sections
MORE

പകുതി വിലയ്ക്ക് ഡിടിഎച്ച്, 230 ചാനലുകൾ ഫ്രീ, ട്രായിയെ തള്ളി കമ്പനികൾ

dth
SHARE

ട്രായിയുടെ കേബിൾ, ഡിടിഎച്ച് പുതിയ നിയമങ്ങളെ നേരിടാൻ വൻ പദ്ധതികളുമായി വിവിധ കമ്പനികൾ രംഗത്ത്. ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകളും കണക്‌ഷനും നൽകാൻ ഡിടിഎച്ച് കമ്പനികൾ മൽസരിക്കുകയാണ്. സൺ ഡയറക്ട്, ടാറ്റാ സ്കൈ കമ്പനികൾ ഇതിനികം തന്നെ വൻ ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രായിയുടെ നിയമം പാലിക്കാതെ, വരിക്കാർക്ക് വേണ്ടുവോളം ഫ്രീ ടു എയർ ചാനലുകൾ നൽകുമെന്ന് അറിയിച്ചു കഴിഞ്ഞു.

ട്രായി വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 230 ഫ്രീ ടു എയർ ചാനലുകളാണ് ഉള്ളത്. വരിക്കാർക്ക് ഇതെല്ലാം വേണ്ടതുണ്ടെങ്കിൽ ഫ്രീയായി നൽകുമെന്നാണ് ടാറ്റാ സ്കൈയും സൺ ഡയറക്ടും അറിയിച്ചിരിക്കുന്നത്. ട്രായിയുടെ കേബിൾ, ഡിടിഎച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വൻ ഓഫറുകളുമായി കമ്പനികൾ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

ട്രായിയുടെ ഉത്തരവ് പ്രകാരം 154 രൂപയ്ക്ക് 100 ഫ്രീ എയർ ടു എയർ ചാനലുകൾ നൽകണമെന്നാണ്. കൂടുതൽ എഫ്ടിഎ ചാനലുകൾ വേണ്ടവർ അധികതുക നൽകുകയും വേണം. എന്നാൽ സൺ ഡയറക്ട്, ടാറ്റാ സ്കൈ നൽകുന്ന എല്ലാ എഫ്ടിഎ ചാനലുകളും 154 രൂപയ്ക്ക് നൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വരിക്കാരെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ള സൺ ഡയറക്ടിന്റെയും ടാറ്റാ സ്കൈയുടെയും പുതിയ ഓഫർ മറ്റു കമ്പനികൾക്കും വൻ വെല്ലുവിളിയാണ്. അതായത് സൺ നൽകുന്ന എല്ലാ ഫ്രീ ചാനലുകളും ആസ്വദിക്കാം. മറ്റു കമ്പനികളെല്ലാം 154 രൂപയ്ക്ക് 100 ചാനലുകളാണ് നൽകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവും കൂടുതൽ വരിക്കാരുളള ഡിടിഎച്ച് സർവീസുകളാണ് സൺ ഡയറക്ടും ടാറ്റാ സ്കൈയും.

എന്നാൽ പേചാനലുകൾ ലഭിക്കാൻ കൂടുതൽ തുക നൽകേണ്ടിവരും. മറ്റു കമ്പനികളുടെ 150 എഫ്ടിഎ ചാനലുകൾ ലഭിക്കാൻ ഏകദേശം 210 രൂപ വരെ നൽകണം. എന്നാൽ സൺ ഡയറക്ട് 154 രൂപയ്ക്ക് മുഴുവൻ ചാനലുകളും നൽകും. ഇതോടൊപ്പം സണ്ണിന്റെ കീഴിലുള്ള 35 ചാനലുകൾ വൻ ഓഫർ നിരക്കിൽ നൽകാനും നീക്കം നടത്തുന്നുണ്ട്. നിലവിൽ സൺ ടിവിയുടെ കീഴിലുള്ളത് 35 ചാനലുകളാണ്. ഇതിനു ഈടാക്കുന്നത് 22.40 രൂപയാണ്. മൊത്തം മുന്നോറോളം ചാനലുകളാണ് സൺ ഡയറക്ട് നൽകുന്നത്. ഇതിൽ 150 ചാനലുകൾ എഫ്ടിഎ ചാനലുകളാണ്.

ചാനൽ പാക്കേജിന്റെ ബേസിക് 100 ചാനലുകളാണ്. എച്ച്ഡി ആണെങ്കിൽ 50 ചാനലുകളും ലഭിക്കും. അതേസമയം, പുതിയ വരിക്കാരെ സ്വന്തമാക്കാൻ ടാറ്റാ സ്കൈ മറ്റൊരു ഓഫർ കൂടി മുന്നോട്ടു വെച്ചിട്ടുണ്ട്. നേരത്തെ 2935 രൂപയ്ക്ക് നൽകിയിരുന്ന കണക്ഷൻ ഇപ്പോൾ 42 ശതമാനം ഇളവോടെ 1690 രൂപയ്ക്കാണ് നൽകുന്നത്. എച്ച്ഡി അൾട്രാ പാക്കിൽ 241 എസ്ഡി ചാനലുകൾ, 55 എച്ച് ഡി ചാനലുകള്‍, രണ്ടു റീജ്യനൽ പാക്ക് ഫ്രീ, രണ്ടു ഡിവൈസിൽ ടാറ്റാ സ്കൈ മൊബൈൽ ആപ് തുടങ്ങി സേവനങ്ങൾ ലഭ്യമാണ്. ഇതോടൊപ്പം ക്യാഷ് ഡെലിവറിയായും ഡിടിഎച്ച് ഡിവൈസ് വീട്ടിലെത്തിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA