Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പബ്ജി കളിക്കാൻ 37,000 രൂപയുടെ ഫോൺ, വാങ്ങാൻ പണമില്ല, യുവാവ് ആത്മഹത്യ ചെയ്തു

PUBG

കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാജ്യത്തെ പ്രധാന ചർച്ചാ വിഷയമാണ് പബ്ജി ഗെയിം. യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിം യുവാവിന്റെ ജീവനെടുത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓൺലൈൻ വാർ ഗെയിം പബ്ജിക്ക് അടിപ്പെട്ട മുംബൈയിലെ കുർള സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. 

19കാരനായ യുവാവ് ഗെയിം കളിക്കാൻ മികച്ച ഫോൺ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 37,000 രൂപയുടെ ഫോണാണ് നദീം ഷെയ്ക്ക് എന്ന യുവാവ് ആവശ്യപ്പെട്ടത്. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ഫോൺ കേടുവന്നതോടെയാണ് പുതിയത് ആവശ്യപ്പെട്ടത്. രാപകലില്ലാതെ പബ്ജി ഗെയിം കളിച്ചിരുന്ന നദീമിന് ഫോൺ നഷ്ടപ്പെട്ടതോടെ മാനസികനില തന്നെ തെറ്റി. പുതിയ ഫോൺ വാങ്ങിത്തരാൻ വീട്ടുകാരെ പതിവായി ശല്യം ചെയ്തിരുന്നു. എന്നാൽ പുതിയ ഫോൺ കിട്ടാതെ വന്നതോടെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

പബ്ജി അഥവാ പ്ലേയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് 

പബ്ജി അഥവാ പ്ലേയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് എന്ന ന്യൂജെൻ ഷൂട്ടർ ഗെയിമിനെതിരെ വിവിധ തലങ്ങളിൽ നിന്നു പ്രതിരോധം ഉയർന്നുവരികയാണ്. പബ്ജി കുട്ടികളെ ഗെയിം അഡിക്ടുകളാക്കുന്നെന്നും പഠനത്തെ ബാധിക്കുന്നെന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രമുഖ ഗെയിമിനെതിരെ തോക്കെടുക്കുകയാണ്. ഗുജറാത്ത് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. 

കശ്മീരിലെ ഡോക്ടർമാർ നിരോധനം ആവശ്യപ്പെടുന്നു. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചിട്ടുണ്ട് എന്നാണ് ഗെയിം നിരോധനത്തിനു കാരണമായി ഗുജറാത്ത് സർക്കാർ പറയുന്നത്. ഗുജറാത്തിലെ പ്രൈമറി സ്കൂളുകളിലാണ് നിലവിൽ പബ്ജിക്കു നിരോധനം. പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഗെയിം കളിക്കുന്നില്ല എന്നുറപ്പുവരുത്താൻ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസർമാരോടാണ് ഗുജറാത്ത് സർക്കാർ ആവശ്യപ്പെടുന്നത്. 

ലഹരിമരുന്നുകളെക്കാൾ മാരകമായ പബ്ജിക്ക് സംസ്ഥാനത്തു നിരോധനം ഏർപ്പെടുത്തണമെന്ന് കശ്മീരിലെ ഡോക്ടർമാരുടെ സംഘടനയായ ദി ഡോക്ടേഴ്സ് അസോസിയേഷൻ ഓഫ് കശ്മീരും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ പബ്ജി കളിക്കാൻ അനുവദിക്കരുതെന്ന് ഡോക്ടർമാർ രക്ഷിതാക്കളോടും അധ്യാപകരോടും ആവശ്യപ്പെടുന്നു. 10, 12 ക്ലാസ്സുകളിലെ കൂട്ടത്തോൽവിക്കു കാരണം പബ്ജിയാണെന്ന് ആരോപിച്ച് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ് അസോസിയേഷനും ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. കംപ്യൂട്ടറിലും ഫോണുകളിലും ഗെയിം കൺസോളുകളിലുമെല്ലാം കളിക്കാവുന്ന മൾട്ടിപ്ലേയർ ഓൺലൈൻ ഷൂട്ടർ ഗെയിം ആണ് പബ്ജി. പബ്ജിക്കെതിരെ സർക്കാർ തിരിയുമ്പോഴും അതേ ഗെയിം എൻജിനിൽ നിന്നുള്ള, അതേ സ്വഭാവമുള്ള ഫോർട്നൈറ്റ് ബാറ്റിൽ റോയെലിനെതിരെ നീക്കമില്ല എന്നതും ശ്രദ്ധേയമാണ്. ഒന്നിച്ചു തുടങ്ങി പിന്നീട് രണ്ടായി പിരിഞ്ഞ പബ്ജിയും ഫോർട്നൈറ്റും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് ഗെയിം വിപണിയിൽ. വരുമാനം വച്ചുനോക്കിയാൽ ഫോർട്നൈറ്റിനോട് പബ്ജി പരാജയപ്പെട്ടെങ്കിലും ഇന്ത്യയിൽ ഫോർട്നൈറ്റിനെക്കാൾ പ്രചാരം പബ്ജിക്കാണ്. 

അതേ സമയം, 1 കോടി രൂപയുടെ സമ്മാനങ്ങൾ നൽകുന്ന പബ്ജി മൊബൈൽ ഇന്ത്യ സീരീസിനുള്ള റജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. ഫെബ്രുവരി 10 മുതൽ 24 വരെ നടക്കുന്ന പ്ലേ ഓഫ് മൽസരങ്ങളിൽ 2000 ടീമുകൾ ഘോരയുദ്ധം നടത്തും. മാർച്ചിൽ നടക്കുന്ന ഫൈനലിൽ 20 ടീമുകൾ അണിനിരക്കും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.