sections
MORE

ഡേറ്റ ക്രൂഡ് ഓയിലല്ല സൂര്യപ്രകാശമാണ്! ഗൂഗിളിന്റേത് വിചിത്ര വാദം; ലക്ഷ്യം പണം, അധികാരം

google-cfo-ceo
SHARE

ടെക്‌നോളജി വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കറിയാം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാദമാണ്, ഡേറ്റയാണ് അടുത്ത എണ്ണ (ക്രൂഡ് ഓയില്‍) എന്നത്. എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങള്‍ എണ്ണവിറ്റു കാശുകാരായതു പോലെ ഡേറ്റാ ഖനനത്തിലൂടെ കാശും അധികാരവും മറ്റും വാരാമെന്നാണ് ഈ പ്രയോഗം അര്‍ഥമാക്കുന്നത്.

ഉദാഹരണമായി ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും കാര്യം തന്നെ നോക്കാം. പ്രത്യക്ഷത്തില്‍ അവരൊന്നും വിറ്റു കാശു വാങ്ങുന്നില്ല. പക്ഷേ, അവരുടെ മുതലാളിമാര്‍ ലോകത്തെ ഏറ്റവും വലിയ കാശുകാര്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നതിനെക്കാള്‍ പണമുണ്ടാക്കുന്നു. ഉപയോക്താവിനെക്കൊണ്ടു സേര്‍ച്ചു ചെയ്യിച്ച്, മെയില്‍ അയപ്പിച്ച്, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യിപ്പിച്ച് അവര്‍ പരസ്യങ്ങളിലൂടെയും ഉപയോക്താക്കളുടെ ഡേറ്റയിലൂടെയും പണമുണ്ടാക്കുന്നു. ഇരു കമ്പനികളും വളര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശീലിപ്പിക്കാനും സ്വകാര്യ ഡേറ്റയിലേക്കു കടക്കുന്നു. 

ഒരിക്കലും ഇതേക്കുറിച്ചൊന്നും ഉപയോക്താവിനോട് സമ്മതം ചോദിക്കുന്നില്ല. (ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അതുണ്ടാകാം. പക്ഷേ, തങ്ങള്‍ ഇതു ചെയ്യാന്‍ പോകുന്നുവെന്ന് ഉപയോക്താവിനെ വ്യക്തമായി അറിയിച്ചേ മതിയാകൂ എന്ന നിലപാടെടുക്കാൻ ഒരുങ്ങുകയാണ് ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍.) ഡേറ്റ ഉപയോഗിച്ച് രാജ്യങ്ങളില്‍ ആരു ഭരിക്കണമെന്നു വരെ തീരുമാനിക്കാവുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പല രാജ്യങ്ങളും സ്വകാര്യ ഡേറ്റാ ഖനനത്തിന് വിലക്കേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വിലയേറിയ വസ്തുവായി ഡേറ്റ മാറുന്നുവെന്നാണ് പറയുന്നത്. സമീപ കാലത്ത് ഇന്ത്യയില്‍ ഡേറ്റയെക്കുറിച്ച് ഉയര്‍ന്ന വാദങ്ങളും ഓര്‍ക്കുക. പെട്രോളിയത്തെക്കാള്‍ വിലയേറിയ ഒന്നായി തീരുകയാണ് ഡേറ്റ.

അപ്പോഴാണ് ഗൂഗിള്‍ പുതിയ വാദവുമായി കടന്നുവന്നിരിക്കുന്നത്. ഡേറ്റയ്ക്ക് എണ്ണയേക്കാള്‍ സാമ്യം സൂര്യപ്രകാശത്തോടാണ് (Data is more like sunlight than oil) എന്നാണ് കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ഓഫിസറായ റൂത് പൊറാട്ട്, വേള്‍ഡ് ഇകണോമികസ് ഫോറത്തില്‍ അവകാശപ്പെട്ടത്. ഡേറ്റാ സൂര്യപ്രകാശത്തെ പോലെയാണ്. നമ്മള്‍ കൂടുതല്‍ ഉപയോഗിക്കും തോറും അത് പുനര്‍ജ്ജീവിപ്പിക്കപ്പെടുന്നുവെന്നാണ് അവര്‍ വാദിച്ചത്.

എണ്ണ രാജ്യങ്ങളെ പോലെ ഇപ്പോള്‍ ആധുനിക കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ സിരാകേന്ദ്രമായ സിലിക്കണ്‍ വാലിയിലെ കമ്പനികളായ ഗൂഗിളും ഫെയ്‌സ്ബുക്കും ആമസോണും എല്ലാം ഡേറ്റയില്‍ നിന്ന് അതിശീഘ്രം ധനികരായെന്നു കാണാം. ഡേറ്റ ഉപയോഗിക്കുക മാത്രമല്ല അതു ജനിപ്പിക്കാനും നിയന്ത്രിക്കാനും അവര്‍ക്കു സാധിക്കുന്നു. ഒരു ഫെയ്‌സ്ബുക് പോസ്റ്റ് അല്ലെങ്കില്‍ വാട്‌സാപ് മെസേജ്, അല്ലെങ്കില്‍ ഒരു സേര്‍ച് പ്രത്യക്ഷത്തില്‍ ഇതെല്ലാം വളരെ നിഷ്‌കളങ്കമാണ്. പക്ഷേ, ഇതെല്ലാം ഡേറ്റയാണ്. നിര്‍ബാധം തുടരുന്ന ഈ ഡേറ്റാ ഉൽപ്പാദനവും ശേഖരണവും നിയന്ത്രണവുമൊക്കെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പല രാജ്യങ്ങളും കരുതുന്നത്. 

ഡേറ്റ എണ്ണയാണെന്ന വാദത്തില്‍, അതു നിയന്ത്രിക്കുന്നവര്‍ക്കു കിട്ടുന്ന ശാക്തീകരണത്തെക്കുറിച്ചാണ് പറയുന്നത്. പുതിയ വാദത്തിലൂടെ ഗൂഗിള്‍ അതു വളച്ചൊടിക്കുകയാണ്. എണ്ണ ഒരു നിശ്ചിത അളവു മാത്രമെ ഉള്ളല്ലോ. ഒരിക്കല്‍ അതു ഖനനം ചെയ്തു തീരും. അതു പോലെയല്ല ഡേറ്റ എന്നുമാണ് അവര്‍ വാദിക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ എണ്ണ മുതലാളിമാരോട് നേരിട്ടൊരു താരതമ്യവും ഗൂഗിളിനു താത്പര്യമില്ലെന്നും കാണാം. പൊറാട്ട് പറയുന്നത് ഗൂഗിള്‍ നല്ല കാര്യം ചെയ്യാനും ഡേറ്റ ഉപയോഗിക്കുന്നുണ്ട് എന്നാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള ഒരു അല്‍ഗോറിതം തങ്ങള്‍ നിര്‍മിക്കുന്നുവെന്ന ഉദാഹരണവും എടുത്തു കാട്ടുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഡേറ്റാ പ്രൊട്ടക്‌ഷന്‍ നിയമം, കാര്യമായി സിലിക്കണ്‍വാലി സിംഹങ്ങളെ ബാധിച്ചിട്ടില്ലെന്ന വാദം ഉയര്‍ന്നു കേട്ടു തുടങ്ങിയിരുന്നു. എന്നാല്‍, വരും മാസങ്ങളില്‍ സ്ഥിതി മാറുമെന്നും വാര്‍ത്തകളുണ്ട്. ജിഡിപിആറിന്റെ സ്വകാര്യതയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ഉപയോഗിച്ച് ഗൂഗിളിന്റെ ചെയ്തികള്‍ പരിശോധിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതാണ് ആദ്യത്തെ ഗൗരവമുള്ള ടെസ്റ്റ് എന്നാണ് പറയുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വേണം ഗൂഗിളിന്റെ പുതിയ വാദത്തെ കാണാന്‍.

ഈ ആഴ്ച ഫ്രാന്‍സിന്റെ ഡേറ്റാ റെഗുലേറ്റര്‍ ഗൂഗിളിന് 5.7 കോടി ഡോളര്‍ പിഴയിട്ടിരുന്നു. ആളുകളുടെ ഡേറ്റ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ പരാജയപ്പെട്ടതിനും പരസ്യങ്ങള്‍ കാണിക്കാന്‍ ഉപയോക്താക്കളുടെ സമ്മതം വാങ്ങുന്നില്ല എന്നതിനുമാണ് പിഴ. ജിഡിപിആര്‍ സിലിക്കന്‍ വാലി രാജാക്കന്മാര്‍ക്ക് തലവേദന നല്‍കാന്‍ പോകുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്നും വാദമുണ്ട്.

പൊറാട്ട് ഫ്രാന്‍സ് ഇട്ട പിഴയെക്കുറിച്ച് നേരിട്ടു പരാമര്‍ശിച്ചില്ല. എന്നാല്‍ ജിഡിപിആറിനെ പുകഴ്ത്തുകയും ചെയ്തു. അമേരിക്കയും ജിഡിപിആര്‍ പോലത്തെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുകയാണ്. പോറാട്ട് പറഞ്ഞത് അമേരിക്കയുടെ സ്വകാര്യതാ നിയമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ്. വിശ്വാസം പരമപ്രധാനമാണ് എന്നാണ് അവര്‍ പറഞ്ഞത്. എല്ലാ രാജ്യങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ ബിസിനസ് മോഡലിന് തടയിടാമെന്നാണ് പറയുന്നത്. മിക്ക രാജ്യങ്ങളിലുമുള്ള നിയമങ്ങള്‍ക്കെതിരെയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും സ്വകാര്യത മൗലികാവകാശമായി പരമോന്നത കോടതി പ്രഖ്യാപിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA