ADVERTISEMENT

അമേരിക്കയടക്കം പല രാജ്യങ്ങളും ചൈനീസ് ടെക് കമ്പനികള്‍ ബെയ്ജിങ്ങിനു വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടോ എന്ന സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോഴുണ്ടായ പുതിയ വെളിപ്പെടുത്തല്‍ ഈ സംശയം ശരിവയ്ക്കുന്നുവെന്നതാണ്. ജനുവരിയില്‍ ചൈനീസ് സര്‌ക്കാരിന്റെ പ്രചരണാര്‍ത്ഥം ഇറക്കിയ ആപ് വന്‍ ഹിറ്റായിരിക്കുകയാണ്. ഏകദേശം 4.4 കോടി പേരാണ് ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ ആപ്പിള്‍ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ടിക്‌ടോക് ആപ്പിനു ലഭിച്ചതിലേറെ ഡൗണ്‍ലോഡുകളാണ് ഇതെന്നു പറഞ്ഞാല്‍ അതിന്റെ ജനപ്രീതി മനസ്സിലാകുമല്ലോ. 

പക്ഷേ, പുതിയ വെളിപ്പെടുത്തല്‍ പ്രകാരം പ്രമുഖ ചൈനീസ് ടെക് ഭീമനായ ആലിബാബയാണ് സർക്കാരിനു വേണ്ടി ഇതു നിര്‍മിച്ചത്. Xuexi Qiangguo (ചൈനയെ ശക്തമാക്കാനുള്ള പഠനം) എന്ന പേരുള്ള ആപ് ഇറക്കിയത് ആലിബാബയുടെ സ്‌പെഷ്യല്‍ പ്രൊജക്ട് ടീമാണെന്നാണ് പറയുന്നത്. പക്ഷേ, കമ്പനി ഇതെപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ആലിബാബയുടെ ചെയര്‍മാന്‍ ജാക് മായാകട്ടെ (Jack Ma) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമാണ്. സർക്കാരുമായി ചൈനയില്‍ നിന്നുള്ള ടെക് കമ്പനികള്‍ സഹകരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് പുതിയ വാര്‍ത്ത. ചൈനയുടെ വാര്‍ഷിക പാര്‍ലമെന്ററി മീറ്റിനു മുന്നോടിയായാണ് ആപ് ഇറക്കിയിരിക്കുന്നത്. ചെറിയ വിഡിയോ ക്ലിപ്പുകള്‍, സർക്കാർ വാര്‍ത്തകള്‍, ക്വിസുകള്‍ തുടങ്ങിയവയാണ് ആപ്പിന്റെ ഉള്ളടക്കം. ആലിബാബയുടെ സ്വന്തം മെസേജിങ് ആപ് ആയ ഡിങ്‌ടോക്കന്റെ (DingTalk) ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ആപ്പിലേക്കും സൈന്‍-ഇന്‍ ചെയ്യാമെന്നത് മറ്റൊരു തെളിവായി എടുത്തുകാട്ടുന്നു. ഈ ആപ് നിര്‍മിച്ചതു കൂടാതെ അതിന്റെ അപ്‌ഡേഷന്‍ നടത്തുന്നതും ആലിബാബയുടെ സ്റ്റാഫാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആപ്പിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അപ്രതീക്ഷിത സ്വീകാര്യതയ്ക്ക് ഒരു കാരണം പ്രാദേശിക ഭരണസമിതികളും യൂണിവേഴ്‌സിറ്റികളും പാര്‍ട്ടി നെറ്റ്‌വര്‍ക്കുകളും എല്ലാം ആളുകളോട് ഇതു ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ ഫലമായിരിക്കാം. ഈ ആപ്പില്‍ നിന്ന് ആലിബാബ പൈസയുണ്ടാക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ, കഴിഞ്ഞ മാസം ആലിബാബയുടെ വൈസ് ചെയര്‍മാന്‍ അമേരിക്കയും മറ്റും വാവെയ് അടക്കമുള്ള വിവേചനത്തിനെതിരെ സംസാരിച്ചിരുന്നു. ചൈനയുടെ വളര്‍ച്ചയെ വാണിജ്യ യുദ്ധത്തിലൂടെ തടുക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു അദ്ദേഹം ഉന്നയിയിച്ച ആരോപണം. വാവെയ് കമ്പനിയുടെ ഉപകരണങ്ങള്‍ ചാരവൃത്തിക്ക് ഉപയോഗിക്കാമെന്നാണ് നിലനില്‍ക്കുന്ന ഒരു ആരോപണം.

സർക്കാരും ടെക് കമ്പനികളും പല കാര്യത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് എന്തിന് ?

ക്ലൗഡ് കംപ്യൂട്ടിങ്, അടിസ്ഥാനസൗകര്യമൊരുക്കല്‍ തുടങ്ങി ചൈനയുടെ 'ഇന്റര്‍നെറ്റ് പ്ലസ്' വരെയുള്ള നിരവധി കാര്യങ്ങളില്‍ ടെക് കമ്പനകള്‍ സർക്കാരിനോട് യഥേഷ്ടം സഹകരിക്കുന്നുണ്ടെന്നു തന്നെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ടിക്‌ടോകിന്റെ പിന്നിലുള്ള ബൈറ്റ്ഡാന്‍സും വീചാറ്റ് ഉടമയായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സും ചൈനയുടെ ഔദ്യോഗിക മാധ്യമ നെറ്റ്‌വര്‍ക്കുമായി സഹകരിക്കുന്നുണ്ടത്രെ. ഇത്തരം കമ്പനികള്‍ക്ക് പെട്ടെന്ന് സർക്കാർ പുതിയ പ്രൊജക്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ടാകാം. അതുപോലെ ടെക് കമ്പനികള്‍ ശേഖരിക്കുന്ന ഡേറ്റ അവര്‍ സർക്കാരിനു പകരം നല്‍കുന്നുമുണ്ടാകാം.

ചൈനക്കാര്‍ക്ക് ആപ്പിളിന്റെ ‘ചോരച്ചുവപ്പന്‍’ അഭിവാദ്യം!

അതേസമയം, ചൈനാ-അമേരിക്ക വാണിജ്യ യുദ്ധത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ഒരു കമ്പനിയാണ് ആപ്പിള്‍. ചൈനക്കാര്‍ ഐഫോണ്‍ വാങ്ങുന്നത് കഴിഞ്ഞ മാസങ്ങളില്‍ കുറച്ചു എന്നൊരു വാര്‍ത്തയുണ്ട്. എന്തായാലും ചൈനീസ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയൊരു ഉപായവുമായി ഇറങ്ങുകയാണ് ആപ്പിള്‍. ഈ വര്‍ഷം ഇറങ്ങിയ ഐഫോണുകളില്‍ ചുവന്ന നിറത്തില്‍ ഇറങ്ങിയത് ഐഫോണ്‍ XR മാത്രമായിരുന്നു. എന്നാല്‍, കൂടിയ മോഡലുകളായ ഐഫോണ്‍ XS/മാക്‌സ് മോഡലുകളും ചുവപ്പു നിറത്തില്‍ ഇറക്കാന്‍ പോകുകയാണത്രെ. പക്ഷേ, ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു എന്ന അഭിപ്രായമുള്ളവരും ഉണ്ട്. ഐഫോണുകള്‍ക്ക് വളരെ ആകര്‍ഷകമാണ് ഈ നിറമെന്നാണ് ഒരു കൂട്ടം ടെക് ജേണലിസ്റ്റുകള്‍ പറയുന്നത്.

ഈ മാസം അവസാനം പുതിയ നിറത്തിലുള്ള ഫോണുകള്‍ ഇറക്കുമെന്നാണ് കേള്‍ക്കുന്നത്. ഇവയ്ക്ക് സ്റ്റീല്‍ ബോഡിയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് അറിയുന്നത്. (ഇപ്പോള്‍ പൂര്‍ണ്ണമായും ഗ്ലാസ് ആണല്ലോ.) ചുവപ്പു നിറത്തില്‍ അണിയിച്ചൊരക്കിയ ഫോണ്‍ ചൈനയില്‍ തന്നെയായിരിക്കും അവതരിപ്പിക്കുകയും ചെയ്യുകയത്രെ. 'ചൈനാ റെഡ്' എന്നാണ് ചൈനീസ് ഉപയോക്താക്കള്‍ വരാനിരിക്കുന്ന ഈ ഫോണിനെക്കുറിച്ചു സംസാരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com