ADVERTISEMENT

ബിറ്റ്കോയിൻ, ക്രിപ്റ്റോകറൻസി, ഡിസെൻട്രലൈസ്ഡ് കറൻസി, ബ്ളോക്ക് ചെയിൻ ടെക്നോളജി, മൈനിംഗ്, പ്രോട്ടോക്കോൾ‌ എന്നൊക്കെ കേട്ടാൽ നമുക്ക് കൺഫ്യൂഷനാകും. അപ്പോൾ എന്തിനും ഏതിനും സംശയമുള്ള മാതാപിതാക്കൾക്കോ കുട്ടികൾക്കോ എങ്ങനെ ബിറ്റ്കോയിൻ അഥവാ ക്രിപ്റ്റോകറൻസിയെക്കുറിച്ച് പറഞ്ഞുകൊടുക്കും? മാത്രമല്ല ഇന്റർനെറ്റ് പണം എങ്ങനെയിരിക്കും, ഇത് ആർക്കെങ്കിലും ഹാക്ക് െചയ്യാനാകുമോ?, സുരക്ഷയുള്ള നോട്ടിനു വരെ വ്യാജനുണ്ടാക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് നല്ല ബിറ്റ്കോയിനാണെന്ന് എങ്ങിനെ അറിയും? ആരാണ് കണക്കുസൂക്ഷിക്കുക?, എവിടെനിന്നാണ് കിട്ടുക?, എങ്ങനെയാണ് ഒരാൾക്ക് കൊടുക്കാനാകും. ഇത്തരത്തിൽ സംശയങ്ങൾ ഏതൊരാളുടെയും തലയിലൂടെ പോയിട്ടുണ്ടാകും

നിങ്ങളുടെ കൈയ്യിൽ ഒരു പുസ്തകമുണ്ട്, ഒരു ലൈബ്രറിയിൽ നിന്ന് വാങ്ങിയതാണ്. അടുത്തയാൾക്ക് കൊടുക്കാം. ഇനി ആ പുസ്തകം വാങ്ങിയ ആളുടെ കൈയ്യിലാണ്. നിങ്ങളുടെ കൈയ്യിൽ ഒന്നുമില്ല. ഇങ്ങനെയാണ് സാധാരണ ഏതൊരു വസ്തുവും നാം നൽകുക. ഈ സംഭവം നമുക്ക് ഡിജിറ്റലാക്കാം. ഡിജിറ്റൽ പുസ്തകം അഥവാ പിഡിഎഫ് ആണ് കൊടുക്കുന്നതെങ്കിലോ?. അത് ഒരാള്‍ക്ക് മാത്രമായി സ്വന്തമായി കൊടുക്കാനാകുമോ?. ഇല്ല, കാരണം വാട്സ് ആപ്പിലോ മെയിലിലോ മെസഞ്ചറിലോ ഒക്കെ എത്ര പേർക്ക് വേണമെങ്കിലും ഡിജിറ്റൽ പുസ്തകം അയച്ചു കൊടുക്കാം. എത്ര കോപ്പികൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം.

അതെ, സാധാരണ ഡിജിറ്റൽ‌ കൈമാറ്റത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. ഇതേ പ്രശ്നം കംപ്യൂട്ടറിൽ സൃഷ്ടിക്കുന്ന പണത്തിനുമുണ്ടാവില്ലേ എന്നാണ് സംശയം?. ന്യായമായ സംശയം, കംപ്യൂട്ടർ വിദഗ്ധർ ഇങ്ങനെ നിരവധി തവണ പണം ചിലവാക്കുന്നതിനെ ഡബിൾ സ്പെൻഡിംഗ് പ്രോബ്ളം എന്നു പറയുന്നു. അടുത്ത സംശയം പുസ്തകത്തിന്റെ കള്ളപതിപ്പുകൾ ലൈബ്രറി ഷെൽഫിൽ ഇടയിൽ ആരെങ്കിലും തിരുകിയാൽ കുളമാവില്ലേ?. അതോപോലെയല്ലേ പണത്തിന്റെ ഫേക്ക് രൂപമുണ്ടാക്കി ആർക്കും ബിറ്റ്കോയിനുണ്ടാക്കാനിവില്ലേ?.

