ADVERTISEMENT

സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അതിവേഗം അംഗങ്ങളെ ചേർക്കുന്ന ബിജെപി പദ്ധതിയായിരുന്നു മിസ്ഡ് കോൾ അംഗത്വം. ഇതുവഴി അംഗത്വം നേടിയവരുടെ കണക്കുകളും ബിജെപി പുറത്തുവിട്ടിരുന്നു. ഡിജിറ്റൽ സഹായത്തോടെ അംഗങ്ങളായവരെ നേരിട്ടു കാണാനാണ് ഇപ്പോൾ ബിജെപി നേതൃത്വം ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭേ‍ാക്താക്കളെയും മിസ്ഡ് കേ‍ാൾ അംഗങ്ങളെയും നേരിട്ടു കാണുന്ന മഹാസമ്പർക്ക പരിപാടി തന്നെ നടത്തുകയാണ്. ബിജെപി പ്രവർത്തകർക്കാണ് മിസ്‍‍ഡ് കേ‍ാൾ അംഗങ്ങളെ കണ്ടെത്താനുള്ള ചുമതല. മിസ്ഡ് കോൾ ഒഴിവാക്കാമെന്നു കരുതിയാൽ പാർട്ടി ഐടി സെൽ പിടികൂടുകയും ചെയ്യും.

15 ലക്ഷം ഗുണഭേ‍ാക്താക്കളെയും 22 ലക്ഷം മിസ്ഡ് കേ‍ാൾ അംഗങ്ങളെയുമാണു പാർട്ടി നേതാക്കൾക്കു നേരിട്ടു കാണേണ്ടത്. ഗുണഭേ‍ാക്താക്കളുടെ പേര്, വിലാസം, ഫേ‍ാൺ നമ്പർ, പദ്ധതിയുടെ പേര്, ഏരിയ, ബൂത്ത് നമ്പർ എന്നിവ ഉൾപ്പെടുന്ന വിശദമായ പട്ടിക കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിനു കൈമാറി കഴിഞ്ഞു.

ഇവ ഏറ്റുവാങ്ങുന്നതു മുതൽ പാക്കറ്റുകളാക്കി ബൂത്ത് ഭാരവാഹികളെ ഏൽപ്പിക്കുന്നതു വരെയുള്ള നടപടികൾ ഫോട്ടേ‍ാ എടുത്തു മേൽഘടകങ്ങൾക്ക് അയയ്ക്കുന്നതാണ് ആദ്യപടി. പട്ടിക ഏറ്റുവാങ്ങുന്ന ജില്ലാ നേതാക്കൾ കേന്ദ്രകമ്മിറ്റി നൽകിയ മെ‍ാബൈൽ നമ്പറിലേക്കു മിസ്‍‍ഡ് കേ‍ാൾ ചെയ്യണം.

ഇവരിൽ നിന്നു പട്ടിക ഏറ്റുവാങ്ങുന്ന മണ്ഡലം പ്രസിഡന്റുമാരും പിന്നീട് അവ സ്വീകരിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും ഇതേ നമ്പറിലാണു മിസ്ഡ് ‍കേ‍ാൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ ഈ ഘടകങ്ങളിൽ പ്രചാരണം നടക്കുന്നില്ലെന്നു രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

അവിടെയും തീരുന്നില്ല, ഗുണഭേ‍ാക്താക്കളുടെയും അംഗങ്ങളുടെയും വീട്ടിലെത്തി പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തലും വിമർശനവും കേൾക്കണം. ശേഷം അവരുടെ മെ‍ാബൈലിൽ നിന്നു തന്നെ വേണം കേന്ദ്ര മെ‍ാബൈലിലേക്കു മിസ്‍ഡ് കേ‍ാൾ കെ‍ാടുക്കാൻ.

പ്രവർത്തകർ വീടുകളിലെത്തി എന്ന് ഉറപ്പാക്കാനാണിത്. ഗുണഭേ‍‍ാക്താവ് നേരിടുന്ന തടസ്സങ്ങളും അവരുടെ ആവശ്യങ്ങളും നിശ്ചിത ഫേ‍ാമിൽ രേഖപ്പെടുത്താനും വ്യവസ്ഥയുണ്ട്.‌ ഇന്നലെ ആരംഭിച്ച സമ്പർക്ക പരിപാടി മാർച്ച് 12നു പൂർത്തിയാക്കണം. വിട്ടുനിൽക്കുന്ന ബൂത്ത് കമ്മിറ്റികളെ കേന്ദ്ര സെൽ തന്നെ കണ്ടെത്തും.

വിളിച്ചാലുടൻ അംഗത്വം

മൊബൈൽ ഫോണിൽനിന്ന് 1800 266 1001 എന്ന നമ്പറിലേക്കു വിളിച്ചവർക്കെല്ലാം ബിജെപിയുടെ പ്രാഥമിക അംഗത്വം ലഭിച്ചിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള എസ്എംഎസും സന്ദേശവും ലഭിച്ചു. അംഗത്വ നമ്പറും ഇതിലുണ്ട്. പേര്, വിലാസം, പിൻകോഡ്, ഇ–മെയിൽ വിലാസം, വോട്ടർ ഐഡി നമ്പർ എന്നിവ സന്ദേശത്തിൽ കാണുന്ന മറ്റൊരു നമ്പറിലേക്ക് എസ്എംഎസ് ചെയ്യുന്നതോടെ അംഗത്വ നടപടികൾ പൂർത്തിയാക്കാം. 

ബിജെപി അധികാരത്തിലെത്തിയശേഷം അംഗസംഖ്യ കൂട്ടുന്നതിനായി നേരത്തേ മിസ്ഡ് കോൾ പദ്ധതി ഏർപ്പെടുത്തിയിരുന്നു. ഇതു തട്ടിപ്പാണെന്നു കാണിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നോട്ടുവന്നിരുന്നു. കേരളത്തിൽ മിസ്ഡ്കേ‍ാൾ അംഗങ്ങളും പദ്ധതി ഗുണഭേ‍ാക്താക്കളും ഉൾപ്പെടുന്ന കൂടുംബങ്ങളിൽ നിന്ന് കുറഞ്ഞത് നാലു വോട്ടു വീതം കണക്കാക്കിയാൽ സംസ്ഥാനത്തു പാർട്ടി ശ്രദ്ധ ചെലുത്തുന്ന 11 മണ്ഡലങ്ങൾ നേടാൻ പ്രയാസമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com