ADVERTISEMENT

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഇന്ത്യയും കേന്ദ്രമാകുന്ന പരസ്പരം ബന്ധമില്ലാത്ത രണ്ടു വാര്‍ത്തകളാണിവ. എന്നാല്‍ അതീവ പ്രാധാന്യമുള്ളവയും. ഗൂഗിളിനു ഇന്ത്യ വന്‍ പിഴ ചുമത്തിയേക്കാമെന്ന വാര്‍ത്ത പരിശോധിക്കുന്നതിനു മുൻപ് കമ്പനി ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ചു പറയാം. സോഫ്റ്റ്‌വെയറിലൂടെ പേരും കാശും വാരിയ ഗൂഗിള്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം നടത്തിയിരുന്നുവെങ്കിലും അവ വളരെ വിജയകരമായിരുന്നുവെന്നു പറയാനാവില്ല. പക്ഷേ, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമാകുകയാണെങ്കല്‍ അവര്‍ സ്വന്തമായി ജിചിപ്‌സ് ('gChips') എന്ന പേരില്‍ സ്മാര്‍ട് ഫോണ്‍ പ്രൊസസറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. മാത്രമല്ല, നിര്‍മാണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയാണ്. പ്രമുഖ ചിപ് നിര്‍മാതാക്കളായ ഇന്റല്‍, ക്വാല്‍കം, ബ്രോഡ്‌കോം, എന്‍വിഡിയ തുടങ്ങിയവയിലെ തലമൂത്ത ജോലിക്കാരെ കൊണ്ടുവന്നാണ് പുതിയ യൂണിറ്റ് തുടങ്ങുക. തുടക്കത്തിലെ 20 പ്രധാന ജോലിക്കാരില്‍ 16 പേരും ഇത്തരം കമ്പനികളില്‍ നിന്നു ഗൂഗിള്‍ കൊണ്ടുവരുന്നവരായിരിക്കും. ജിചിപ്‌സ് ടീമില്‍ ഈ വര്‍ഷമൊടുവില്‍ 80 പേരുണ്ടാകുമെന്നാണ് കരുതുന്നത്. ബംഗളൂരുവില്‍ ആയിരിക്കും പുതിയ സംരംഭത്തിനു തുടക്കമിടുക എന്നു റിപ്പോർട്ടുകള്‍ പറയുന്നു.

ചിപ്പ് ഡിസൈനുകള്‍ക്കു അവസാന മിനുക്കുപണി നടത്തുക, അവയെ ടെസ്റ്റു ചെയ്യുക എന്നതായിരിക്കും ടീമിന്റെ പ്രധാന പണി. അതിനു ശേഷം ഇവയുടെ രൂപരേഖ നിര്‍മാതാക്കള്‍ക്ക് അയച്ചു കൊടുക്കും. തങ്ങളുടെ ഡേറ്റാ സെര്‍വറുകളുടെ ചിപ്പുകള്‍, പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ ഇമേജ് പ്രൊസസിങ് ചിപ്പുകള്‍ എന്നിവയാണ് നിലവില്‍ ഗൂഗിള്‍ സ്വന്തമായി നിര്‍മ്മിക്കുന്ന പ്രൊസസറുകള്‍. ചിപ് ഡവലപ്‌മെന്റിനായി കൂടുതല്‍ തുക, തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു ധാരാളം ആരാധകരുള്ള ഇന്ത്യയില്‍ തന്നെ തുടങ്ങുക വഴി വരുമാനം കാര്യമായി തന്നെ ഗൂഗിള്‍ വര്‍ധിപ്പിച്ചേക്കും. ഇവിടെ നിര്‍മിക്കുന്ന ചിപ്പുകള്‍ തങ്ങളുടെ സ്വന്തം ഫോണായ പിക്‌സല്‍ സീരിസില്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കേള്‍ക്കുന്നു. ആന്‍ഡ്രോയിഡിന്റെ മുഖ്യ എതിരാളിയായ ഐഒഎസിന് നാമമാത്രമായ പ്രചാരണമാണല്ലോ ഇന്ത്യയിലുള്ളത്. ഇതുവരെ തങ്ങളുടെ ഫോണുകളില്‍ താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ SE, 6s എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ് ആപ്പിള്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഐഫോണ്‍ X ഇനി ഇവിടെ നിര്‍മിച്ചു നോക്കിയേക്കുമെന്നൊരു അഭ്യൂഹമുണ്ട്. പ്രാദേശിക വിപണിയില്‍ അല്‍പ്പമെങ്കിലും വില കുറച്ചു വില്‍ക്കാനായെങ്കിലോ എന്നു പരീക്ഷിക്കാനാണിത്. ഗൂഗിളിന്റെ ചിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു.

