Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ വിൽപന കുറഞ്ഞു; പക്ഷേ ആപ്പിളിന് ഇരട്ടി മധുരം!

apple-phone

ഐഫോണ്‍ വില്‍പ്പനയില്‍ വന്ന ഇടിവ് കമ്പനിയെ ബാധിച്ചേക്കാമെന്നു ഭയപ്പെട്ടിരുന്ന തങ്ങളുടെ നിക്ഷേപകരോട്, സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തിനപ്പുറമുള്ള കമ്പനിയുടെ പ്ലാനുകള്‍ വിശദീകരിച്ചപ്പോള്‍ ആപ്പിളിന്റെ ഓഹരികളുടെ വില 4.8 ശതമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അവസാന നാലു മാസത്തെ (Q4 2018) സ്മാര്‍ട്ഫോണ്‍ വില്‍പ്പനയില്‍ സാംസങിനെ പിന്തള്ളി ആപ്പിള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു എന്ന് മാര്‍ക്കറ്റ് വിശകലന കമ്പനിയായ ക്യനാലിസ് (Canalys) പറയുന്നു. ഈ കാലയളവില്‍ ലോക സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റ് 6 ശതമാനം ഇടിഞ്ഞു. ഈ മാസങ്ങളില്‍ 71.7 ദശലക്ഷം ഐഫോണുകള്‍ വിറ്റ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. സാംസങ് ആകട്ടെ, 70.3 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് രണ്ടാം സ്ഥാനത്തുണ്ട്.

വാവെയ്--60.5 ദശലക്ഷം

ഒപ്പോ   --31.8 ദശലക്ഷം

ഷവോമി--26.4 ദശലക്ഷം

മറ്റുള്ളവര്‍--101.8 ദശലക്ഷം

മൊത്തം--362.5 ദശലക്ഷം

Samsung-Galaxy-J7-pro

ആപ്പിളിനും സാംസങിനും പിന്നില്‍ അടുത്ത മൂന്നു സ്ഥാനങ്ങളും ചൈനീസ് കമ്പനികളാണ് എന്നും കാണാം. വില്‍പ്പന കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, അടുത്തകാലത്ത് ഇറങ്ങിയ മോഡലുകളില്‍ ഉപയോക്താക്കൾക്ക് പ്രാധാന്യമുള്ള പുതിയ ഫീച്ചറുകള്‍ വരുന്നില്ല എന്ന നിഗമനത്തിലാണ് മുഖ്യ കമ്പനികൾ. നാമമാത്രമായ പ്രകടന വ്യത്യസത്തിനു വേണ്ടി വര്‍ഷാവര്‍ഷം ഫോണ്‍ അപ്‌ഗ്രേഡു ചെയ്യാതിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അമേരിക്ക-ചൈനാ വാണിജ്യ യുദ്ധം, വികസിത രാജ്യങ്ങളിലെ ഉപയോക്താക്കള്‍ അപ്‌ഗ്രേഡു ചെയ്യാന്‍ പഴയ ഉത്സാഹം കാണിക്കുന്നില്ല. റീഫര്‍ബിഷ് ചെയ്ത ഫോണുകളുടെ വില്‍പ്പനയില്‍ പെട്ടെന്നുണ്ടായ ഉണര്‍വ് തുടങ്ങിയവയൊക്കെ സ്മാര്‍ട്ഫോണ്‍ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. പ്രതീക്ഷയ്‌ക്കൊത്തുയരില്ല എന്നു കരുതിയിരുന്നെങ്കിലും ഐഫോണ്‍ XR ന്റെ വില്‍പ്പന കൂടിയതും ആപ്പിളിനു ഗുണമായി- 22 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ഈ കാലയളവില്‍ ഷിപ്പിങ് നടത്തിയത്. ഐഫോണ്‍ XS മാക്‌സ് 14 ദശലക്ഷവും XS, 9 ദശലക്ഷവും ഷിപ്പ് ചെയ്തു. ഉപയോക്താക്കള്‍ക്ക് വലുപ്പക്കൂടുതലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ തന്നെയാണ് എന്ന് അടിവരയിടുന്ന ഒരു തെളിവായി ഇത്.

ഇനി ചൈനീസ് കമ്പനികളുടെ കാലം?

