോക്കുകയും ചെയ്‌തു. 

എൻജിനുകൾക്കു നേരത്തെ തകരാറുണ്ടായിരുന്നു

ഹഡ്‌സൺ നദിയിൽ ‘ലാൻഡ്’ ചെയ്യേണ്ടിവന്ന അപകടത്തിനു കാരണം വിമാനത്തിന്റെ എൻജിനുകൾക്കു നേരത്തേയുണ്ടായിരുന്ന തകരാറാണെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. അപകടത്തിനു രണ്ടുദിവസം മുൻപ് (ജനുവരി 13ന്) ഇതേ വിമാനം, ഇതേ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വലത്തേ എൻജിനു തകരാറുണ്ടായി എന്നു പിറ്റേന്നു തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 

‘എൻജിൻ കംപ്രഷൻ സ്‌റ്റാൾ’ എന്നു സാങ്കേതിക വിദഗ്‌ധർ വിശദീകരിക്കുന്ന ഈ തകരാർ യാത്രക്കാർക്ക് അനുഭവപ്പെട്ടത് ഒരു സ്‌ഫോടനത്തിന്റെ ശബ്‌ദമായാണ്. വിമാന എൻജിനിലേക്കുള്ള വായുപ്രവാഹത്തിന്റെ വേഗം കുറയുകയും ദിശമാറുകയും ചെയ്യുന്നതുമൂലം എൻജിൻ പ്രവർത്തനം നിലച്ചുപോകുന്ന അവസ്‌ഥയാണിത്. എൻജിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവുമാണു പ്രധാന കാരണമായത്. ചില എൻജിനുകളുടെ നിർമാണത്തിൽ തന്നെയുള്ള തകരാറും കാരണമാകാറുണ്ട്. എന്തായാലും അന്ന് എൻജിൻ പൂർണമായി നിലച്ചുപോയില്ല. സെക്കൻഡുകൾക്കുള്ളിൽ പൈലറ്റ് എൻജിൻ ‘റീസ്‌റ്റാർട്ട്’ ചെയ്യുകയും വിമാനം പറക്കൽ തുടരുകയും ചെയ്‌തിരുന്നു.

15ന്റെ അപകടത്തിന്, പക്ഷികൾ ഇടിച്ചുവെന്നതിനെക്കാൾ കൂടുതൽ യുക്‌തിസഹമായ വിശദീകരണം വിമാനത്തിനു വീണ്ടും ‘എൻജിൻ കംപ്രഷൻ സ്‌റ്റാൾ’ ഉണ്ടായി എന്നതാണ്. 

ഇതിനു നാലു കാരണങ്ങളാണ്: 

1. പക്ഷികൾ ഇടിച്ചു വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം നിലയ്‌ക്കുന്നതിനുള്ള സാധ്യത അനേക കോടികളിലൊന്നുപോലുമില്ല.

2. അപകടം നടന്ന് ഒരാഴ്‌ചയിലേറെയായിട്ടും വിമാനത്തിന്റെ വലത്തേ എൻജിനിൽ നിന്നു  പക്ഷിയുടേതെന്നു സ്‌ഥിരീകരിച്ച ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡിന്റെ ഏറ്റവും ഒടുവിലത്തെ പത്രക്കുറിപ്പിലും ‘ജന്തുക്കളുടേതെന്നു കരുതുന്ന’ അവശിഷ്‌ടങ്ങൾ കണ്ടെടുത്തു എന്നു മാത്രമേ പറയാൻ കഴിഞ്ഞിട്ടുള്ളൂ. നദിയിൽ വീണ വിമാനത്തിലെ, ആറ്റുവെള്ളം കയറിയ എൻജിനിൽ ജന്തുക്കളുടേതെന്നു തോന്നുന്ന അവശിഷ്‌ടങ്ങൾ ഇല്ലാതിരുന്നെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ! വിമാനം മൊത്തം പരിശോധിച്ചതിൽ നിന്നു വലത്തേ ചിറകിന്റെ മുകളിൽ നിന്ന് ഒരു തൂവൽക്കഷണം കിട്ടി; ഏറെ പക്ഷികൾ കുറുകെ പറക്കുന്ന നദിയിൽ കിടന്ന വിമാനത്തിൽ നിന്ന് അപകടം നടന്ന് അനേകം മണിക്കൂറുകൾക്കു ശേഷം.

3. എൻജിനുകൾ നിലയ്‌ക്കുന്നതിനു തൊട്ടുമുൻപു യാത്രക്കാർ ഒരു വലിയ ശബ്‌ദം കേട്ടിരുന്നു. ജനുവരി 13നു സംഭവിച്ചതുപോലെ തന്നെ. എന്നാൽ, അതു പക്ഷികളുമായി കൂട്ടിയിടിച്ചതാവും എന്ന നിഗമനത്തിലാണ് എല്ലാവരും എത്തിയത്. വിമാനത്തിനെതിരെ വന്നു വിൻഡ് സ്‌ക്രീനിൽ നിറഞ്ഞ പക്ഷിക്കൂട്ടം ഉണ്ടാക്കിയ ധാരണയാണിത്. എൻജിൻ കംപ്രഷൻ സ്‌റ്റാളിന്റെ ആദ്യലക്ഷണം വൻ ശബ്‌ദമാണ്. ശബ്‌ദമുണ്ടായശേഷം വിമാന ഇന്ധനത്തിന്റെ മണം പരന്നു എന്നുമാത്രമാണു യാത്രക്കാരും പൈലറ്റ് ഉൾപ്പെടെയുള്ള വിമാനജീവനക്കാരും ആദ്യദിവസം പറഞ്ഞിരുന്നത്. എന്നാൽ, രണ്ടുദിവസത്തിനു ശേഷം മാത്രമാണു പക്ഷി കരിഞ്ഞതിന്റെ മണം ഉയർന്നു എന്നു പൈലറ്റ് പറഞ്ഞുതുടങ്ങിയത്.

4. എല്ലാ കംപ്രഷൻ സ്‌റ്റാളുകളും വിമാന എൻജിനെ ഗുരുതരമായി ബാധിക്കുന്നവയാണെന്നും എൻജിനുള്ളിലെ ബ്ലേഡുകളും മറ്റു ഭാഗങ്ങളും തകരുകയോ തകർച്ചയുടെ വക്കിൽ എത്തുകയോ ചെയ്യുമെന്നും വിദഗ്‌ധർ പറയുന്നു. എന്നാൽ, ജനുവരി 13ന് ഉണ്ടായ എൻജിൻ കംപ്രഷൻ സ്‌റ്റാളിനു ശേഷം ആകെക്കൂടി ചെയ്‌ത അറ്റകുറ്റപ്പണി ആ എൻജിനിലെ (വലത്തെ എൻജിൻ) താപമാപിനികൾ മാറ്റിവയ്‌ക്കുകയാണ്.

ഏറ്റവും പ്രധാനപ്പെട്ട തെളിവ്:

എയർബസ് എ 320 എൻജിനുകളിൽ ഘടിപ്പിക്കുന്ന സിഎഫ്‌എം 56 ബി ഇനത്തിൽപ്പെട്ട എൻജിനുകളിൽ പലതിനും കംപ്രഷൻ സ്‌റ്റാൾ ഉണ്ടാകാനിടയുണ്ടെന്നും അതിനാൽ ഈ ഇനത്തിൽപ്പെട്ട, അൽപ്പം കാലപ്പഴക്കമുള്ള എല്ലാ എൻജിനുകളും അടിയന്തരമായി പരിശോധിച്ചു കുഴപ്പമുണ്ടെന്നു കണ്ടാൽ മാറ്റിസ്‌ഥാപിക്കണമെന്നും കാണിച്ച് അമേരിക്കയുടെ ഫെഡറൽ ഇൻവെസ്‌റ്റിഗേറ്റീവ് ഏജൻസി ഈ ഒന്നാം തീയതിയും യൂറോപ്പിന്റെ വ്യോമയാന സുരക്ഷാ ഏജൻസിയായ ഇഎഎസ്‌എ (യൂറോപ്യൻ ഏവിയേഷൻ സേഫ്‌റ്റി ഏജൻസി) 2008 ലെ ക്രിസ്‌മസിനു പിറ്റേന്നും ലോകമെങ്ങുമുള്ള എയർലൈനുകൾക്കു വിമാനസുരക്ഷാ സർക്കുലർ അയച്ചിരുന്നു.

2009 ൽ യുഎസ് എയർവേയ്‌സ് ഉൾപ്പെടെ ലോകമെങ്ങും എണ്ണൂറോളം എയർബസ് എ 320 വിമാനങ്ങളിൽ സിഎഫ്‌എം 56 ബി എൻജിനുകളാണു ഘടിപ്പിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA