Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈക്കാരൻ പിച്ചൈയ്ക്ക് ഗൂഗിളിൽ ജോലി കിട്ടിയത് എങ്ങനെ?

sundar-pichai

ഇന്ത്യൻ വംശജനായ ഇപ്പോഴത്തെ ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈ ഒരു ക്രിക്കറ്റ് പ്രേമിയാണ്. കുട്ടിക്കാലത്ത് ക്രിക്കറ്റ് താരമാകണമെന്നായിരുന്നു തന്റെ സ്വപ്‌നമെന്നും സുനില്‍ ഗാവസ്‌കറെയും മറ്റും താന്‍ ആരാധിച്ചിരുന്നുവെന്നും ചൈന്നൈയിൽ പഠിച്ചു വളർന്ന പിച്ചൈ മുൻപൊരിക്കല്‍ തുറന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നാലിപ്പോള്‍ 2004ല്‍ ഗൂഗിളിലെ ഇന്റര്‍വ്യൂ സമയത്ത് പിച്ചൈയ്ക്കു കിട്ടിയ ഒരു ചോദ്യം അദ്ദേഹം തനിക്കൊപ്പം ഇന്റര്‍വ്യൂവിനു വന്ന മറ്റുള്ളവരെ പോലെയല്ലാതെ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണു വാര്‍ത്തയായിരിക്കുന്നത്. 

ക്രിക്കറ്റിന്റെ വാക്‌ശൈലി ഉപയോഗിച്ചാല്‍ ഓഫ്സ്റ്റമ്പിനു വെളിയില്‍ വന്ന ഒരു ഗൂഗ്ലി, കൃത്യമായി വായിച്ച്, സ്‌ട്രെയ്റ്റ് ബാറ്റ് ഉപയോഗിച്ചു ഡിഫെന്‍ഡ് ചെയ്തു എന്നു വേണമെങ്കില്‍ പറയാം! ഇന്റര്‍വ്യൂവിനു പോകുന്നവര്‍ക്ക് ഒരു പാഠം എന്ന നിലയിലും ഇതു വായിച്ചിരിക്കണം. കാരണം ഇതിനെയാണ് ധൈഷണികമായി വിനയം (intellectual humility) എന്നു വിളിക്കുന്നതത്രെ. (അദ്ദേഹത്തിന്റെയൊപ്പം ഇന്റര്‍വ്യൂവിനു വന്നവര്‍ ഈ ബോള്‍ സ്വീപു ചെയ്യാന്‍ ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡ് ആയി എന്നും പറയാം.) എന്താണു സംഭവിച്ചത്?

പിച്ചൈ ആദ്യം ഗൂഗിളില്‍ ഇന്റര്‍വ്യൂവിനെത്തിയത് പ്രൊഡക്ട് മാനേജ്‌മെന്റില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയില്‍, അന്നു സംഭവിച്ചത് എന്താണെന്ന് പിച്ചൈ പഠിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളോട് വിശദീകരിക്കുകയായിരുന്നു. പല റൗണ്ടുകളായി ആയിരുന്നു ഇന്റര്‍വ്യൂ. പിച്ചൈ ഇന്റര്‍വ്യൂവിന് എത്തിയ ദിവസമാണ് ഗൂഗിള്‍ തങ്ങളുടെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തുടങ്ങുന്നത്. അതും ഏപ്രില്‍ ഒന്നിന്. അതൊരു ഏപ്രില്‍ ഫൂള്‍ ആണെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പിച്ചൈ വിദ്യാര്‍ഥികളോടു പറഞ്ഞു.

Sundar-Pichai-Modi

നാലാമത്തെ റൗണ്ടിലാണ് ജിമെയില്‍ ഒരു ചോദ്യമായി പിച്ചൈയ്ക്കു മുന്നിലിട്ടത്. ജിമെയിലിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇവിടെയാണ് അദ്ദേഹം തന്റെ ആരാധനാ പാത്രമായ ഗാവസ്‌കറെ പോലെ ഫ്രൻഡ് ഫൂട്ടില്‍ കയറി ബാറ്റും പാഡും ലോക് ചെയ്ത് ഡിഫെന്‍സ് നടത്തിയത്. താന്‍ അതു കാണാത്തതിനാല്‍ അതേപ്പറ്റി പറയാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തെങ്കിലുമൊക്കെ പറയാവുന്ന ഒരു ചോദ്യമായിരുന്നു അത്. കൂടെ ഇന്റര്‍വ്യൂവിനെത്തിയവരെ പലരെയും ഈ ഗൂഗ്ലി ബൗള്‍ഡാക്കുകയും ചെയതു. ജിമെയില്‍ ക്ഷണിതാക്കള്‍ക്കു മാത്രം (invite-only) ലഭിക്കുന്ന ഒന്നാണ്. അതു കണ്ടിട്ടില്ലെന്നു പറയുന്നത് പ്രശ്‌നമാവില്ലെന്ന് പിച്ചൈ കണക്കുകൂട്ടി. ഇന്റര്‍വ്യൂവര്‍ അപ്പോള്‍ തന്നെ ജിമെയില്‍ തനിക്കു കാണിച്ചു തന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് അഞ്ചാമത്തെ റൗണ്ടില്‍ ജിമെയിലിനെ കുറിച്ച് വന്ന ചോദ്യങ്ങള്‍ക്ക് തനിക്കു വ്യക്തമായ മറുപടി പറയാനുമായെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

മിക്കവരും ഇത്തരം സാഹചര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി പറയും. പിച്ചൈ നേരെ വിപരീത ദിശയാണ് സ്വീകരിച്ചത്. അതിലൂടെ അദ്ദേഹത്തിന് ജോലിയും ലഭിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഉത്തരം മേല്‍ത്തരമാകുന്നത്?

