ADVERTISEMENT

ഇനിഷ്യൽ കോയിൻ ഓഫറിങ് എന്ന നിക്ഷേപസമാഹരണ മാർഗത്തിൽ കഴിഞ്ഞ വർഷം നടന്ന സമാഹരണങ്ങളിൽ പകുതിയോളവും പരാജയപ്പെടുകയോ തട്ടിപ്പിൽ അവസാനിക്കുകയോ ചെയ്തെന്ന് ക്രിപ്റ്റോകറൻസി നീരീക്ഷകർ. ഐസിഒകൾക്കു നേതൃത്വം നൽകിയ ടോക്കൺഡേറ്റ വെബ്സൈറ്റാണ് പകുതിയോളം ഐസിഒകളും പരാജയപ്പെട്ടെന്നു കണക്കു സഹിതം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിറ്റ്‍കോയിൻ, എതേറിയം, ലൈറ്റ്‍കോയിൻ തുടങ്ങിയ ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതികളെയാണ് ഐസിഒ അഥവാ ഇനിഷ്യൽ കോയിൻ ഓഫറിങ് എന്നു വിശേഷിപ്പിക്കുന്നത്. ഈ നിക്ഷേപം ഉപയോഗിച്ച് പുതിയ ക്രിപ്റ്റോകറൻസി തുടങ്ങുകയോ മറ്റേതെങ്കിലും ബിസിനസിൽ നിക്ഷേപിക്കുകയോ ഒക്കെയാണ് പതിവു രീതി. എന്നാൽ, 2017ൽ നടന്ന ഇത്തരം 902 കോയിൻ ഓഫറിങ്ങുകളിൽ 46 ശതമാനവും പരാജയപ്പെടുകയോ തട്ടിപ്പിൽ കലാശിക്കുകയോ ചെയ്തു. 902 കോയിൻ ഓഫറിങ്ങുകളിൽ 142 എണ്ണം ധനസമാഹരണത്തിൽ തന്നെ പരാജയപ്പെട്ടു. ലക്ഷ്യമിട്ട തുക സമാഹരിക്കാനാവാതെ പരാജയപ്പെട്ടവയാണ് ഇവ.

തുക സമാഹരിച്ചവരിൽ 276 എണ്ണം പണവുമായി മുങ്ങി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സമാഹരിച്ച പണവുമായി പെട്ടെന്നു മുങ്ങാതെ ഞങ്ങളിവിടെയൊക്കെയുണ്ടെന്നു കാണിച്ചുകൊണ്ട് മെല്ലെ രംഗത്തു നിന്നും പിന്മാറിയവരാണ് ഏറെയും. അവയിൽ നിക്ഷേപിച്ചവർക്ക് പണം നഷ്ടപ്പെടും. ഇവയ്ക്കു പുറമേ 113 എണ്ണം നിശ്ശബ്ദാവസ്ഥയിലാണ്. നക്ഷേപകരുമായി ആശയവിനിമയം അവസാനിപ്പിച്ചിരിക്കുന്ന ഇവയും ഏതു നിമിഷവും പരാജയപ്പെട്ടവയുടെ പട്ടികയിൽ ഇടം നേടാമെന്നും ടോക്കൻഡേറ്റ വ്യക്തമാക്കുന്നു. ഇവയെ കൂടി കൂട്ടിയാൽ കഴിഞ്ഞ വർഷത്തെ ഐസിഒ പകുതിയിലധികവും പതിരായിരുന്നു എന്നു വ്യക്തമാകും.

ക്രിപ്റ്റോകറൻസി സാധാരണക്കാരിലേക്ക് എത്തിച്ചുകൊണ്ട് കഴിഞ്ഞ വർഷം ലോകമെങ്ങും ഐസിഒ വ്യാപകമായി നടന്നിരുന്നു. ക്രിപ്റ്റോകറൻസി വലിയ വിപ്ലവമാണെന്നു കേട്ടിട്ട് കണ്ണും പൂട്ടി ആദ്യം കണ്ട ഐസിഒയിൽ പണമിറക്കിയവരാണ് നഷ്ടം സംഭവിച്ചവരിലേറെയും. കേരളത്തിലും അനേകം പേരുകളിൽ പുതിയ ക്രിപ്റ്റോകറൻസികളിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ടും വിദേശത്തു നടക്കുന്ന ഐസിഒകളിലേക്ക് നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടും അനേകം പരിപാടികൾ നടന്നിട്ടുണ്ട്. അവയിൽ എത്രയെണ്ണം പരാജയപ്പെട്ടവയുടെ പട്ടികയിൽ ഉണ്ടെന്നത് വ്യക്തമല്ല. അവശേഷിക്കുന്നവയിൽ വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും സംരംഭങ്ങളായിത്തീരുക. സർക്കാരിന്റെയോ ബാങ്കുകളുടെയോ സെബി പോലെ ഏതെങ്കിലും ഏജൻസിയുടെയോ നിയന്ത്രണത്തിലല്ലാതെ നടക്കുന്ന ഈ കോയിൻ ഓഫറിങ്ങുകളിൽ പണം നഷ്ടപ്പെട്ടാൽ പരാതിപ്പെടാനും അവസരമില്ല.

പരാജയപ്പെട്ട ഐസിഒകൾ അവശേഷിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ മാലിന്യം ചെറുതല്ല. ഉപേക്ഷിക്കപ്പെട്ട അക്കൗണ്ടുകളും പ്രവർത്തനരഹിതമായ വെബ്സൈറ്റുകളും പുതുക്കാത്ത ഡൊമെയ്നുകളും നിക്ഷേപകരെ ഭയപ്പെടുത്തുന്നുണ്ട്. ഐസിഒകൾ കഴിഞ്ഞ വർഷം നേരിട്ട തിരിച്ചടികൾ ഈ വർഷം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികളാണ് കോയിൻ എക്സ്‍ചേഞ്ച് പ്ലാറ്റ്‍ഫോമുകൾ സ്വീകരിച്ചിരിക്കുന്നത്.

നിങ്ങൾ നിക്ഷേപിച്ച കോയിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയാൻ ടോക്കൺഡേറ്റ വെബ്സൈറ്റ് സന്ദർശിക്കുക. പരാജയപ്പെട്ട കോയിനുകളുടെ പേരിനൊപ്പം ഫെയിൽഡ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വിലാസം: tokendata.io

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com