sections
MORE

മലേഷ്യൻ വിമാനം തകർന്നു വീഴുന്നതു നേരിട്ടു കണ്ടു, ജിപിഎസ് തെളിവുമായി റസ്‌ലി

mh370-crash
SHARE

നാലര വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യൻ മൽസ്യത്തൊഴിലാളി. എംഎച്ച്370 വിമാനം കടലിലേക്ക് വീഴുന്നത് കണ്ടുവെന്നും പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലിൽ വീണതെന്നും 42 കാരനായ മൽസ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിൻ പറഞ്ഞു.

എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാൻ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകർന്നു വീണ കടലിലെ കൃത്യമായ സ്ഥലം മൽസ്യത്തൊഴിലാളികൾ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തിൽ രേഖപ്പെടുത്തിയിരുന്നു.

റുസ്‌ലിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ കാഴ്ച കണ്ടെന്നും ജിപിഎസിൽ ഈ സ്ഥലം രേഖപ്പെടുത്തിയെന്നും വെളിപ്പെടുത്തി. നാലര വർഷത്തിനു ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഈ വാർത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകർന്നു വീണത്. എംഎച്ച്370 വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട തായ്‌ലൻഡിലെ ഫൂകെട്ട് ദ്വീപിനു സമീപത്താണ് ഈ പ്രദേശവും. വിമാനം തകർന്നു വീണ സ്ഥലത്തിന്റെ മാപ്പും മാധ്യമപ്രവർത്തകർക്ക് മുന്നിൽ റുസ്‌ലി കാണിച്ചു. ശബ്ദമില്ലാതെയാണ് വിമാനം കടലിലേക്ക് വീണതെന്നും അദ്ദേഹം പറഞ്ഞു.

‘പിടിവിട്ട പട്ടത്തെ പോലെ വിമാനം ഇടത്തു നിന്നു വലത്തോട്ടു നീങ്ങുന്നത് കാണാമായിരുന്നു. ഒരു ശബ്ദവും ഉണ്ടായിരുന്നില്ല. കടലിൽ മുങ്ങും മുൻപെ കറുത്ത പുക പൊങ്ങുന്നത് കാണാമായിരുന്നു’ റുസ്‌ലി പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്താൻ കാത്തിരുന്നത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് റുസ്‌ലി മറുപടി നൽകിയില്ല.

ആ വിമാനത്തിനു എന്തു സംഭവിച്ചു?

വിമാനം മാത്രമല്ല, ഒരുപാടു ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് നാലര വര്‍ഷം മുൻപ് ഒരു മാർച്ച് എട്ടിന് ആകാശത്തു നിന്ന് അപ്രത്യക്ഷമായത്. മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370 എവിടെപ്പോയെന്ന അന്വേഷണത്തിന് ഒടുവിൽ ലഭിച്ച ഉത്തരവും കൗതുകരമായിരുന്നു– ‘എവിടെയാണെന്നറിയില്ല’ എന്നതായിരുന്നു അത്. വിമാനം ആകാശത്തുവച്ചു തകർന്നോ അതോ കടലിലേക്കു വീണോ എന്ന ഔദ്യോഗികമായി അനുമാനത്തിലെത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. കടലിന്നടിയിൽ നിന്നു വർഷങ്ങൾക്കു മുൻപേ കാണാതായ കപ്പലുകൾ പൊക്കിയെടുക്കുന്ന കമ്പനികൾ വരെ കിണഞ്ഞു പരിശ്രമിച്ചു. അത്യാധുനിക ഉപകരണങ്ങൾ വന്നു. പക്ഷേ കടലിന്റെ ആഴങ്ങൾ അതിനെയെല്ലാം നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ടേയിരുന്നു. വിമാനത്തിന് എന്തു സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും അനുമാനങ്ങളും ഉയർന്നുവന്നു.

ക്വാലലംപുരിൽ നിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് ബോയിങ് 777 മോഡൽ വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായികരുന്നു. യാത്രാവഴിയിൽ നിന്നു വ്യതിചലിച്ച വിമാനം തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ഒടുവിൽ വിമാനത്തിലെ ഇന്ധനം അവസാനിച്ചു. പിന്നെയും 140 മൈൽ ദൂരം പറന്നതിനു ശേഷമാണു വിമാനം തകർന്നതെന്നാണു വിഗദ്ധരുടെ നിഗമനം. എന്നാൽ അതിനും മുൻേപ തന്നെ വിമാനം ചുഴിയിലേക്കു പതിച്ചതായാണ് മറ്റൊരു വാദം. 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പല തീരങ്ങളിലായി നേരത്തേ എംഎച്ച് 370യുടെ അവശിഷ്ടങ്ങളടിഞ്ഞിട്ടുണ്ട്. മോറിഷ്യസ്, റീയൂണിയൻ ഐലൻഡ്, ടാൻസാനിയൻ തീരം, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്നെല്ലാം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങൾ എംഎച്ച് 370യുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പക്ഷേ ഇന്നേവരെ കണ്ടെത്താനായിട്ടില്ല. അവയിലാണ് നിർണായക വിവരം ഉണ്ടാവുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA