sections
MORE

മഞ്ഞിലുറഞ്ഞ് വിമാനങ്ങൾ, രക്ഷിക്കാൻ ഡീഐസിങ്; റദ്ദാക്കിയത് 2400 സർവീസുകൾ

deicing
SHARE

മഞ്ഞുകാലത്തെ വിമാന യാത്ര അത്ര സുഖകരമായ ഒന്നല്ല. കടുത്ത മഞ്ഞിനെ തുടർന്നു വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാനോ നിലത്തിറക്കാനോ കഴിയാത്ത അവസ്ഥ പതിവാണ്. വാതിൽ ഉറച്ചുപോയതിനെ തുടർന്ന് കൊടുംതണുപ്പിൽ 250 യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിൽ കുടുങ്ങിയതാണ് ഇതുമായി ബന്ധപ്പെട്ടു ഏറ്റവും അവസാനം റിപ്പോർട്ടു ചെയ്ത സംഭവം. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്, കാനഡയിലാണ് സംഭവം. കനത്ത മഞ്ഞിനെ തുടർന്ന് ഞായറാഴ്ച മാത്രം 2,400 വിമാന സർവീസുകളാണ് റദ്ദാക്കിയത്. മഞ്ഞിലുറഞ്ഞ വിമാനങ്ങൾക്ക് ടേക്ക് ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ്. 

മഞ്ഞോ ഐസോ പാതി മൂടിയ നിലയിൽ കാർ ഒരുപക്ഷേ സുരക്ഷിതമായി ഓടിക്കാനായേക്കുമെങ്കിലും വിമാനത്തിന്‍റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. മഞ്ഞിൽ മൂടുകയാണെങ്കിൽ ഇവ നീക്കം ചെയ്തു സുരക്ഷിത ടേക്ക് ഓഫിന് കളമൊരുക്കാൻ ഡീഐസിങ് എന്ന പ്രക്രിയയാണ് പതിവായി ഉപയോഗിച്ചു വരുന്നത്. മഞ്ഞുകാലം വരുന്നതോടെ വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഡീഐസിങ്ങിനായുള്ള ഉപകരണങ്ങൾ പൊടിതട്ടി എടുത്തു സജ്ജമായിരിക്കുക പതിവാണ്.

എന്താണ് ഡീഐസിങ് ?

വിമാനത്തിന്‍റെ സുപ്രധാന ഭാഗങ്ങളിൽ തണുത്തുറച്ച വസ്തുക്കളൊന്നു (ഐസ്, മഞ്ഞ്. ഉറഞ്ഞ മഞ്ഞ്) ഇല്ലെന്നു ഉറപ്പാക്കുന്ന പ്രവർത്തനമാണ് ഡീഐസിങ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക. ഡീഐസര്‍മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഏതാണ്ട് 2000 ഗാലോൺ ഡീഐസിങ്ങിനു സഹായിക്കുന്ന ദ്രാവകം വഹിക്കാൻ ശേഷിയുള്ള ട്രക്കുകളാണ് ഇവർ ഉപയോഗിക്കുക. ചിറകുകളുടെ അറ്റം മുതൽ വാൽ ഭാഗത്തിന്‍റെ അറ്റംവരെയുള്ള മേഖലകളിൽ ഉറഞ്ഞു കൂടിയ വസ്തുക്കളെ നീക്കം ചെയ്യാനായി ഹൈട്രോളിക് ലിഫ്റ്റുകൾ, പമ്പുകൾ, ഹീറ്ററുകൾ എന്നിവയും ഇവരുടെ ആയുധ ശേഖരത്തിൽ ഉണ്ടായിരിക്കും. 

de-icing

ഡീഐസിങ് ദ്രാവകവും നിറങ്ങളും

രണ്ടു തരം ദ്രാവകങ്ങളാണ് ഡീഐസിങ്ങിനായി പ്രധാനമായും ഉപയോഗിക്കുന്നത് – ടൈപ്പ് ഒന്നും ടൈപ്പ് നാലും. പ്രൊപ്പെലിൻ ഗ്ലൈക്കോളാണ് പ്രധാന ഘടകം. വിമാനത്തിലുള്ള മഞ്ഞ് ഉരുക്കി നീക്കം ചെയ്യുന്നതിനാണ് ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു നിറത്തിലുള്ള ടൈപ്പ് ദ്രാവകം ഉപയോഗിക്കുന്നത്. 82 ഡിഗ്രി വരെ ചൂടാക്കി വെള്ളം കലർത്തിയാണ് ഈ ദ്രാവകം ഉപയോഗിക്കുന്നത്. വെള്ളം ഐസാകുന്ന അവസ്ഥ കുറയ്ക്കാൻ ഗ്ലൈക്കോളിന്‍റെ രാസഘടന സഹായിക്കുന്നു. ചൂടും ഉയർന്ന, സമ്മർദവും കൂടിയാകുമ്പോൾ ഐസ് ഉരുക്കി നീക്കം ചെയ്യൽ എളുപ്പമാകുന്നു. ടൈപ്പ് ഒന്നിനെ അപേക്ഷിച്ച് സാന്ദ്രത കൂടിയ ദ്രാവകമാണ് ടൈപ്പ് ഫോർ. അതിനാൽ തന്നെ ഇതിൽ വെള്ളം ചേർക്കാറില്ല. പച്ച നിറത്തിലുള്ള ഈ ദ്രാവകം ആന്റി ഐസിങ് ദ്രാവകമെന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കനത്ത മഞ്ഞു വീഴ്ചയുള്ള സമയങ്ങളിലാണ് വിമാനത്തിൽ കൂടുതൽ മഞ്ഞോ ഐസോ അടിയുന്നത് തടയാനായി ഈ ദ്രാവകം ഉപയോഗിക്കുന്നത്. 

ഡീഐസർമാർക്കു ലഭിക്കുന്ന പരിശീലനം

ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് യുഎസില്‍ ഡീഐസർമാർക്കുള്ള നിബന്ധനകളും ചട്ടങ്ങളും നിഷ്കർഷിക്കുന്നത്. ഈ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിശീലനത്തിനു പുറമെ ദ്രാവകം, ഉപകരണങ്ങൾ, വിമാനത്താവളങ്ങളിലെ പ്രവർത്തന രീതി, വിവിധ തരത്തിലുള്ള വിമാനത്തിന്‍റെ പ്രത്യേകതകൾ തുടങ്ങി ഡീഐസിങിനെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കി കംപ്യൂട്ടർ‌ അടിസ്ഥാനമായുള്ള പരിശീലനവും നൽകും. ഇതുകൂടാതെ ഡീഐസിങ് ട്രക്ക്, മറ്റു അടിസ്ഥാന സാമഗ്രികൾ എന്നിവയെക്കുറിച്ചുള്ള അവബോധനത്തിനായി ഏതെങ്കിലും ഒരു ഡീഐസിങ് സ്ഥാപനത്തിൽ പ്രവർത്തന പരിചയവും നൽകും. ഒരു ഡീഐസിങ് ട്രക്ക് സ്വന്തമായി പ്രവർത്തനസജ്ജമാക്കാൻ സഹായിക്കുന്ന പരിശീലനം ഏതാണ്ട് ഒരു മാസത്തോളമെടുക്കും. 

Aeroflot-Airbus

ആർക്കാണ് ആ നിർണായക തീരുമാനത്തിനുള്ള അധികാരം?

പരിപൂർണ മാലിന്യ വിമുക്തമായ വിമാനം എന്ന ആശയമാണ് ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പിന്തുടരുന്നത്. വിമാനം ഡീഐസിങ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം കൈകൊള്ളേണ്ടത് ക്യാപ്റ്റന്‍റെ മാത്രം ഉത്തരവാദിത്തമാണ്. വിമാനത്തിലെ മറ്റു ജോലിക്കാർക്കു ഇക്കാര്യത്തിൽ ക്യാപ്റ്റനെ ഉപദേശിക്കുകയോ തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുകയോ ചെയ്യാമെങ്കിലും അന്തിമ തീരുമാനം ക്യാപ്റ്റന്റെ മാത്രമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA