sections
MORE

കേബിൾ, ഡിടിഎച്ച് അടിച്ചേല്‍പ്പിക്കൽ നടക്കില്ല, ചാനലുകൾ കൂട്ടത്തോടെ പൂട്ടേണ്ടിവരും

Dish-tv
SHARE

അടിക്കടി ചാനലുകള്‍ തുടങ്ങി ബൊക്കെ (bouquet) എന്ന പേരില്‍ പാവം ഉപയോക്താവിനെ അടിച്ചേല്‍പ്പിക്കുന്ന രീതി പുതിയ കേബിള്‍ ടിവി നയം വന്നതോടെ അവസാനിക്കുകയാണ്. നിലവാരമുള്ള ചാനലുകള്‍ക്കൊപ്പം, നിലവാരമില്ലാത്ത ചാനലുകളെ ഒളിച്ചു കടത്തി ഉപയോക്താവിന്റെ പൈസ പിടിച്ചുവാങ്ങുന്ന പരിപാടി ഇനി ഇല്ലാതായേക്കും. ഒരു കമ്പനിക്ക് വിജയിച്ച ഒന്നൊ, ഒന്നിലേറെയോ ചാനല്‍ ഉണ്ടെന്നിരിക്കാം. അതു പോലെ തന്നെ അവര്‍ക്ക് വിജയിക്കാത്ത ചാനലുകളും കണ്ടേക്കും. ഇതെല്ലാം കൂട്ടിക്കെട്ടി ഈ ബൊക്കെ എടുത്തോളണമെന്നു കല്‍പ്പിച്ചാണ് അടുത്തകാലം വരെ ചാനലുടമകള്‍ വിലസിയിരുന്നത്. ഇതിലൂടെ അവരുടെ ചാനലിന് ഇത്ര സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്നു പറഞ്ഞ് പരസ്യം പിടിച്ചാണ് ഈ കാലമത്രയും അവ നിലനിര്‍ത്തിക്കൊണ്ടു പോന്നിരുന്നത്. ബൊക്കെ പരിപാടി ഇനിയും നിലനില്‍ക്കും. പക്ഷേ, ഉപയോക്താവിന് ഇനി അത് നിഷ്‌കരുണം അവഗണിക്കാം. തനിക്കു പ്രിയപ്പെട്ട ചാനല്‍ മാത്രം തിരഞ്ഞെടുക്കാം.

എന്നു പറഞ്ഞാല്‍ ചില ചാനലുകള്‍ നിന്നു പോയേക്കാം. അല്ലെങ്കില്‍ അവയുടെ പ്രോഗ്രാമുകളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടതായി വരും. ഒരു വിജയിച്ച ചാനലിനെക്കാണിച്ച് മറ്റു ചാനലുകള്‍ ചിലവാക്കുന്ന പരിപാടിക്ക് അന്ത്യമാകും. അതായത് നിലവിലെ നിരവധി ചെറുകിട ചാനലുകൾ പൂട്ടേണ്ടിവരുമെന്ന് ചുരുക്കം.

അടുത്ത മാസം മുതല്‍ ഇന്ത്യയിലെ ടിവി പ്രേക്ഷകര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് അവയ്ക്കുള്ള പൈസ നല്‍കാമെന്നാണ് പുതിയ നയം. ഇത് ഉപയോക്താവിന് നേട്ടം സമ്മാനിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ചാനലുകള്‍ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ ഉള്ളടക്കം കൊണ്ടുവരാന്‍ ചാനലുടമകള്‍ നിര്‍ബന്ധിതരാകും. ഉടമയുടെ ചാനലുകളെല്ലാം ചുമക്കേണ്ടി വന്നിരുന്ന പ്രേക്ഷകന് ഇനി അല്‍പ്പം ആശ്വസിക്കാം. ചാനലുകളുടെ ഭാരം ഉടമ തന്നെ ചുമക്കേണ്ടി വരുമ്പോള്‍ ഒന്നുകില്‍ അവ നന്നാകും. അല്ലെങ്കില്‍ പൂട്ടും.

എന്താണ് ഒടിടി?

ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന പ്രോഗ്രാമുകളെയും ഉള്ളടക്കത്തെയുമാണ്. നെറ്റ്ഫ്ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്‌സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാന ഉദാഹരണം. പണ്ട് കേബിള്‍ ടിവിക്കു മുൻപ്, ദൂരദര്‍ശന്റെ ടെറസ്ട്രിയല്‍ ട്രാന്‍സ്മിഷന്‍ മാത്രമുണ്ടായിരുന്ന കാലം പോലെയാണിത് ഇപ്പോള്‍. അന്ന് കൂടുതല്‍ പേരും ദൂരദര്‍ശന്റെ ആന്റിനയും നാട്ടി കിട്ടുന്നത് കണ്ടു കഴിഞ്ഞു.

ഇന്ത്യന്‍ നഗരങ്ങളിലുള്ള കുറച്ചു പേര്‍ ഇപ്പോള്‍ തന്നെ ഒടിടി അടിമകളായി കഴിഞ്ഞു. എന്നാല്‍ ഒടിടി ഇപ്പോള്‍ പ്രചരിക്കാത്തതിന് പല കാരണങ്ങളുണ്ട്. ചെലവു കൂടുതലാണെന്നതു തന്നെയാണ് മുഖ്യ കാരണം. ഒരു ശരാശരി ഇന്ത്യന്‍ ടിവി പ്രേക്ഷകന്‍ ഒരു ദിവസം 3.44 മണിക്കൂര്‍ ടിവിക്കു മുന്നിലിരിക്കുന്നു എന്നാണ് കണക്ക്. ദക്ഷിണേന്ത്യക്കാര്‍ ഇക്കാര്യത്തിലും മുന്നിലാണ്. അവര്‍ നാലു മണിക്കൂറിലേറെ ടിവിക്കു മുന്നിലാണ്. ഇത്രയും കണ്ടെന്റ് സ്ട്രീം ചെയ്യണമെങ്കില്‍ ഇപ്പോള്‍ നല്ല കാശു വേണ്ടിവരും. കൂടാതെ അത് ക്ലേശകരവുമാണ് എന്നതാണ് പ്രശ്‌നം. ആമസോണും നെറ്റ്ഫ്ളിക്‌സും ഇപ്പോള്‍ മറ്റു ബ്രോഡ്കാസ്റ്റര്‍മാരുടെയത്ര വൈവിധ്യമുള്ള കണ്ടെന്റ് എത്തിക്കുന്നുമില്ല.

എന്നാല്‍, സാഹചര്യം അതിവേഗം മാറാമെന്നാണ് വിലയിരുത്തല്‍. 2023ല്‍ ഇന്ത്യന്‍ ഒടിടി വിപണി 500 കോടി മൂല്യമുള്ളതാകുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കിക്കൊണ്ടുളള വളര്‍ച്ചയായിരിക്കില്ല. ഉപയോക്താവില്‍ പുതിയ ഇഷ്ടങ്ങളെ വളര്‍ത്തിയായിരിക്കും ഒടിടി പടരുക. ഇന്ത്യക്കാരെ മുന്നില്‍ക്കണ്ടുള്ള കണ്ടെന്റ് ആമസോണും നെറ്റ്ഫ്ളിക്‌സും ധാരാളമായി നിര്‍മിക്കുന്ന കാലവും അധികം അകലെയായിരിക്കില്ല.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2020ല്‍ അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയേക്കാള്‍ കുടുതലാകുമെന്നാണ് ബിസിജി റിപ്പോര്‍ട്ട് പറയുന്നത്. എന്നുപറഞ്ഞാല്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ വരുന്ന വിഡിയോകള്‍ ആളുകള്‍ കൂടുതലായി കാണാന്‍ തുടങ്ങുകയും ടിവിക്കു മുന്നില്‍ തമ്പടിക്കുന്ന പരിപാടി കുറയുകയും ചെയ്യാമന്നു കരുതുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് വരും വര്‍ഷങ്ങളില്‍ അവരുടെ ചാനലുകള്‍ക്കു മുന്നില്‍ ആളുകളെ പിടിച്ചിരുത്തണമെങ്കില്‍ പിടിപ്പതു പണിയുണ്ടാകുമെന്നു സാരം. കണ്ടെന്റ് മെച്ചപ്പെടുത്തുക എന്നതു കൂടാതെ ചാനലുകളുടെ വിലയും കുറയ്‌ക്കേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA