ADVERTISEMENT

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ ഒരു ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ വികസിപ്പിച്ചെടുക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ കൂടുതൽ ഗ്രാമങ്ങളെ കൊണ്ടുവരും. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഗ്രാമങ്ങളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരും.

കോമ്മൺ സെര്‍വീസ് സെന്ററിന്റെ (സിഎസ്‌സിഎസ്) കീഴിലാണ് പദ്ധതി നടപ്പിലാക്കുക. സിഎസ്‌സിഎസ് ആണ് ഗ്രാമങ്ങൾക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കുക. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിലാണ് കോമ്മൺ സെര്‍വീസ് സെന്റർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളിലേക്ക് വേണ്ട ഇലക്ട്രോണിക് സേവനങ്ങൾ നൽകുന്നത് കോമ്മൺ സെര്‍വീസ് സെന്റർ ആണ്.

കുറഞ്ഞ നിരക്കിൽ മൊബൈൽ ഡേറ്റ ലഭ്യമാക്കുന്നതിൽ ഇന്ത്യ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡേറ്റയും വോയിസ് കോളും ഇന്ത്യയിൽ ലഭ്യമാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. മൊബൈലും പാർട്സും നിർമിക്കുന്ന കമ്പനികളുടെ എണ്ണം രണ്ടിൽ നിന്ന് 268 ആയി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഡിജിറ്റൽ ഗ്രാമത്തിനു സംഭവിച്ചതെന്ത്?

നഗര കേന്ദ്രത്തിൽ നിന്ന് 40 കിലോമീറ്ററോളം അകലെയാണു സുരാഖ്പുർ. വെസ്റ്റ് ഡൽഹിയിൽ നജഫ്ഗഡിനു സമീപമുള്ള കൊച്ചുഗ്രാമം. ഡൽഹിയിലെ ആദ്യ ഡിജിറ്റൽ ഗ്രാമമെന്ന വിശേഷണം സ്വന്തമാക്കിയ സ്ഥലം. പക്ഷേ, ഇന്റർനെറ്റ് സംവിധാനം വേണ്ടത്രയില്ലെന്നു ബോധ്യമാകും ഇവിടെയെത്തുമ്പോൾ. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് സൂചിക താഴേക്കു ‘കുതിക്കും’. എത്തിപ്പെടാൻ ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അത്യാവശ്യങ്ങൾക്ക് അൽപ്പം ചില്ലറ കയ്യിൽ കരുതുന്നതാണ് ഉചിതം. രാജ്യത്തെ ആദ്യത്തെ നോട്ട് രഹിത ഗ്രാമമെന്നു വിശേഷണമുള്ള ഗുജറാത്തിലെ അകോദര ഉൾപ്പെടെയുള്ള ഡിജിറ്റൽ ഗ്രാമങ്ങളുടെയെല്ലാം സ്ഥിതിയും വ്യത്യസ്തമല്ല.

2017 ഫെബ്രുവരി ഏഴിനാണു സുരാഖ്പൂരിനെ ഡൽഹിയിലെ ആദ്യ സമ്പൂർണ ‍ഡിജിറ്റൽ പേയ്മെന്റ് ഗ്രാമമായി പ്രഖ്യാപിച്ചത്. ഡൽഹി സർക്കാരിന്റെ നേതൃത്വത്തിൽ 20 ബാങ്കുകളെ ഇവിടേക്കു ക്ഷണിച്ച് ഗ്രാമത്തിലെ 113 കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കി. ഇത് ആധാർ നമ്പരുമായി ബന്ധിപ്പിച്ചു. ഇ- വോലറ്റ്, മൊബൈൽ ബാങ്കിങ്, ഭീം ആപ് തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി. ഗ്രാമത്തിലെ രണ്ട് പലചരക്കു കടകളിൽ ഡിജിറ്റൽ പേയ്മെന്റ് ഉറപ്പാക്കാൻ പിഒഎസ് മെഷീനുകൾ നൽകി.

