ADVERTISEMENT

കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതു മുതൽ അവർക്കു ജലദോഷം വരുന്നതു വരെ പബ്ജി ഗെയിം കളിക്കുന്നതുകൊണ്ടാണ് എന്നു പലരും പറയുന്നു. ഗെയിം നിരോധിക്കുന്നതിനായി കോടതിയിൽ ഹർജികൾ സമർപ്പിക്കുന്നു, കേട്ട പാതി കേൾക്കാത്ത പാതി ചിലയിടങ്ങളിൽ ഗെയിം നിരോധിക്കുന്നു, അടുത്ത ബ്ലൂവെയിലാണ് ഈ പബ്ജി എന്നു പ്രഖ്യാപിക്കുന്നിടം വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. 

പബ്ജി അഡിക്ടീവ് ഗെയിമാണ് എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു ആരോപണം. അതു വളരെ ശരിയുമാണ്. പബ്ജിയുടെ അതേ സ്വഭാവമുള്ള ഫോട്നൈറ്റിനും ഈ വിശേഷണങ്ങളും ആരോപണങ്ങളും ബാധകമാണ്. രണ്ടും ഒരേ പ്ലാറ്റ്ഫോമിൽ ഒരുക്കിയ ഒരേ ആശയത്തിന്റെ ആവിഷ്കാരങ്ങൾ. ഒരേ തിരക്കഥ രണ്ടു സംവിധായകർ സിനിമയാക്കുന്നതുപോലെയുള്ള വ്യത്യാസമേ പബ്ജിയും ഫോട്നൈറ്റും തമ്മിലുള്ളൂ. ഗ്രാഫിക്സിലും ഗെയിംപ്ലേയിലുമുള്ള ചില്ലറ വ്യത്യാസങ്ങൾ മാത്രം. 

ഇന്ത്യയിൽ പബ്ജിക്കാണ് കൂടുതൽ പ്രചാരമെങ്കിലും ലോകത്ത് ഏറ്റവും കളിക്കാരുള്ളത് ഫോട്നൈറ്റിനാണ്. പബ്ജിയും ഫോട്നൈറ്റും ലാഭം കൊയ്തുകൂട്ടുന്നതു കണ്ട പ്രമുഖ ഗെയിം കമ്പനിയായ ഇലക്ട്രോണിക് ആർട്സ് (EA) അവരുടെ ടൈറ്റൻഫോൾ 3 എന്ന ഗെയിം വേണ്ടെന്നു വച്ച് സ്വന്തം ബാറ്റിൽ റോയെൽ ഗെയിം ആയ അപെക്സ് ലെജൻഡ‍്സ് അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. മറ്റു പ്രധാന ഗെയിം സ്റ്റുഡിയോകളും എത്രയും വേഗം ഈ ശ്രേണിയിൽ ഒരു ഗെയിം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്.

ബാറ്റിൽ റോയെൽ

പബ്ജിയെയും ഫോട്നൈറ്റിനെയുമെല്ലാം ബാറ്റിൽ റോയെൽ ഗെയിം എന്നു വിശേഷിപ്പിക്കാൻ കാരണം ഇവയെല്ലാം 18 വർഷം മുൻപിറങ്ങിയ ജാപ്പനീസ് സിനിമയായ ബാറ്റിൽ റോയെലിന്റെ പ്രമേയം അനുകരിക്കുന്നു എന്നതാണ്. അതേ പേരിലുള്ള നോവൽ അടിസ്ഥാനമാക്കിയാണ് ഭീകര കൊലപാതകങ്ങൾ അരങ്ങേറുന്ന സിനിമ ഒരുക്കിയത്. സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമയായ ഹംഗർ ഗെയിംസും ഇതേ പ്രമേയമാണ് അവതരിപ്പിക്കുന്നത്. ഈ സിനിമകളിലെ മരണത്തിന്റെ ഭീകരത ഒഴിവാക്കിയാൽ ബാറ്റിൽ റോയെൽ ഗെയിമുകളായി. ‘ലാസ്റ്റ് മാൻ സ്റ്റാൻഡിങ്’ ശൈലിയിലുള്ള ഫസ്റ്റ് പേഴ്സൻ ഷൂട്ടിങ് സർവൈവൽ ഗെയിം ആണിത്. ഒരു സംഘം ഷൂട്ടർമാർ ഒരു ദ്വീപിൽ പാരഡ്രോപ് ചെയ്യപ്പെടുന്നു. അവർ പരസ്പരം വെടിവച്ചു മുന്നേറണം. ആയുധങ്ങൾ കണ്ടെടുത്തും സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ചിരുന്നും മറ്റുള്ളവരെ വെടിവച്ചു വീഴ്‍ത്തണം. ഏറ്റവുമൊടുവിൽ ദ്വീപിൽ ജീവനോടെ അവശേഷിക്കുന്നയാളാണ് വിജയി. കളിക്കാരെല്ലാം ഓൺലൈനാണ് എന്നതു ഗെയിമിനു ഹരം പകരുന്നു. ഇതു കളിക്കുന്നത് കുട്ടികളിൽ അക്രമവാസന വളർത്തുമെന്നും തുടർച്ചയായി കളിക്കാൻ പ്രേരിപ്പിക്കുന്നുവെന്നുമാണ് ആരോപണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com