ADVERTISEMENT

രാജ്യത്തെ സ്മാർട്, ഫീച്ചർ ഫോൺ നിർമാണ കമ്പനികളെ രക്ഷിക്കാനാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങിയതും വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഫോണുകൾക്ക് കൂടുതൽ തീരുവ ചുമത്തിയതും. എന്നാൽ ഏറ്റവും കൂടുതൽ ഫോൺ വിൽപന നടക്കുന്ന ഇന്ത്യയിൽ, ഇവിടത്തെ കമ്പനികൾ അത്ര നല്ല റിപ്പോർട്ടല്ല അവതരിപ്പിച്ചത്. ഇന്ത്യയുടെ മൂന്നു മുൻനിര കമ്പനികളും വൻ നഷ്ടത്തിന്റെ കണക്കുകളാണ് അവതരിപ്പിച്ചത്. ചൈനീസ് കമ്പനികളുടെ മൽസരങ്ങൾക്ക് മുന്നിൽ ഇന്ത്യൻ ബ്രാൻഡുകൾ തകർന്നു പോയി.

 

മൈക്രാമാക്സ്, ഇന്റെക്സ്, ലാവ എന്നീ മൂന്നു ഇന്ത്യൻ ബ്രാൻഡുകളുടെ 2017–18 സാമ്പത്തിക വർഷത്തെ വരുമാനം 22 ശതമാനം ഇടിഞ്ഞ് 10,498 കോടി ആയി. എന്നാൽ ഇക്കാലയളവിൽ ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, വിവോ എന്നിവരുടെ വരുമാനം 46,120 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് വരുമാനം ഉയർന്നത്. ഷവോമി 293 കോടിയുടെ ലാഭം നേടിയപ്പോൾ ഒപ്പോയ്ക്ക് 358 കോടിയും വിവോയ്ക്ക് 120 കോടി രൂപയും നഷ്ടം നേരിട്ടു. 

 

എന്നാല്‍ മുൻ വർഷം 187 കോടി രൂപയുടെ നേടിയിരുന്ന ഇന്ത്യൻ കമ്പനികൾ 2017–18 വർഷത്തിൽ ഹാൻഡ്സെറ്റ് വില കുത്തനെ കുറക്കേണ്ടിന്നു. ഇതോടെ നഷ്ടം സഹിക്കേണ്ടിവരികയും ചെയ്തു. രാജ്യത്ത് 4ജി ഫീച്ചർ ഫോൺ വിൽപനയിൽ ജിയോഫോൺ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യൻ കമ്പനികളുടെ നഷ്ടം നടപ്പ് സാമ്പത്തിക വർഷം ഇതിലും കൂടുമെന്നാണ് പ്രവചനം.

 

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സ്മാർട് ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് ഉൾപ്പടെയുള്ള മുൻനിര കമ്പനികൾക്ക് ഇന്ന് വെല്ലുവിളികൾ ഏറെയാണ്. തീർത്തും മോശമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്തയാണ് ഇന്ന് ഈ ഇന്ത്യൻ മൊബൈൽ ബ്രാന്റുകളുടേത്. രാജ്യാന്തര ഇലക്ട്രോണിക് ഭീമൻമാരായ സാംസങ്ങിനെ പോലും പിന്നിലാക്കി ഇന്ത്യയിലെ മികച്ച ഹാൻഡ്‌സെറ്റ് ബ്രാന്റ് എന്ന നിലയിലേക്ക് പോലും എത്തിയ മൈക്രോമാക്സ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തെ മൊബൈൽ വിപണിയിലിപ്പോൾ കിതച്ച് നീങ്ങുകയാണ്.

 

മൊബൈൽ നിർമാണത്തിലെ പ്രാദേശിക വാദത്തിലൂടെ മികച്ച കുതിപ്പിന് തുടക്കമിട്ട കമ്പനിയുടെ മാർക്കറ്റ് ഷെയറുകൾ ഇടിയുകയും മുൻനിര സാങ്കേതിക വിദഗ്ധരും മറ്റ് പ്രധാന ചുമതല വഹിച്ചിരുന്ന മുതിർന്ന ജീവനക്കാരും കമ്പനി വിട്ടു പോയതോടെ നിലതെറ്റിയ മൈക്രോമാക്സ് ഇന്ത്യൻ വിപണിയെ കൈവിട്ട് വിദേശ വിപണികളിലേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ട്.

 

ഏറെ മത്സരം നിറഞ്ഞ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധാ കേന്ദ്രമാകാൻ കഴിഞ്ഞ മൈക്രോമാക്സിന് ചൈനീസ് കമ്പനി ഫോണുകളുടെ കുത്തൊഴുക്കാണ് ഭീഷണിയായത്. സാംസങ് പോലുള്ള പ്രമുഖ നിർമാതാക്കൾ പോലും വിലകുറഞ്ഞ സ്മാർട് ഫോണുകൾ പുറത്തിറക്കാൻ നിർബന്ധിതമായ ഈ സാഹചര്യത്തിൽ മൈക്രോമാക്സിന് പിടിച്ചു നിൽക്കാൻ കഴിയാത്തതിൽ അതിശയോക്തിയില്ല.

 

രണ്ടായിരമാണ്ടിൽ ന്യൂ ഡൽഹിയിൽ സ്ഥാപിതമായ മൈക്രോമാക്സ് 2008 മുതലാണ് ഇന്ത്യയിൽ മൊബൈൽ ഫോൺ വിൽപനയാരംഭിച്ചത്. നിക്ഷേപകരുടെ അപ്രതീക്ഷിതമായ പിൻമാറ്റവും മുതിർന്ന ജീവനക്കാരുടെ രാജിയും ചേർന്നപ്പോൾ കമ്പനി കാറ്റിലും കോളിലും പെട്ട നൗകയുടെ അവസ്ഥയിലേക്ക് കൂപ്പ് കുത്തി. അതിനൊപ്പം മൈക്രോമാക്സിന് ഫോൺ നിർമിച്ചു നൽകിയിരുന്ന കൂൾപാഡ് പോലുള്ള കമ്പനികൾ മികച്ച സ്പെസിഫിക്കേഷനോട് കൂടിയ വില കുറഞ്ഞ സ്മാർട് ഫോണുകൾ ഇന്ത്യയിലെത്തിച്ചത് കമ്പനിക്ക് ഇരുട്ടടിയായി.

 

മൈക്രോമാക്സിനൊപ്പം മറ്റ് ഇന്ത്യൻ ബ്രാൻറുകളായ ലാവ, കാർബൺ, ഇന്റക്സ് എന്നിവയുടെ മാർക്കറ്റ് ഷെയറുകൾക്കും ക്ഷീണം തട്ടി. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ-കൊമേഴ്സ് കമ്പനികളുമായി കൈകോർത്ത് ചൈനീസ് ബ്രാന്റുകളായ ഷവോമി, ഒപ്പോ, വിവോ, വാവെയ് എന്നിവ ഇന്ത്യയിൽ സജീവമായതോടെ മൈക്രോമാക്സിന്റെ വിപണി പ്രതിസന്ധിയിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com