ADVERTISEMENT

ഗൂഗിളിന്റെ മാതൃകമ്പനിയായി ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട്-അപ് ഫേം ഡ്രോണിലൂടെ ഭക്ഷണ സാധനങ്ങളും മറ്റും വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന സേവനം തുടങ്ങാനുള്ള അനുമതി നേടിയിരിക്കുന്നു. വിങ് (Wing) എന്നു പേരുള്ള ഈ കമ്പനിയുടെ ആദ്യ വിതരണ സേവനം ഓസ്‌ട്രേലിയയിലെ ക്യാന്‍ബറയിലാണു തുടങ്ങുക. തങ്ങളുടെ ഉദ്യമം വിജയകരമായി നടത്തിക്കാണിച്ച് ഓസ്‌ട്രേലിയയുടെ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ (സിഎഎസ്എ) അംഗീകരമാണ് വിങ് നേടിയിരിക്കുന്നത്. ഇത് ഇത്തരത്തില്‍ ലോകത്തെ ആദ്യത്തെ സംരംഭമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികാരികള്‍ പറഞ്ഞു. എന്നാല്‍, ഐസ്‌ലൻഡിലെ ഫ്‌ളൈട്രെക്‌സ് തങ്ങള്‍ ഇത്തരമൊരു സേവനം 2017ല്‍ തുടങ്ങിയതായി അവകാശവാദം ഉയര്‍ത്തുന്നുണ്ട്.

 

വിങ്ങിന്റെ കാര്യത്തിലേക്കു വന്നാല്‍, കഴിഞ്ഞ 18 മാസമായി അവര്‍ ഈ സര്‍വീസിന് അംഗീകരാം നേടാനായി ശ്രിച്ചിരുന്നതായി കാണാം. ഇക്കാലയളവില്‍ ക്യാന്‍ബറയില്‍ 3,000 ഓര്‍ഡറുകള്‍ എത്തിച്ചുകൊടുത്താണ് അവര്‍ മികവു തെളിയിച്ചത്. തുടക്കത്തില്‍ ഈ സേവനം ക്യാന്‍ബറയിലുള്ള നിശ്ചിത കുടുംബങ്ങള്‍ക്കു മാത്രമായിരിക്കും പ്രയോജനപ്പെടുത്താനാകുക. ആദ്യം 100 വീടുകളാണ് ഇതിന്റെ പരിധിയില്‍ വരിക. പിന്നീട് ഘട്ടം ഘട്ടമായി ഇതു വ്യാപിപ്പിക്കാനാണ് ഉദ്ദേശം. വിങ്ങിലൂടെ എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കമ്പനിയുടെ ആപ് ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യണം. മിനിറ്റുകള്‍ക്കുള്ളില്‍ അതു വീട്ടിലെത്തും. ഫ്രെഷായ ഭക്ഷണ സാധനങ്ങള്‍, കാപ്പി, ഐസ്‌ക്രീം, മരുന്നുകള്‍ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നു പറയുന്നു. പരീക്ഷണ ഘട്ടത്തില്‍ ഈ സേവനം നല്‍കുന്ന കിക്‌സ്റ്റാര്‍ട്ട് എക്‌സ്പ്രസോ (Kickstart Expresso) എന്ന കമ്പനിയുടെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്.

Wing-made-its-first-delivery-by-drone

 

സാധനങ്ങള്‍ നൂലില്‍ കെട്ടി ഇറക്കുകയാണു ചെയ്യുന്നത്. പരീക്ഷണ ഘട്ടത്തില്‍ ഞങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ വിലയേറിയവയാണ്. ഇതിലൂടെ ഞങ്ങളുടെ സേവനങ്ങള്‍ പരിഷ്‌കരിക്കാനായി. ഉപയോക്താക്കളുടെ ആവശ്യത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ച് മാറാനുമായെന്ന് വിങ് ബ്ലോഗില്‍ പറയുന്നുണ്ട്. വിങ് തദ്ദേശവാസികളും ഷെയര്‍ഹോള്‍ഡേഴ്‌സും നല്‍കുന്ന പ്രതികരണങ്ങള്‍ക്കു കാതോര്‍ത്തുകൊണ്ട് മുന്നോട്ടു പോകുമെന്ന് പറയുന്നു.

wing-drone-google

 

വിമര്‍ശനം

 

പരീക്ഷണ ഘട്ടത്തില്‍ ഒരു അപകടം പോലുമുണ്ടായില്ല എന്നതും വിങ്ങിന്റെ മികവു കാണിക്കുന്നു. എന്നാല്‍, ഇത് പ്രശ്‌നമില്ലാത്ത ഒന്നല്ലെന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് തദ്ദേശവാസികളില്‍ ചിലര്‍ക്ക് പ്രശ്നമുണ്ടായെന്നാണ് ക്യാന്‍ബറയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത്. വാതിലുകളും ജനാലകളും അടച്ചിട്ടാലും ഇരട്ട ആവരണമിട്ടാലും ഡ്രോണിന്റെ ശബ്ദം കേള്‍ക്കേണ്ടിവരുമെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ചിലര്‍ പരാതിയും നല്‍കിയിരുന്നു. സാധനം താഴ്ത്തി നല്‍കാനായി വായുവില്‍ നില്‍ക്കുമ്പോള്‍ വലിയ ശബ്ദമാണ് ഉണ്ടാകുന്നത്. (മനുഷ്യര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ ചെറു ജീവികളുടെയും മറ്റും അവസ്ഥ എന്തായിരിക്കുമെന്ന് പ്രകൃതി സ്‌നേഹികള്‍ ആകുലപ്പെടുന്നുണ്ട്.) തങ്ങളുടെ വസ്തുവകകള്‍ക്കു മീതെയുള്ള ഡ്രോണിന്റെ പറക്കല്‍ കടന്നുകയറ്റമാണെന്ന് ആരോപിക്കുന്നവരും കുറവല്ല.

 

സുരക്ഷ

 

wing-drone-delivery-

എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് സിഎഎസ്എ വക്താവ് പറഞ്ഞത്. വിങ്ങിനു നല്‍കിയിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഇതാ:

 

∙ ഡ്രോണുകള്‍ക്ക് വീടുകള്‍ക്കും തെരുവുകള്‍ക്കും മേലെ പറക്കാം. പക്ഷേ പ്രധാന റോഡുകള്‍ക്കു മേലെ പറക്കാനാവില്ല.

∙ അളുകളെക്കാള്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാം. സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അളുകളില്‍ നിന്ന് രണ്ടുമീറ്റര്‍ തിരശ്ചീനമായും പറക്കാം.

∙ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമണിക്കു മുൻപു ഡ്രോണ്‍ പറപ്പിക്കാന്‍ പാടില്ല. ഞായറാഴ്ച എട്ടു മണിക്കു മുൻപും പാടില്ല.

∙ സാധനങ്ങള്‍ എത്തിച്ചു കിട്ടുന്നവര്‍ക്കും ഡ്രോണ്‍ എത്തുന്ന കാര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പു നല്‍കണം.

 

വിങ് ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിനു തവണ സാധനങ്ങള്‍ സുരക്ഷിതമായി എത്തിച്ചു നല്‍കിക്കഴിഞ്ഞു. ഇതിനു സിഎഎസ്എയുടെ അംഗീകാരവും ലഭിച്ചു. ഓരോ തവണത്തെയും സുരക്ഷാ ഡേറ്റ പരിശോധിച്ച ശേഷമാണ് ഈ സേവനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് അവര്‍ പറയുന്നു.

 

ആമസോണ്‍

 

ഡ്രോണ്‍ വിതരണ മേഖലയില്‍ മുൻപന്മാരായ ആമസോണ്‍ ഇത്തരം സേവനം 2018ല്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ക്ക് അതിനു സാധിച്ചില്ല. ചില പരീക്ഷണപ്പറക്കലുകള്‍ നടത്തിയെങ്കിലും അവര്‍ അതിനു സജ്ജരല്ല എന്നാണറിയുന്നത്. ഓസ്‌ട്രേലിയയില്‍ മറ്റു നഗരങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിച്ചതിനു ശേഷം മറ്റു യൂറോപ്യന്‍ പ്രദേശങ്ങളിലേക്കും കടക്കുമെന്ന് വിങ് കമ്പനി പറയുന്നു. ഫിന്‍ലൻഡ് ആണ് കമ്പനിയുടെ മറ്റൊരു ലക്ഷ്യം. അവിടുത്തുകാര്‍ പുതിയ ടെക്‌നോളജിയെ സ്വാഗതം ചെയ്യുന്നതില്‍ മുൻപൻമാരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com