എന്നാൽ നമ്മുടെ ലൈബ്രറിയില്‍ ഒരു പുസ്തകം കൈമാറ്റം ചെയ്യുന്നത് രേഖപ്പെടുത്താനായി പുസ്തകം സൂക്ഷിച്ചാലോ?. അതേപോലെ കൊടുക്കുന്നയാൾക്ക് മാത്രം ഷെൽഫ് തുറന്ന് പുസ്തകമെടുക്കാനാവുന്ന ഒരു താക്കോലും നൽകിയാലോ?, അതെ ലൈബ്രറി ചില്ലിലൂടെ പുസ്തകങ്ങളും ലെഡ്ജറുമെല്ലാം ലൈബ്രറിയിലെല്ലാവർക്കും കാണാം. ഇതോപോലെ ബിറ്റ്കോയിന്റെ വരവു ചിലവറിയാൻ ഒരു ലെഡ്ജറുണ്ട്.

അപ്പോൾ നമ്മുടെ കൈയ്യിലെ ലെഡ്ജർ, നമ്മുടെ പേന, ലെഡ്ജറിൽ എന്തും എഴുതി വെയ്ക്കാമല്ലോ?, അതേപോലെ ഈ ലെഡ്ജറിൽ ആരെങ്കിലും മാറ്റങ്ങൾ വരുത്തിയാലോ?, അതിനും പരിഹാരമുണ്ട്. ഈ ലെഡ്ജറിന്റെ ഒരു കോപ്പി എല്ലാവരുടെയും കൈയ്യിൽ തത്സമയം ലഭിച്ചാലോ?, പുസ്തക കൈമാറ്റം സുഗമമാകും. പുസ്തകം ഇപ്പോൾ ആരുടെ കൈയ്യിലാണെന്നും ആർക്ക് കൈമാറിയെന്നും കണ്ടെത്താം. പണം കൈമാറുന്ന എല്ലാ കംപ്യൂട്ടറിലും വിവരങ്ങൾ സൂക്ഷിക്കുന്നു, ഓരോ തവണയും കൈമാറ്റം സംഭവിക്കുമ്പോൾ വിവരങ്ങൾ റെക്കോർഡാവുന്നു. 

bitcoin

ഇത്തരമൊരു ലെഡ്ജറുണ്ടാക്കുന്നതും ഇടപാട് ആദ്യം തുടങ്ങിയതും ആരായിരിക്കും. അതെ പുസ്തകത്തെ ഒരു ബിറ്റ്കോയിനായി കരുതിയാൽ ആദ്യ ഷെൽഫും പുസ്തകവും നിയമവുമൊക്കെ എഴുതിയുണ്ടാക്കിയത് സതോഷി നക്കാമൊതോ എന്ന അജ്ഞാതനാണ്. ക്രിപ്‌റ്റോകറന്‍സി എന്ന വിഭാഗത്തിലാണ് ബിറ്റ് കോയിൻ വരുന്നത്. ക്രിപ്‌റ്റോഗ്രാഫി അഥവാ രഹസ്യകോഡുകളാണ് ഈ 'ഇല്ലാ' കറൻസിയുടെ അടിസ്ഥാനം. ഓരോ കോഡിലും കൈമാറ്റം ചെയ്ത വിവരങ്ങളുണ്ടായിരിക്കും. ബിറ്റ് കോയിന്‍ കൈമാറ്റത്തിൽ നടക്കുന്ന ഓരോ ഇടപാടും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പരസ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും.

വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും പരസ്യമായി ഒരു ഐഡി മാത്രമേ കാണൂ. ഏത് നാണയം അഥവാ പുസ്തകം ആരുടെ ഉടമസ്ഥതയിലാണ് എന്ന കാര്യം ഏവർക്കുമറിയാം. ആൾക്ക് ഒരു മുഖംമൂടിയുണ്ടാവുമെന്നു മാത്രം. നാണയത്തെപ്പറ്റിയുള്ള വിവരങ്ങൾ ആര്‍ക്കും കാണാം. ഉടമസ്ഥന്റെ വിവരമൊന്നും ലഭിക്കില്ല. സാങ്കേതികമായി ഇതിനെ ബ്ലോക്ക് ചെയിന്‍ എന്നാണ് പറയുക. ഓരോ പുതിയ ഇടപാടിലൂടെയും കടന്നു വരുന്ന ബിറ്റ് കോയിന്‍ ഏത് ഐഡിയുടെ ഉടമസ്ഥതയിലാണോയെന്ന്  ചെയിന്‍ വഴി മനസ്സിലാക്കാനാവും. മറ്റാരുടെയും ഉടമസ്ഥതയിലല്ല അസലാണ് ബിറ്റ് കോയിനെന്ന് തിരിച്ചറിയാൻ ലെഡ്ജറുകളിലെ ബ്ളോക്ക് ചെയിനുകൾ സഹായിക്കും.