ഗൂഗിളിനെ കാത്തിരിക്കുന്നത് വന്‍ പിഴ?

യൂറോപ്യന്‍ കമ്മിഷന്‍ ആന്‍ഡ്രോയിഡിലെ ഗൂഗിളിന്റെ സ്വേച്ഛാതിപത്യത്തിനെതിരെ 500 കോടി ഡോളര്‍ പിഴയിട്ടത് ഓര്‍ക്കുമല്ലോ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (Competition Commission of India (CCI) കഴിഞ്ഞ ആറു മാസമായി ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി വരികയാണ്. 2011ല്‍ ഗൂഗിള്‍ തങ്ങളുടെ വിപണിയിലെ ആധിപത്യമുപയോഗിച്ച് ഫോണ്‍ നിര്‍മാതാക്കളെക്കൊണ്ട് ബലമായി ഗൂഗിള്‍ സേര്‍ച്ചും ക്രോം ബ്രൗസറും ഗൂഗിള്‍ പ്ലെയും ഇന്‍സ്റ്റാള്‍ ചെയ്യിച്ചുവെന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ കണ്ടെത്തിയത്. സിസിഐയുടെ ഇതുവരെയുള്ള കണ്ടെത്തലുകളും യൂറോപ്യന്‍ കമ്മിഷന്റേതിനു സമാനമാണെന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പറയുന്നത്. ഗൂഗിളും സിസിഐയും ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

സിസിഐ, ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ നടത്തിയ കളികളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം ഇതിനു മുൻപ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഗൂഗിളിന്റെ എക്‌സിക്യൂട്ടീവുമാര്‍ സിസിഐ അംഗങ്ങളെ നേരിട്ടു കണ്ട് ആന്റിട്രസ്റ്റ് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. പരാതി സിസിഐക്കു നല്‍കിയത് കുറച്ചു വ്യക്തികളാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സിസിഐ ഇതെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ പറയുകയോ പരാതി ഉപേക്ഷിക്കുകയോ ചെയ്യാമെന്നും പറയുന്നു.

ലോകത്തു വില്‍ക്കപ്പെടുന്ന സ്മാര്‍ട് ഫോണുകളില്‍ 85 ശതമാനവും ആന്‍ഡ്രോയിഡ് ആണ്. 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വിറ്റ ഫോണുകളില്‍ 98 ശതമാനവും ഈ ഒഎസിലുള്ളവയാണ്. യൂറോപ്യന്‍ യൂണിയന്റെ വിധി വന്ന ശേഷം ഗൂഗിള്‍ പറഞ്ഞത് ഫോണ്‍ നിര്‍മാതാക്കളില്‍ നിന്നും ഒരു തുക ഈടാക്കിയ ശേഷം പ്ലേസ്റ്റോര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ അനുവദിക്കുകയും ആന്‍ഡ്രോയിഡിന്റെ മറ്റു വേര്‍ഷനുകള്‍ ഫോണുകള്‍ക്കു നല്‍കുന്നതു സപ്പോര്‍ട്ടു ചെയ്യുമെന്നുമാണ്. എന്നാല്‍ ഈ വിധിയുടെ പരിധി, യൂറോപ്യന്‍ യൂണിയൻ, ഐസ്‌ലൻഡ്, നോര്‍വെ തുടങ്ങിയവയും അടങ്ങുന്ന പ്രദേശത്തു മാത്രമാണ്.

സിസിഐക്ക് ലഭിച്ച പരാതി പരിഗണിക്കാതിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്‌നത്തിന് ഗൂഗിള്‍ ഇവിടെയും പരിഹാരം കൊണ്ടുവന്നിട്ടില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകേണ്ടതായി വരുമെന്നാണ് ഇതെപ്പറ്റി അറിയാവുന്നവര്‍ പ്രതികരിച്ചത്. ഗൂഗിളിന് അടുത്തകാലത്ത് വന്ന ഏറ്റവും വലിയ തലവേദനയാണ് ഈ കേസ‌െന്നും വിലയിരുത്തലുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഗൂഗിളിന്റെ സേര്‍ച്ചിലെ പക്ഷപാതത്തിനെതിരെ 1.9 കോടി ഡോളര്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ പോയാല്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടം സംഭവിക്കുമെന്നാണ് അവര്‍ പറയുന്നത്. ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ട പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ വന്‍ പിഴയായിരിക്കും ഗൂഗിളിനെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com