ADVERTISEMENT

രാജ്യങ്ങളുടെ (ആരുടെയും) നിന്ത്രണത്തിലല്ലാത്ത രീതിയില്‍ ഒരു നാണയ വ്യവസ്ഥ കൊണ്ടുവരാനുള്ള ശ്രമമാണ് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളിലൂടെ നടക്കുന്നത്. തത്വത്തില്‍ പറയുകയാണെങ്കില്‍ ഏതെങ്കിലും രാജ്യം നോട്ടടിക്കുന്നതു പോലെ അടിച്ചു വിതരണം ചെയ്യുന്നതല്ല ബിറ്റ്‌കോയിന്‍. ഇവ കംപ്യൂട്ടറുകളിലൂടെ ഖനനം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ കരുതുന്നത് ഏറ്റവും ശക്തിയുള്ള കംപ്യൂട്ടര്‍ ആവശ്യമായി വരുന്നത് വിഡിയോ എഡിറ്റിങ് പോലെയുള്ള കാര്യങ്ങള്‍ക്കും ചില ഗെയ്മുകള്‍ക്കുമാണ് എന്നാണല്ലൊ. 

എന്നാല്‍ ബിറ്റ് കോയിന്‍ ഖനനത്തിനു വേണ്ട കംപ്യൂട്ടറുകള്‍ അവയേക്കാള്‍ ശക്തി കൂടിയവയാണ്. ഇവ പലപ്പോഴും വാങ്ങാന്‍ പോലും സാധരാണക്കാര്‍ക്കാവില്ല. പകരം വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. പല വര്‍ഷങ്ങളെടുത്തായിരിക്കും ചിലപ്പോള്‍ അര ബിറ്റ്‌കോയിന്‍ ഒക്കെ ഖനനം ചെയ്യുന്നതെന്നാണ് വയ്പ്പ്. ഇതിലൂടെ വരുമാനം ഉണ്ടാക്കിയിട്ടുള്ളവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ബിറ്റ് കോയിന്‍ മാത്രമല്ല ക്രിപ്‌റ്റോ കറന്‍സിയായി വിലസുന്നത്.

എന്താണ് ക്രിപ്‌റ്റോ-ജാക്കിങ്?

ക്രപ്‌റ്റോ കറന്‍സി എന്നു പറയുന്നതിലെ 'ക്രിപ്‌റ്റോ'യും, ഹൈജാക്കിങ്ങിലെ (തട്ടിക്കൊണ്ടു പോകല്‍) 'ജാക്കിങും' മുറിച്ചു ചേര്‍ത്തു നിര്‍മിച്ച ഒന്നാണ് ക്രിപ്‌റ്റോ-ജാക്കിങ്. (ഇത് ക്രിപ്‌റ്റോജാക്കിങ് എന്ന് ഒറ്റവാക്കായും ക്രിപ്‌റ്റോ ജാക്കിങ് എന്ന് രണ്ടു വാക്കായും എഴുതാറുണ്ട്.)

ക്രിപ്‌റ്റോ കറന്‍സി നിര്‍മാണത്തിന് വളരെ ചിലവുണ്ടെന്നു പറഞ്ഞല്ലോ. അപ്പോള്‍ എന്തിനും എളുപ്പ വഴി തേടുന്നയാളുകള്‍ തങ്ങളുടെ കംപ്യൂട്ടര്‍ കൂടാതെ മറ്റ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറും അവരുടെ ക്രിപ്‌റ്റോ കറന്‍സി ഖനനത്തിനായി ഉപയോഗിക്കുന്നു. ഇതിനെയാണ് ക്രിപ്‌റ്റൊ-ജാക്കിങ് എന്നു വിളിക്കുന്നത്. ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ കംപ്യൂട്ടറിന്റെ ശക്തി മുഴുവനും ഹാക്കറുടെ ക്രിപ്‌റ്റോ കറന്‍സി ഖനനത്തിനായി തട്ടിയെടുക്കുക എന്നതാണ് സംഭവിക്കുന്നത്. എന്നാല്‍ കംപ്യൂട്ടറുടമയുടെ സമ്മതം വാങ്ങി പലപ്പോഴും ലാഭവിഹിതം പറഞ്ഞുറപ്പിച്ച ശേഷം ചെയ്യുന്ന രീതിയും ഉണ്ട്. ഇതും ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. ഈ പ്രക്രീയിയല്‍ യാതൊരു നിയന്ത്രണവും കംപ്യൂട്ടര്‍ ഉടമയ്ക്ക് ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് കാരണം. പൈസ കിട്ടണമെന്ന് ഉറപ്പും ഇല്ല.

ബിറ്റ്‌കോയിന്‍ മൈനിങ് എന്റെ കംപ്യൂട്ടറില്‍ നടക്കുന്നുണ്ടാകുമോ?

'സേര്‍ച്' എന്നു പറഞ്ഞാല്‍ ഗൂഗിള്‍ എന്നു പറഞ്ഞു ശീലമായതു പോലെ ക്രിപ്‌റ്റോ കറന്‍സി എന്നു പറഞ്ഞാല്‍ ബിറ്റ്‌കോയിന്‍ എന്നാണ് പലരുടെയും ചിന്ത. ബിറ്റ് കോയിനിന് ഇന്ന് ധാരാളം അനുകരണങ്ങളുണ്ട്. ലൈറ്റ്‌കോയിന്‍ (Litecoin), പീയര്‍ കോയിന്‍ (Peercoin), നെയിംകോയിന്‍ (Namecoin), ഫെതര്‍കോയിന്‍ (Feathercoin) എന്നിങ്ങനെ നിരവധി ക്രിപ്‌റ്റോ കറന്‍സികളുണ്ട്. മൊണെറോ (Monero) എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ പേരാണ് ക്രിപ്‌റ്റോ-ജാക്കിങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നവയില്‍ ഒന്ന്. 2014ല്‍ അവതരിപ്പിച്ച ഇത് വ്യക്തിഗത കംപ്യൂട്ടറുകളില്‍ ഖനനം ചെയ്‌തെടുക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതത്രെ.

ബിറ്റ്‌കോയിന്‍ ഖനനം നിങ്ങളുടെ ഒരു സാധാരണ കംപ്യൂട്ടറില്‍ നടക്കുന്നുണ്ടാവില്ല. അതിന് കൃത്യമായ ഹാര്‍ഡ്‌വെയര്‍ കരുത്ത് ആവശ്യമുണ്ട്. കൂടാതെ അത് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയുമല്ല ഖനനം ചെയ്യുന്നതെന്നാണ് വയ്പ്പ്. 

എന്താണ് ക്രിപ്‌റ്റോ-ജാക്കിങ്? എന്താണ് കോയിന്‍ഹൈവ് (Coinhive)?

ക്രിപ്‌റ്റോ കറന്‍സി മൈനിങ്ങുകാര്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാന്‍ പലതരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്. അതിലൊന്നാണ് കോയിന്‍ഹൈവ്. ചില വിഡിയോ ഷെയറിങ് വെബ്‌സൈറ്റുകളിലും ഫയല്‍ ഷെയറിങ് വെബ്‌സൈറ്റുകളിലും കോയിന്‍ഹൈവിന്റെ സാന്നിധ്യം കണ്ടിരിക്കുന്നത്. ഇത്തരം സോഫ്റ്റ്‌വെയര്‍ ഒരാളുടെ കംപ്യൂട്ടറിനെ ബാധിച്ചാല്‍ അതിനെയാണ് ക്രിപ്‌റ്റോ-ജാക്കിങ് എന്നു വിളിക്കുന്നത്. ഇത് അനുദിനം വര്‍ധിക്കുകയാണ് എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. കോയിന്‍ഹൈവിന്റെ പുതിയ പതിപ്പില്‍ ഉപയോക്താവിനോട് സ്വമേധയാ ക്രിപ്‌റ്റോ കറന്‍സി ഖനനത്തില്‍ ചേരാന്‍ ആവശ്യപ്പെടാറുണ്ട്. 

ചുരുക്കത്തില്‍ പറഞ്ഞാല്‍ ക്രിപ്‌റ്റോ-ജാക്കിങ് എന്നു പറഞ്ഞാല്‍ ഒരുതരം വൈറസ് ബാധയാണെന്നു പറയാം. 

bitcoin-job-openings

കംപ്യൂട്ടറുകളെ അവയുടെ സാധാരണ ചെയ്തികള്‍ക്കു പോലും ഉപയോഗിക്കാനാകാത്ത വിധം തളര്‍ത്തുന്നു. ഒരിക്കല്‍ ബാധിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഡേറ്റയും ചോര്‍ത്താം. ഇത് റാന്‍സംവെയര്‍ ആയും തീരാം. കംപ്യൂട്ടര്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കി, ഡേറ്റയും കൈക്കലാക്കിയ ശേഷം ഉടമയോട് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനും ഡേറ്റ വിട്ടു കിട്ടാനും കാശു ചോദിക്കുന്ന രീതിയാണ് ഇത്. ഏറ്റവും പുതിയ തരം ക്രിപ്‌റ്റോ-ജാക്കിങ്, പിസിയില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ, ബ്രൗസറിലൂടെ കൃത്യം നിര്‍വ്വഹിക്കുന്നതും കാണുന്നു. ഒന്നു മനസ്സിലാക്കുക- ക്രിപ്‌റ്റോ-ജാക്കിങ് ഏതു പിസിയെയും ബാധിക്കാം. 

എന്താണു മുന്‍കരുതല്‍?

ഈ വര്‍ഷം ക്രിപ്‌റ്റോ-ജാക്കിങ് 85,00 തവണ വര്‍ധന കാണിച്ചിരിക്കുന്നു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ക്രിപ്‌റ്റോ കറന്‍സികളുടെ വില ആകാശംമുട്ടെ ഉയര്‍ന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? അതിനൊപ്പിച്ച് ചുളുവില്‍ കാശുണ്ടാക്കാന്‍ ആഗ്രഹിച്ചവര്‍ ക്രിപ്‌റ്റോ-ജാക്കിങും വര്‍ധിപ്പിച്ചതാണു കാരണം. നൂറ്റി നാല്‍പ്പതോളം ഗ്രൂപ്പുകളാണ് ഇതില്‍ വന്‍തോതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പ്രമുഖ സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിമാന്റെക് (Symantec) കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന സോഫ്റ്റ്‌വെയര്‍ 200 തവണ വരെ വലുതാകുമത്രെ. അതായത്, കംപ്യൂട്ടറിന്റെ മുഴുവന്‍ ശേഷിയും അത് ഉപയോഗിക്കും. ഇതിനെല്ലാം പുറമെ മൊബൈല്‍ ഉപകരണങ്ങളിലേക്കും ഈ രീതികള്‍ പകരുന്നുവെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.

മുന്‍കരുതലുകള്‍

വന്‍ ബിസിനസ് ഉടമകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടുക തന്നേ വേണം. സാധാരണ കപ്യൂട്ടര്‍ ഉടമകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ: 

∙ കംപ്യൂട്ടറിന്റെ പാസ്‌വേഡ് മാറ്റി സെറ്റു ചെയ്യുക. 1234, പോലെയുള്ള പാസ്‌വേഡുകള്‍ എളുപ്പം ഹാക്കു ചെയ്യപ്പെടാം. വൈ-ഫൈയ്ക്കും കരുത്തന്‍ പാസ്‌വേഡ് ഉപയോഗിക്കുക.

∙ സിസ്റ്റം സോഫ്റ്റ്‌വെയര്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക. പുതിയ പാച്ചുകളില്‍ ക്രിപ്‌റ്റൊ-ജാക്കിങിനുള്ള പ്രതിരോധവും ഉള്‍പ്പെടുത്തുന്നുണ്ട്.

∙ ബ്രൗസര്‍ സോഫ്റ്റ്‌വെയറും അപ്ഡ്റ്റാണ് എന്നുറപ്പു വരുത്തുക. 

∙ ഇമെയിലുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. സംശയാസ്പദമായി തോന്നുന്ന മെയിലുകള്‍ തോന്നുകയാണെങ്കില്‍ തുറക്കാതിരിക്കുക. അറ്റാച്‌മെന്റുകളുള്ള, പരിചിതമല്ലാത്ത ആളുകളില്‍ നിന്നു വരുന്ന മെയിലുകളെ സംശയത്തോടെ കാണുക. 

∙ അത്യാവശ്യമുള്ള ഡേറ്റ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കൊ മെമ്മറി കാര്‍ഡുകളിലേക്കൊ ബാക്-അപ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com