അദ്ദേഹത്തിന്റെത് ധൈഷണിക വിനയമാണ്

എന്തെങ്കിലും ഒരു കാര്യം അറിയില്ലെന്ന് ഇന്റര്‍വ്യൂവറോടു പറഞ്ഞാല്‍ ഏതാനും പോയിന്റുകള്‍ നഷ്ടമാകുമെന്നെയുള്ളു. പക്ഷേ, പൂര്‍ണ്ണമായും തെറ്റായ എന്തെങ്കിലും ഉണ്ടാക്കി പറയാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഏറെ നല്ലതാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

sundar-pichai-in-gokulpur-village

മിടുക്കന്മാര്‍ ഒരിക്കലും പരാജയപ്പെടാത്തതിനാല്‍ തോല്‍വിയില്‍ നിന്ന് ഒന്നും പഠിക്കാന്‍ അവര്‍ക്കാവില്ല എന്നൊരു വാദമുണ്ട്. ഇത് ശാസ്ത്രീയമായും ശരിയാണത്രെ. ധൈഷണിക വിനയമുള്ളവര്‍ തന്റെ അറിവില്ലായ്മ തുറന്നു പറയാന്‍ മടിയില്ലാത്തവരാണ്. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ മിടുക്കരായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉദ്യോഗാര്‍ഥികളില്‍ താന്‍ കാണാനാഗ്രഹിക്കുന്ന ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഇതാണെന്നാണ് ഗൂഗിളിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായ ലാസ്ലോ ബോക് (Laszlo Bock) പറയുന്നത്. മിടുക്കന്മാര്‍ കരുതുന്നത് തന്റെ ഉത്തരം ശരിയായാല്‍ താനൊരു ജീനിയസ് ആയതിലാണിതെന്നും, പരാജയപ്പെട്ടാല്‍ ചോദ്യകര്‍ത്താവ് ഒരു പൊട്ടനാണ് എന്നുമായിരിക്കാം. ഇന്റര്‍വ്യൂ ബോര്‍ഡിനെ നേരിടുമ്പോള്‍ ഒരു നിമിഷം ആലോചിച്ച ശേഷം മാത്രം ഉത്തരം പറയുക. പിച്ചൈ ഉത്തരം പറഞ്ഞത് വളരെ ആലോചിച്ച ശേഷം മാത്രമാണ്. ഇന്‍വൈറ്റ്-ഒണ്‍ലിയായ ഒന്നിനെക്കുറിച്ച് താന്‍ എന്തെങ്കിലും വിഢിത്തരം വിളമ്പേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതിന്റെ ഫലമാണ് അദ്ദേഹം ഇന്നെത്തി നില്‍ക്കുന്ന പദവി.

അറിവില്ലായ്മയുടെ കാരണം വെളിപ്പെടുത്തി

തനിക്ക് ജിമെയിലിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തത് താനതു കാണാത്തുതു കൊണ്ടാണെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിനെ മനസ്സിലാക്കിക്കൊടുക്കുക വഴി അദ്ദേഹം അതേപ്പറ്റി അറിയാനുള്ള തന്റെ ജിജ്ഞാസ വെളിപ്പെടുത്തുകയായിരുന്നു. ഈ സ്വഭാവസവിശേഷത കാണിക്കുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവര്‍മാര്‍ക്ക് പെരുത്തിഷ്ടമാണ്. അതുകൊണ്ടാണ് നാലാം റൗണ്ടില്‍ അദ്ദേഹത്തിന് ജിമെയല്‍ കാണാന്‍ സാധിച്ചത്.

sundar-pichai

ദിശ തിരിച്ചു

കണ്ടിട്ടില്ലാത്തതിനാല്‍ തനിക്ക് അറിയില്ലെന്ന സ്‌ട്രെയ്റ്റ് ബാറ്റ് ഡിഫന്‍സ് ഇന്റര്‍വ്യൂവിന്റെ വഴിതിരിച്ചു. പിന്നെ, ജിമെയില്‍ എങ്ങനെയാണ് ഇരിക്കുന്നതെന്നു നേരിട്ടു കാണാനായിതിനാല്‍ കൃത്യമായ ഉത്തരം നല്‍കാനായി. ഈ സത്യസന്ധതയും ധൈഷണികതയുമാണ് പിന്നീട് ഗൂഗിളിനുള്ളില്‍ പിച്ചൈയ്ക്കു വളര്‍ച്ചയ്ക്കുള്ള വഴിയൊരുക്കിയത്. ഈ സ്വഭാവ സവിശേഷതകളിലൂടെയാണ് അദ്ദേഹം കമ്പനിക്കുള്ളില്‍ സഹപ്രവര്‍ത്തകരുടെയും മറ്റും ഇഷ്ടം പിടിച്ചുപറ്റി ശോഭിച്ചത് എന്നും കാണാം. ധൈഷണിക സത്യസന്ധത അത്രമേല്‍ വിലപിടിച്ചതാണ്. പെട്ടന്ന് ഉയര്‍ന്നുവന്ന ഒരു സാഹചര്യം സമചിത്തതയോടെയും സത്യസന്ധതയോടെയും കൈകാര്യം ചെയ്യാനായി എന്നതാണ് അദ്ദേഹത്തിന്റെ മികവായി ഇന്റര്‍വ്യൂവര്‍മാര്‍ കണ്ടത്. ഇന്റര്‍വ്യൂ സമയത്ത് അറിയില്ലാത്ത ചോദ്യങ്ങള്‍ കിട്ടിയാല്‍ കടുംവെട്ടിനു ശ്രമിക്കാതെ ഡിഫന്‍ഡു ചെയ്തു നോക്കാവുന്നതാണെന്നു സാരം.