ADVERTISEMENT

രാജ്യത്തെ മുൻനിര ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിലെ നിക്ഷേപം പിൻവലിച്ച് ആഗോള കുത്തക കമ്പനിയായ വാൾമാർട്ട് ഇന്ത്യ വിട്ടേക്കുമെന്ന് പ്രവചനം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങൾ നടപ്പിലായാൽ വാൾമാർട്ട് അടുത്തിടെ വാങ്ങിയ ഇന്ത്യൻ ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ടിൽ നിന്നു ഓഹരികൾ പിൻവലിച്ചേക്കുമെന്നാണ് ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറയുന്നത്.

ഇന്ത്യയിൽ പുതിയ ഇ–കൊമേഴ്സ് നയം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുകയാണ്. രാജ്യത്തെ കമ്പനികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ വിദേശ നിക്ഷേപമിറക്കിയ കമ്പനികൾക്കെല്ലാം ഭീഷണിയാണ്. നിലവിൽ ഓഫർ കച്ചവടങ്ങളെല്ലാം നിർത്തിവെക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

പുതിയ ഇ–കൊമേഴ്സ് നയം നടപ്പിൽ വന്നാൽ ഇന്ത്യയിൽ നിന്നു ലാഭമുണ്ടാക്കുക അത്ര എളുപ്പമായിരിക്കില്ല. ഇതെല്ലാം മുൻകൂട്ടി തിരിച്ചറിഞ്ഞ വാൾമാർട്ട് ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്നാണ് മോർഗൻ സ്റ്റാൻലി പറയുന്നത്. പുതിയ നിയമം വന്നാൽ ഫ്ലിപ്കാർട്ടിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. 25 ശതമാനം ഉൽപ്പന്നങ്ങളും പിൻവലിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

ഫ്ലിപ്കാർട് വഴി ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന സ്മാർട് ഫോൺ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കെല്ലാം വൻ തിരിച്ചടി നേരിടും. ഇങ്ങനെ വന്നാൽ ഫ്ലിപ്കാർട്ടിന്റെ വരുമാനത്തിൽ 50 ശതമാനം ഇടിവു നേരിട്ടേക്കും. നഷ്ടത്തോടെ മുന്നോട്ടു പോകാൻ വാൾമാർട്ട് തയാറാകില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ ചൈനയിൽ നിന്ന് പിൻവാങ്ങിയത് അവിടുത്തെ പുതിയ നയങ്ങൾ കാരണമായിരുന്നു.

ഫ്ലിപ്കാർട്ടിന്റെ 77 % ഓഹരികളും വാൾമാർട്ട് വാങ്ങിയിരുന്നു. ഇതിനായി 1600 കോടി ഡോളറാണ് മുതൽമുടക്കിയത്. (1.05 ലക്ഷം കോടി രൂപ) ഇ–കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കൽ കൂടിയായിരുന്നു. ഇടപാടുകൾ പൂർത്തിയായതോടെ 2080 കോടി ഡോളർ മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com