പക്ഷേ, ആഘോഷങ്ങൾ അവസാനിച്ചതോടെ ഗ്രാമത്തിന്റെ ഡിജിറ്റൽ പെരുമ പതിയെ ഇല്ലാതായി.  ശരിയായ ഇന്റർനെറ്റ് സംവിധാനം ഇല്ലെന്നതാണ് പ്രധാന വെല്ലുവിളി. പിഒഎസ് മെഷീനുകൾ കാഴ്ചക്കാരായി. സ്ത്രീ ശാക്തീകരണവും  ഡിജിറ്റൽ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രാമത്തിലെ മിക്ക സ്ത്രീകൾക്കും ബാങ്ക് അക്കൗണ്ട് ഇല്ല.

രാജ്യത്തെ ആദ്യ ഡിജിറ്റൽ ഗ്രാമമെന്നു വിശേഷണമുള്ള അകോദരയിലെ 20 ശതമാനം പേർ മാത്രമാണു  ഡിജിറ്റൽ മാർഗത്തിലൂടെ ഇടപാടുകൾ നടത്തുന്നതെന്നാണു കണക്കുകൾ. 2015 ജനുവരിയിലാണു അകോദരയെ  രാജ്യത്തെ ആദ്യ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിച്ചത്, നോട്ട് നിരോധനത്തിനും മുൻപ്. അഹമ്മദാബാദിൽ നിന്നു 90 കിലോമീറ്റർ അകലെ സബർകന്ദ ജില്ലയിലെ ഗ്രാമത്തിൽ മൊബൈൽ സന്ദേശം വഴി ഇടപാടുകൾ നടത്തുന്നതായിരുന്നു പ്രത്യേകത. ഒരു ബാങ്ക് നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. സൗജന്യ വൈഫൈ, എല്ലാവർക്കും അക്കൗണ്ട് എന്നിവയെല്ലാം ഒരുക്കി. കടയിൽ നിന്നു 10 രൂപയ്ക്കു സാധനം വാങ്ങുന്ന ആൾപോലും ആദ്യം കടയുടമയുടെ അക്കൗണ്ട് നമ്പർ സഹിതം ബാങ്കിലേക്ക് ഒരു സന്ദേശം നൽകുകയാണു ചെയ്യുന്നത്. കടയുടമയുടെ അക്കൗണ്ടിലേക്കു പണം എത്തും.

പക്ഷേ, പണി പാളിയത് സൗജന്യങ്ങൾ പതുക്കെ അപ്രത്യക്ഷമായപ്പോഴാണ്. ഒരു എസ്എംഎസിന് ഒരു രൂപ വീതം ഈടാക്കാൻ തുടങ്ങി. പോരാത്തതിനു സൗജന്യ വൈഫൈ സംവിധാനവും അവസാനിപ്പിച്ചു. 2017 ലെ കണക്കുകൾ പ്രകാരം 1500 അന്തേവാസികളിൽ 20% പേർ മാത്രമാണ് ഇപ്പോഴും ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.

തെലങ്കാനയിലെ ഇബ്രാഹിംപൂരിനു പെരുമ രണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം, ഇന്ത്യയിലെ രണ്ടാമത്തെ നോട്ട് രഹിത ഗ്രാമം. പക്ഷേ, മാസങ്ങൾ മാത്രം നീണ്ടുനിന്ന് ഈ തിളക്കത്തിനൊടുവിൽ ഇവർ ഡിജിറ്റൽ ഇടപാടിൽ നിന്നു ‘ലോഗ് ഔട്ട്’ ചെയ്തു. ഹൈദരാബാദിൽ നിന്നു 125 കിലോമീറ്റർ അകലെയുള്ള  ഇബ്രാഹിംപൂരിനെ 2017 ജനുവരിയിലാണു നോട്ട് രഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. ആന്ധ്രാബാങ്കിന്റെ നേതൃത്വത്തിൽ  കച്ചവട സ്ഥാപനങ്ങൾക്കും ഗ്രാമത്തിലെ ഓട്ടോഡ്രൈവർക്കുമെല്ലാം പിഒഎസ് മെഷീൻ വിതരണം ചെയ്തു. പരിശീലനങ്ങളും മുറയ്ക്കു നൽകി. പക്ഷേ, ഇവരെല്ലാം പിഒഎസ് തിരികെ നൽകിയെന്നതാണ് ഒടുവിലത്തെ വർത്തമാനം. എന്താ കാരണമെന്നോ? പിഒഎസ് മെഷീനുകൾക്കു  മാസം 1400 രൂപ വീതം ആന്ധ്ര ബാങ്ക് ഈടാക്കാൻ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com