സങ്കൽപത്തിലെ പണത്തിന് വിലയുണ്ട്!

നാം പറഞ്ഞ ഉദാഹരണത്തിലെ പുസ്തകമാണ് ബിറ്റ്‌കോയിന്‍. ലൈബ്രറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ കൈമാറ്റ ശൃംഖലയും. പുസ്തകത്തിന്റെ കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്. സങ്കൽപ്പത്തിലെ പണത്തിന് എങ്ങനെയാണ് വിലയുണ്ടാകുന്നത്?. പണ്ട് കക്കയും ശംഖുമൊക്കെ ആളുകൾ പണമായി ഉപയോഗിച്ചിട്ടില്ലേ. അതേപോലെ ആളുകൾ വിലയുണ്ടെന്ന് കരുതിയാൽ വിലയുണ്ടെന്ന് വിദഗ്ധർ‌ പറയുന്നു. പണ്ട് നമുക്ക് തരുന്ന നോട്ടുകളുടെ തുല്യമായ മൂല്യം സ്വർണം രാജ്യം സൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് റിസർവ് ബാങ്ക് ഗവർണർ നൽകുന്ന വാക്കാണ് പണത്തിന്റെ വില. 

അതോപോലെയൊക്കെ സ്വർണം എന്ന ലോഹത്തിന് മറ്റൊരു ലോഹത്തിനുമില്ലാത്ത പ്രത്യേകതയുള്ളതു പോലെ. ആവശ്യക്കാരുണ്ടെങ്കിലും ലഭിക്കാൻ അധ്വാനം വേണ്ടിവരുന്നതിനാലും ബിറ്റ്കോയിനും വിലയുണ്ടാകും. 

ഈ സംവിധാനങ്ങളെൊക്കെ നിയന്ത്രിക്കുന്നത് ഒരാളല്ല, ഓപ്പണ്‍ സോഴ്സിലാണ് ഈ വിവരങ്ങളുള്ളത്, രാജ്യമൊട്ടാകെ പരന്നുകിടക്കുന്ന ഇത് പരിശോധിക്കാനും തിരുത്താനും സുരക്ഷിതമാക്കാനുമൊക്കെ നിരവധി ആളുകളുണ്ട്. ഉദാഹരണം അത്ര കൃത്യമല്ലെങ്കിലും നമ്മുടെ വിക്കിപീഡിയയിൽ ആരെയെങ്കിലും കുറിച്ചുള്ള വിവരണം തെറ്റായി എഴുതിയാൽ അത് തിരുത്തപ്പെടാറില്ലേ ഏകദേശം അതേപോലെ.

പുസ്തകങ്ങളുടെ കോപ്പികൾ നിരവധിയുണ്ടെങ്കില്‍ അവ വായിക്കാന്‍ ഉത്സാഹം കുറയില്ലേ? അവയുടെ വില പോവില്ലേ... എന്നാൽ നിശ്ചിത എണ്ണമാണെങ്കിലോ വായിക്കാൻ ആഗ്രഹിക്കുന്നവരുടെ തിരക്കായിരിക്കും. അതേപോലെയാണ് ബിറ്റ് കോയിനും. നിശ്ചിത എണ്ണം മാത്രമേ ലോകത്ത് നിർമ്മിക്കാനാകൂ. 210 ലക്ഷം നാണയങ്ങള്‍ മാത്രം.

ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക് മറ്റു കറൻസികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആർക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. കോയിനുകള്‍ മുഴുവന്‍ 2140 ആവുമ്പോഴേക്കും കുഴിച്ചെടുത്ത് കഴിഞ്ഞിരിക്കും. ആകെ 21 ദശലക്ഷം ബിറ്റ് കോയിനുകളേ പരമാവധി ഖനനം ചെയ്‌തെടുക്കാനാവൂ.

ഖനനത്തിന് പിക്കാസും ഖനിയുമൊന്നും വേണ്ട!

ഖനനത്തിന് പിക്കാസും ഖനിയുമൊന്നും വേണ്ട, അടിസ്ഥാന നിയമങ്ങളറിയാവുന്ന ആർക്കും കണക്കുകൂട്ടലുകളിൽ പങ്കാളിയായി ബിറ്റ് കോയിൻ ശേഖരിക്കാം. ഓരോ ഘട്ടവും കഴിയുമ്പോൾ നാം ചിലവാക്കുന്ന അധ്വാനവും വൈദ്യുത ഉപഭോഗവും സെർവർ സ്പെയ്സുമൊക്കെയാണ് നമ്മെ ബിറ്റ്കോയിന് അർഹനാക്കുന്നതെന്ന് വേണമെങ്കിൽ പറയാം. 2008ലാണ് ബിറ്റ് കോയിൻ രൂപപ്പെടുത്തിയത്.

bitcoin

പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്‌കോയിന്‍ അപ്ലിക്കേഷന്‍. ബിറ്റ്‌കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന പണസഞ്ചിയാണ് ബിറ്റ്‌കോയിന്‍ വാലറ്റ് എന്നപേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍... ബിറ്റ് കോയിന്‍ ഖനനം എന്നത് സങ്കിര്‍ണമായ കണക്കുകൂട്ടല്‍ പ്രക്രീയയാണ്. ഇത് ഹാഷിങ് എന്ന് അറിയപെടുന്നു. കണക്കുകൂട്ടല്‍ സങ്കീര്‍ണമാണെങ്കിലും ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രശ്‌നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിന് പ്രതിഫലമായി ബിറ്റ് കോയിനുകള്‍ ഉത്തരം കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതാണ് ബിറ്റ് കോയിൻ മൈനിങ്ങ് എന്ന് പറയുന്നത്. അതായത് കണക്കപ്പിള്ളമാർക്ക് നൽകുന്ന ശമ്പളം. ഇങ്ങനെ കണക്കപ്പിള്ളയായിരുന്നു ബിറ്റ് കോയിനിലൂടെ പണമുണ്ടാക്കുന്നവർ ലോകത്ത് നിരവധിയുണ്ട്.

താക്കോൽ‌ പോയാൽ പണം പോയി

തന്റെ ഉടമസ്ഥതയിലുള്ള ഒരു ബിറ്റ് കോയിനെ നിയന്ത്രിക്കാന്‍ ഓരോ ഇടപാടുകാരനും താക്കോലും അനുവദിക്കും. ഓരോ ഇടപാടുകാരനും രണ്ടു താക്കോല്‍ അഥവാ രണ്ടു പാസ്‌വേര്‍ഡുകള്‍ കിട്ടും. നിങ്ങളുടെ ഇടപാടിനായി ഉപയോഗിക്കാവുന്ന പാസ്‌വേര്‍ഡ് അടങ്ങിയ രഹസ്യതാക്കോൽ. (അതിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കടമ നിങ്ങളുടേത്.) പരസ്യത്താക്കോല്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ വിശാല ലൈബ്രറി തുറന്നു കാണാം. എത്ര ബിറ്റ്കോയിൻ ഉണ്ടെന്നു നോക്കാം. 

സ്രഷ്ടാവാരെന്നത് സീക്രട്ട്!

ആരാണ് ഈ നിയമങ്ങൾ രൂപപ്പെടുത്തിയതെന്ന് അറിഞ്ഞാലാണ് അദ്ഭുതം. 2008 നവംബര്‍ 1 ന് സതോഷി നക്കാമൊതോ എന്ന അജ്ഞാത വ്യക്തിയോ അല്ലെങ്കിൽ സംഘമോയാണ് അത് രൂപപ്പെടുത്തിയത്. ലോകത്തിന് മുന്നില്‍ ഇത് അവതരിപ്പിച്ച്, ഊരും പേരും വെളിപ്പെടുത്താതെ അദ്ദേഹം മറഞ്ഞു. ലോകം ഈ സാങ്കൽപിക കറൻസിയെ ഏറ്റെടുക്കുകയും ചെയ്തു.

ബ്ലോക്ചെയിൻ: തുടക്കം ഇന്റർനെറ്റിലെ അദ്ഭുതനാണയത്തിൽ

bicoin-3

ബ്ലോക്ചെയിൻ എന്താണെന്ന് ഒരുപിടിയുമില്ലാത്തവരും ബിറ്റ്കോയിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഡോളർപോലെ, സ്വർണം പോലെ വച്ചടി വിലകയറുന്ന ഇന്റർനെറ്റിലെ അദ്ഭുതനാണയം ആണെന്നു കരുതി ഇതിൽ ലക്ഷങ്ങൾ നിക്ഷേപിക്കുന്നവരുമുണ്ട്. ബ്ലോക്ചെയിൻ സംവിധാനം ഉപയോഗിച്ച് പ്രചരിക്കുന്ന ആയിരത്തഞ്ഞൂറിലേറെ ക്രിപ്റ്റോകറൻസികളിൽ ഒന്നു മാത്രമാണ് ബിറ്റ്കോയിൻ. ആദ്യത്തെ ക്രിപ്റ്റോകറൻസി ആയതുകൊണ്ട് ഒടുക്കത്തെ ഗ്ലാമർ ആണെന്നു മാത്രം. 

ബിറ്റ്കോയിൻ സൃഷ്ടിച്ചപ്പോൾ അതിനൊപ്പം പിറവിയെടുത്ത സംവിധാനമാണ് ബ്ലോക്ചെയിൻ. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ വച്ചു നോക്കിയാൽ ക്രിപ്റ്റോകറൻസിയൊക്കെ ചെറുത്. രാജ്യങ്ങളുടെ കറൻസികളെയും ബാങ്കിങ് സംവിധാനങ്ങളെയുമെല്ലാം താങ്ങിനിർത്താനും വരുതിയിലാക്കാനും ബ്ലോക്ചെയിനിനു സാധിക്കും. ബിറ്റ്കോയിൻ പോലെ ആർക്കും സ്വന്തമായി ഒരു ക്രിപ്റ്റോകറൻസി ഉണ്ടാക്കാനും പ്രയാസമില്ല.

ബ്ലോക്ചെയിൻ ഇത്രയേറെ സുരക്ഷിതമാണെങ്കിൽ പിന്നെങ്ങനെ അതിൽ നിന്ന് ലക്ഷക്കണക്കിനു രൂപ മൂല്യമുള്ള ബിറ്റ്കോയിനുകൾ മോഷണം പോകുന്നു എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. അതിനെ അടുത്തകാലത്തു നടന്ന ചില ബാങ്കിങ് തട്ടിപ്പുകളോടുപമിക്കാം. 

നമ്മുടെ ബാങ്കുകളിലെ പ്രവർത്തനസംവിധാനം മികവുറ്റതാണ്. എന്നിട്ടും പലപ്പോഴും കോടികളുടെ തട്ടിപ്പു നടക്കുന്നു. പ്രധാനമായും രണ്ടു തരത്തിലാണ് ഈ മോഷണങ്ങൾ. ഒന്ന്, ഭിത്തി തുരന്ന് ലോക്കർ തകർത്തും എടിഎം കാർഡിലെ പിൻ ചോദിച്ചും ഒടിപി ചോദിച്ചും നടക്കുന്ന തട്ടിപ്പുകൾ. രണ്ട്, ഏതെങ്കിലും ബ്രാഞ്ചുകളിലെ ജീവനക്കാരുടെ അറിവോടെ നടക്കുന്ന മോഷണങ്ങൾ. ഇവ രണ്ടും ബാങ്കിങ് സംവിധാനത്തിന്റെ പരാജയമല്ല, മറിച്ച് ഉപയോക്താക്കളുടെ ജാഗ്രതക്കുറവുകൊണ്ടും ജീവനക്കാരുടെ വീഴ്ചകൊണ്ടും സംഭവിക്കുന്നവയാണ്. 

ബിറ്റ്കോയിൻ മോഷണവും ഇതുപോലെ തന്നെ. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലെ സുരക്ഷാവീഴചയും ഉപയോക്താക്കളുടെ ജാഗ്രതക്കുറവുമാണ് മോഷണങ്ങൾക്കു പിന്നിൽ. ഇവയൊന്നും ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ പരാജയമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com