ഇതേ കാലയളവില്‍ സാംസങിന്റെ ഷിപ്‌മെന്റ് 5 ശതമാനമാണ് കുറഞ്ഞത്. വാവെയ്, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികള്‍ വില കുറച്ച് ഫോണ്‍ വിറ്റതാണ് സാംസങിന് വിനയായത് എന്നാണ് ക്യനാലിസ് പറയുന്നത്. പൊതുവെ മാന്ദ്യം പിടിച്ചു തുടങ്ങിയ സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റില്‍ കുതിച്ചു കയറിയത് വാവെയ് ആണ്. അവസാന നാലു മാസം 34.5 ശതമാനം വളര്‍ച്ചയാണ് അവര്‍ രേഖപ്പെടുത്തിയതെങ്കില്‍, കഴിഞ്ഞ വര്‍ഷം മൊത്തത്തിലുള്ള കണക്കെടുത്താല്‍ അവരുടെ കുതിപ്പ് 47 ശതമാനമാണ്! ടെക്‌നോളജിയിലെ പുതിയ ലീഡറാണ് എന്ന ഖ്യാതിയാണ് അവര്‍ക്കു ശക്തി പകരുന്നത്. എല്ലാ വിലയ്ക്കുമുള്ള ഫോണുകളുടെ വില്‍പ്പനയിലും അവര്‍ മികവു പുലര്‍ത്തി. ഷവോമിയാണ് അതിശക്തമായ വളര്‍ച്ച കാണിക്കുന്ന മറ്റൊരു കമ്പനി. ഈ കാലയളവില്‍ അവരുടെ വളര്‍ച്ച 31.6 ശതമാനമായിരുന്നു. 6.9 ശതമാനമാണ് ഒപ്പോയുടെ വളര്‍ച്ച.

redmi-note-7-

ആപ്പിളിന്റെ ഓഹരികള്‍ക്ക് കുതിപ്പ്

ആപ്പിളിന്റെ പ്രധാന ഉപകരണമായ ഐഫോണ്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര ശോഭിക്കുന്നില്ല എന്ന വാര്‍ത്ത പരന്നതോടെ കമ്പനി ഓഹരികകളുടെ വിലയിടിഞ്ഞിരുന്നു. ആപ്പിളിന്റെ മുന്‍ വര്‍ഷത്തെ പ്രകടനവുമായി താരതമ്യം ചെയ്താല്‍, ഐഫോണില്‍ നിന്നുള്ള വരുമാനം 15 ശതമാനം കുറയുകയാണ് ഉണ്ടായത്. എന്നാല്‍, മാക് വില്‍പ്പനയില്‍ 9 ശതമാനവും ഐപാഡ് വില്‍പ്പനയില്‍ 17 ശതമാനവും വെയറബ്ള്‍സ് (ആപ്പിള്‍ വാച്, എയര്‍പോഡ്‌സ്) വില്‍പ്പനയില്‍ 50 ശതമാനവും വളര്‍ച്ചയുണ്ടായതായി കമ്പനി പറഞ്ഞു. പലരും പ്രതീക്ഷിച്ചതിനെക്കാള്‍ നല്ല പ്രകടനമാണിത് എന്നാണ് വിശകലന വിദഗ്ദ്ധനായ മൈക്കള്‍ ഒള്‍സണ്‍ പറയുന്നത്. 

ആപ്പിള്‍ പേ, ആപ്പിള്‍ മ്യൂസിക് എന്നിവയുടെ ഉപയോക്താക്കള്‍ വര്‍ദ്ധിച്ചു. 2020 ആകുമ്പോൾ ഇതിന്റെ ഉപയോക്താക്കളുടെ എണ്ണം അര ബില്ല്യന്‍ എത്തുമെന്നാണ് പ്രവചനം. ആപ്പിള്‍ പേ 1.8 ബില്ല്യന്‍ ട്രാന്‍സാക്ഷന്‍സ് ആണ് കഴിഞ്ഞ വര്‍ഷത്തെ അവസാന ക്വാര്‍ട്ടറില്‍ നടത്തിയത്. ഐക്ലൗഡിനും ഉപയോക്താക്കള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഹാര്‍ഡ്‌വെയറിലൂടെ മാത്രമല്ല കമ്പനി വരുമാനമുണ്ടാക്കുന്നത് എന്നും ക്ലൗഡ് സര്‍വീസും, മ്യൂസിക് വില്‍പ്പനയും മറ്റും വരും വര്‍ഷങ്ങളില്‍ ശോഭിക്കുമെന്നും മറ്റുമുള്ള സന്ദേശമാണ് അവര്‍ നല്‍കുന്നത്. ആപ്പിള്‍ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കുന്നുണ്ട് എന്നും വാര്‍ത്തകളുണ്ട്. സെല്‍ഫ്-ഡ്രൈവിങ് കാറുകളും നിര്‍മിക്കുന്നുണ്ട്. അതു അത്ര നല്ല രീതിയിലല്ല പുരോഗമിക്കുന്നതെന്നാണ് അനുമാനം. കഴിഞ്ഞാഴ്ച മാത്രം കമ്പനി പുറത്താക്കിയത് 200 ഉദ്യോഗസ്ഥരെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.