ADVERTISEMENT

രാജ്യങ്ങള്‍ക്കു നിയന്ത്രണമുള്ള ഇന്റര്‍നെറ്റ് എന്നത് ചില സ്വേച്ഛാതിപത്യ സ്വഭാവമുള്ള സർക്കാരുകളുടെ ഒരു സ്വപ്‌നമാണ്. റഷ്യയുടെ ഇപ്പോഴത്തെ നീക്കങ്ങളും ആ വഴിക്കുള്ളതാണ്. തങ്ങളുടെ സൈബര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, കുറച്ചു നേരത്തേക്ക് രാജ്യാന്തര ഇന്റര്‍നെറ്റ് പുര്‍ണ്ണമായും ഓഫ് ചെയ്ത് ഇന്റര്‍നെറ്റ് സെന്‍സറിങ്ങിന്റെ ക്രൂര മുഖം പുറത്തെടുക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ഇനി റഷ്യക്കാര്‍ തമ്മില്‍ കൈമാറാന്‍ ശ്രമിക്കുന്ന ഡേറ്റ റഷ്യയ്ക്കു വെളിയിലേക്കു പോകുന്നില്ലെന്നുറപ്പാക്കാനാണ് അവരുടെ ശ്രമം. ഇതിനായുള്ള ഒരു കരടു നിയമം കഴിഞ്ഞ വര്‍ഷം റഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിവിലെ സംവിധാനത്തില്‍ ചൈനയൊഴികെ ഏതു രാജ്യക്കാരുടെ ഡേറ്റയും രാജ്യാന്തര ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നുണ്ട്. പുതിയ ടെസ്റ്റ് ഏപ്രില്‍ 1നു മുൻപായി നടത്താനാണ് റഷ്യ ആഗ്രഹിക്കുന്നത്. 'ഡിജിറ്റല്‍ ഇക്കോണമി നാഷണല്‍ പ്രോഗ്രാം' എന്നു പേരിട്ടിരിക്കുന്ന കരടു രേഖ പ്രകാരം ലോക രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഇടതടവില്ലാതെ സേവനം നല്‍കാന്‍ സാധിക്കണം. ഇന്നു ലോകത്തു നടക്കുന്ന പല സൈബര്‍ ആക്രമണങ്ങളുടെയും പ്രഭാവകേന്ദ്രം റഷ്യയാണെന്നാണു കരുതുന്നത്. ഇതിനാല്‍ നേറ്റോയും അതിന്റെ സഖ്യ കക്ഷികളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പല തവണ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു.

പുതിയ നിയപ്രകാരം റഷ്യ തന്നെ ഇന്റര്‍നെറ്റിന്റെ അഡ്രസ് സിസ്റ്റത്തിന്റെ (DNS) പഠഭേദം സൃഷ്ടിക്കും. ഇതിലൂടെ ആഗോള ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്യപ്പെട്ടാലും രാജ്യാന്തര സെര്‍വറുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലിങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നുറപ്പാക്കാം. ആഗോളതലത്തില്‍ ഇപ്പോള്‍ 12 സംഘടനകളാണ് ഡിഎന്‍എസ് മൂല സെര്‍വറുകളുടെ പ്രവര്‍ത്തനം നോക്കിനടത്തുന്നത്. ഇവയില്‍ ഒന്നുപോലും റഷ്യക്കാരുടെ അധീനതയിലല്ല. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കേന്ദ്ര അഡ്രസ് ബുക്കിന്റെ പല കോപ്പികള്‍ റഷ്യ ഇതിനോടകം കൈവശപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഇതിനാല്‍, ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്താലും അവരെ ബാധിച്ചേക്കില്ലെന്നു വാദിക്കുന്നവരുമുണ്ട്.

ഈ സിസ്റ്റം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ തമ്മില്‍ കൈമാറുന്ന ഡേറ്റ സേവനദാതാക്കള്‍, സർക്കാർ നിയന്ത്രിത റൂട്ടിങ് പോയിന്റുകളിലേക്കായിരിക്കും അയക്കുക. അവിടെ വച്ചിരിക്കുന്ന ഫില്‍റ്ററുകള്‍ അവരുടെ സന്ദേശങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് അയക്കും. പക്ഷേ, രാജ്യാന്തര സെര്‍വറുകളിലേക്ക് അയക്കില്ല. വിദേശത്തേക്ക് പോകുന്ന സന്ദേശങ്ങളും തടയപ്പെട്ടേക്കാം. അധികം താമസിയാതെ ആഭ്യന്തര ഇന്റര്‍നെറ്റ് ഉപയോഗം ഈ റൂട്ടറുകളില്‍ കൂടെ കടന്നു വേണം പോകാന്‍ എന്നതാണ് റഷ്യയുടെ ലക്ഷ്യം. ഇതിലൂടെ രാജ്യം ലക്ഷ്യംവയ്ക്കുന്നത് ചൈനയുടെ മാതൃകയിലുള്ള ഒരു സെന്‍സര്‍ഷിപ് സിസ്റ്റമാണെന്നു കരുതുന്നവരുമുണ്ട്. ചൈനയില്‍ സർക്കാർ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കും.

പുതിയ തന്ത്രങ്ങളോട് റഷ്യയിലെ സേവനദാതാക്കള്‍ക്ക് പൊതുവെ താത്പര്യമാണ്. പക്ഷേ, അതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തെപ്പറ്റി അവര്‍ തമ്മില്‍ വിയോജിപ്പുമുണ്ട്. ഇതിലൂടെ റഷ്യയിലേക്കുള്ള രാജ്യാന്തര ഇന്റര്‍നെറ്റ് ട്രാഫിക്ക് കാര്യമായ രീതിയില്‍ മുറിഞ്ഞേക്കാം. എന്തായാലും റഷ്യന്‍ സർക്കാർ സേവനദാദാക്കള്‍ക്ക് പുതിയ സിസ്റ്റത്തിലേക്കു മാറാനുള്ള പൈസ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടത്?

ഇന്റര്‍നെറ്റ് എന്നു പറഞ്ഞാല്‍, ഡേറ്റയൊഴുകുന്ന ആയിരക്കണക്കിനു ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കുകളുടെ ഒരു ശ്രേണിയാണെന്നു പറയാം. ഈ നെറ്റ്‌വര്‍ക്കുകളെ റൂട്ടറുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. റൂട്ടറുകളാണ് ഈ ചങ്ങലയിലെ ഏറ്റവും ശേഷി കുറഞ്ഞ കണ്ണി. ഇപ്പോള്‍ റഷ്യയ്ക്കു വേണ്ടത് തങ്ങള്‍ സ്ഥാപിക്കുന്ന റൂട്ടറുകള്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വരുന്ന ട്രാഫിക് ഈ റൂട്ടറുകളെകൊണ്ട് കൈകാര്യം ചെയ്യിപ്പിക്കണം. അവയാകട്ടെ പൂര്‍ണ്ണമായും സർക്കാർ നിയന്ത്രണത്തിലുമായിരിക്കും. ഇതിലൂടെ ആവശ്യമെങ്കില്‍ പുറത്തേക്കും അകത്തേക്കുമുള്ള ട്രാഫിക്കിന്റെ പാലംവലിക്കാന്‍ അവര്‍ക്കു സാധിക്കണം. പ്രത്യേകിച്ചും ഏതെങ്കിലും ഭീഷണി വരുമ്പോള്‍ തങ്ങള്‍ക്ക് ഇതു സാധിക്കണം. അല്ലെങ്കില്‍ പുറത്തു നിന്നു വരുന്ന വിവരങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്കു കിട്ടേണ്ടെന്നു തീരുമാനിച്ചാലും പാലം വലിക്കാനാകണം.

ഇത്തരത്തില്‍ സെന്‍സറിങ് നടത്താന്‍ ചൈന സ്ഥാപിച്ചിരിക്കുന്ന ഫയര്‍വോള്‍ ലോകത്തെ ഏറ്റവും പുരോഗതി പ്രാപിച്ച ഒന്നാണ്. തങ്ങളുടെ റൂട്ടര്‍ പോയിന്റുകളിലും അവരുടെ കണ്ണുണ്ട്. കീവേഡുകളെയും ചില വെബ്‌സൈറ്റുകളെയും റൂട്ടര്‍ പോയിന്റില്‍ വച്ച് ചെറുത്തോടിക്കുന്നു. ഇതിലൂടെ ചൈനീസ് ഉപയോക്താവ് അഡ്രസടിച്ചു ക്ഷണിച്ചാലും വരാനാകാത്ത വിധത്തിലായിരിക്കും പല രാജ്യാന്തര വെബ്‌സൈറ്റുകളും. ഇത് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മറികടക്കാവുന്നതാണ്. പക്ഷേ, ചില രാജ്യങ്ങള്‍ ഇതിനെയും എതിര്‍ക്കുന്നു. ചൈന വിപിഎന്‍ സേവനം നല്‍കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടിച്ച് ജയിലിലിടും. യാദൃശ്ചികമായി ഇന്റര്‍നെറ്റ് സേവനം മുറിഞ്ഞു പോയിട്ടുള്ള അവസരങ്ങളുമുണ്ട്. കടലിലൂടെ വരുന്ന കേബിളുകള്‍ മുറിഞ്ഞാണ് ഇതു സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com