sections
MORE

ജോലിക്കാര്‍ക്ക് പിച്ചൈയില്‍ വിശ്വാസം കുറഞ്ഞു; വരുമാനം കുത്തനെ കൂടി

pichai
SHARE

ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തി കൊഴുത്ത കമ്പനിയാണ് എന്നതാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെതിരെയുള്ള പ്രധാന ആരോപണം. പക്ഷേ, ഇപ്പോള്‍ വാര്‍ത്തയിലുള്ളത് ഗൂഗിളിന്റെ 90,000ത്തോളം വരുന്ന ജോലിക്കാരെക്കുറിച്ചുള്ള ഡേറ്റയാണ്. ഇവരില്‍ 20,000ത്തോളം പേര്‍ ഓഫിസിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ വാക്കൗട്ട് നടത്തിയവരാണ്. അതൊന്നും പോരെങ്കില്‍ ജോലിക്കാര്‍ക്കിടയില്‍ കമ്പനി നടത്തിയ വാര്‍ഷിക സര്‍വെ പ്രകാരം, മേധാവി സുന്ദര്‍ പിച്ചൈയില്‍ വിശ്വാസം നഷ്ടപ്പെടുന്നതടക്കമുള്ള മറ്റു ചില ഡേറ്റയും പുറത്തു വന്നിരിക്കുകയാണ്.

ഗൂഗിളിനെ ഭാവിയിലേക്കു നയിക്കാനുള്ള സുന്ദര്‍ പിച്ചൈയുടെ കഴിവില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് 74 ശതമാനം പേരും 'ഉണ്ട്' എന്ന മറുപടിയാണ് നല്‍കിയത്. ബാക്കിയുളള 26 ശതമാനം പേര്‍ ഇല്ലാ എന്നോ, ഉണ്ടാവാനോ ഇല്ലാതിരിക്കാനോ ഉള്ള സാധ്യതയുണ്ട് എന്ന നിലപാടാണ് സ്വീകരിച്ചത്. അപ്പോള്‍ ഇതു നല്ലതല്ലേ? പ്രശ്‌നമെന്താണെന്നു ചോദിച്ചാല്‍ മുന്‍ വര്‍ഷം നടത്തിയ സര്‍വെയില്‍ പിച്ചൈയില്‍ പ്രതീക്ഷ കണ്ട ഗൂഗിള്‍ ജോലിക്കാരുടെ ശതമാനം 92 ആണ്. പിച്ചൈയുടെ 18 പോയിന്റ് ഇടിവ് കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ലഭിച്ച ഏറ്റവും മോശം വിലയിരുത്തലാണ്. 

ഗൂഗിള്‍ഗെയ്‌സ്റ്റ് (Googlegeist) എന്ന് കമ്പനിക്കുള്ളില്‍ അറിയപ്പെടുന്ന സര്‍വെയില്‍ തങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചും പരാതി വര്‍ധിക്കുന്നതു കാണാം. 46 ശതമാനം പേരാണ് തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളം പോരെന്നു പറയുന്നത്. മുന്‍ വര്‍ഷത്തില്‍ ഈ സംഖ്യ 36 ആയിരുന്നു. ഈ ഡേറ്റയെല്ലാം ഉപയോഗിച്ചായിരിക്കും കമ്പനി 2019ല്‍ മുന്നോട്ടു പോകുക.

കമ്പനിക്കുള്ളില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം കൈകാര്യം ചെയ്ത രീതിയും ചൈനീസ് സേര്‍ച് എൻജിന്റെ (ഡ്രാഗണ്‍ഫ്‌ളൈ) നിര്‍മാണവുമായിരിക്കാം പിച്ചൈയുടെ റേറ്റിങ് ഇടിയാന്‍ കാരണമെന്നാണ് അനുമാനം. (മൈക്രോസോഫ്റ്റിന്റെ തലപ്പത്തുള്ള ഇന്ത്യന്‍ വംശജനായ സത്യാ നഡെലയെക്കുറിച്ചും ചില ഇഷ്ടക്കുറവുകളുണ്ടെന്നും വാര്‍ത്തകളുണ്ട്. ക്ലൗഡ് കംപ്യൂട്ടിങ്ങിലൂടെ മൈക്രോസോഫ്റ്റിന് പൈസ സമ്പാദിച്ചു കൊടുക്കുന്നതില്‍ നഡെല മിടുക്കു കാട്ടുന്നുണ്ടെങ്കിലും വിന്‍ഡോസ് ഒഎസ് കാലോചിതമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.) 

ഗൂഗിള്‍ കുതിപ്പു തുടരുന്നു

ജോലിക്കാരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ കിടന്നാലും ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വരുമാനം പ്രതീക്ഷിച്ചതിനെക്കാള്‍ വളര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു. പ്രതീക്ഷിച്ച വരുമാനം 38.94 ബില്ല്യന്‍ ഡോളറായിരുന്നെങ്കില്‍ ലഭിച്ചതാകട്ടെ 39.27 ബില്ല്യന്‍ ഡോളറാണ്. കമ്പനിയുടെ കീഴിലുള്ള യുട്യൂബും മുന്‍ വര്‍ഷത്തെക്കാള്‍ വരുമാനം വര്‍ധിപ്പിച്ചു. ഇത് എത്രയാണെന്ന് പ്രത്യേകമായി എടുത്തു പറയുന്ന രീതി ഗൂഗിളിനില്ല. മാസം ഒരു ബില്ല്യനിലേറെ ആളുകള്‍ യുട്യൂബ് സന്ദര്‍ശിക്കുന്നു. എന്നാല്‍, യുട്യൂബിലൂടെ പരക്കുന്ന വ്യജ വാര്‍ത്തകള്‍ നിയന്ത്രിക്കുക എന്നത് ഇനി ഗൂഗിളിന്റെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ യുട്യൂബിലൂടെ വന്‍ നീക്കം നടന്നതായി ആരോപണമുണ്ട്. ഇത്തരത്തിലുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ കമ്പനിക്ക് നന്നായി വിയര്‍ക്കേണ്ടി വന്നേക്കും.

അതേസമയം, ഗൂഗിളിന്റെ പ്രവര്‍ത്തനത്തെ അമേരിക്ക വളരെ അടുത്തു വീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. സേര്‍ച് എൻജിന്‍ വേര്‍തിരിവു കാട്ടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ആരോപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും സ്വാകാര്യതയുടെ കാര്യത്തില്‍ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചു വീക്ഷിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA