ADVERTISEMENT

അമേരിക്കയിലെ സിലിക്കന്‍ വാലിയിലെ കമ്പനികളുടെ അഴിഞ്ഞാട്ടമായിരുന്നു ഇതുവരെ നാം കണ്ട ഇന്റര്‍നെറ്റ് എന്നു വേണമെങ്കില്‍ പറയാം. സാധാരണക്കാരന്‍ പോലും ആ വിജ്ഞാന-വിനോദ വിസ്‌ഫോടനത്തില്‍ പങ്കാളിയായി. എന്നാല്‍, ഇതിനിടയില്‍ ടെക് കമ്പനികള്‍ അവരുടെ ബിസിനസ് താത്പര്യങ്ങളും ഒളിച്ചുകടത്തി. ഉപയോക്താവിനെ അവരറിയാതെ വിറ്റു കാശുണ്ടാക്കുന്ന രീതിക്കു മൂര്‍ച്ചകൂട്ടി വരികയായിരുന്നു ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികള്‍ എന്നാണ് അരോപണം. വമ്പന്‍ ടെക് കമ്പനികള്‍ക്ക് മൂക്കുകയറിടാനായി സ്വന്തം നിയമങ്ങളുമായി എത്തുകയാണ് ബ്രിട്ടൻ.

 

ടെക് കമ്പനികള്‍ക്കെതിരെ എന്തു നിയമങ്ങള്‍ കൊണ്ടുവരണം എന്നതിനെപ്പറ്റി മറ്റു രാജ്യങ്ങള്‍ക്കു വഴിതെളിക്കുന്ന തരം നിയമങ്ങളുടെ രൂപരേഖയായണ് ബ്രിട്ടൻ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. സമൂഹമാധ്യമങ്ങള്‍, സേര്‍ച്, മെസേജിങ്, ഫയല്‍ ഷെയറിങ് തുടങ്ങിയവയെ എല്ലാം ബാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഏതെങ്കിലും ക്ഷതമേല്‍ക്കുന്ന സര്‍വീസുകള്‍ക്ക് കമ്പനിയുടമകള്‍ മറുപടി നല്‍കേണ്ടിവരുന്ന രീതിയിലാണ് രൂപരേഖ തയാര്‍ ചെയ്തിരിക്കുന്നത്. 

 

ഓണ്‍ലൈനിലൂടെ ക്ഷതമേല്‍ക്കുക (online harm) എന്ന കുടക്കീഴിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. ലൈംഗികമായ കണ്ടെന്റ് ഉള്ളടക്കം ദുരുപയോഗം ചെയ്യുക, അക്രമങ്ങളടങ്ങുന്ന ഉള്ളടക്കം, വെറുപ്പു പരത്തുന്ന സംഭാഷണങ്ങള്‍, സ്വയം ക്ഷതമേല്‍പ്പിക്കല്‍, കുട്ടികളെക്കുറിച്ചുള്ള സെക്സ്റ്റിങ് തുടങ്ങിയ കാര്യങ്ങളെല്ലം ഇതിന്റെ പരിധിയില്‍ വരും. ലോകത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

 

എന്താണു സംഭവിക്കുന്നത്?

 

നമുക്ക് ഫെയ്‌സ്ബുക്കിന്റെ കാര്യമെടുക്കാം. ആര്‍ക്കും അക്കൗണ്ട് എടുക്കുകയും എന്തും എഴുതിവിടുകയോ, അപ്‌ലോഡ് ചെയ്യുകയോ ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോം എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഇതിലെ പോസ്റ്റുകള്‍ കൊണ്ട് എവിടെയെങ്കിലും കലാപമുണ്ടായാലും ആരുടെയെങ്കിലും കുടുംബം തകര്‍ന്നാലും കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് സുരക്ഷിതനായി ഇരിക്കാം. (സക്കര്‍ബര്‍ഗിന്റെ ഓഫിസില്‍ ആക്രമണമുണ്ടായാല്‍ രക്ഷപെടാനായി ഒരു രഹസ്യ വാതില്‍ (secret escape chute) പോലുമുണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.) ഒരു ഉത്തരവാദിത്വവും ഏല്‍ക്കേണ്ടെന്നു തന്നെയല്ല ഉപയോക്താക്കള്‍ എടുക്കുന്ന ജോലിയിലൂടെ ഒന്നുമറിയാതെ ശതകോടികള്‍ വര്‍ഷാവര്‍ഷം നേടുകയും ചെയ്യാം.

 

പുതിയ നിയമങ്ങള്‍ അമേരിക്കന്‍ ടെക് ഭീമന്മാരെ അവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പടരുന്ന അഭ്യൂഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും മറ്റും ഉത്തരവാദികളാക്കാനാണ് ബ്രിട്ടൻ ഉദ്ദേശിക്കുന്നത്. രണ്ടാഴ്ച മുൻപ് സക്കര്‍ബര്‍ഗ് തന്നെ പറയുകയുണ്ടായി രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കണമെന്ന്. കഴിഞ്ഞമാസം ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായ ആക്രമണത്തില്‍ ഫെയ്‌സ്ബുക്, യുട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ അതിരൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. ആക്രമണകാരി തന്റെ ക്രൂരത ഫെയ്‌സ്ബുക് ലൈവിലൂടെ കാണിച്ചിരുന്നു. ഫെയ്‌സ്ബുക്കിനു കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന സ്വയം പരിക്കേല്‍പ്പിക്കല്‍ ഫോട്ടോകള്‍ കണ്ട് ആത്മഹത്യ ചെയ്ത മോളി റസല്‍ എന്ന കുട്ടിയെക്കുറിച്ചുള്ള ചിന്തകള്‍ ബ്രിട്ടനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

 

ബ്രിട്ടന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട്ട് സമര്‍പ്പിച്ച ധവളപത്രത്തില്‍ പറയുന്നത് ടെക് കമ്പനികളുടെ ചെയ്തികളെ നിരീക്ഷിക്കാന്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ വേണമെന്നാണ്. ഈ ഡിപ്പാര്‍ട്ട്‌മെന്റിന് സിലിക്കന്‍ വാലി ഭീമന്മാര്‍ക്ക് വന്‍ പിഴയിടാനും സക്കര്‍ബര്‍ഗ് പോലെയുള്ള എക്‌സിക്യൂട്ടീവുമാരില്‍ കുറ്റം കണ്ടെത്താനുമുള്ള അധികാരവും വരെ നിക്ഷിപ്തമാക്കാനാണ് നിര്‍ദ്ദേശം. ഏറ്റവും വലിയ കമ്പനികള്‍ക്കുള്ള ഫൈന്‍ ബില്ല്യന്‍ കണക്കിനു ഡോളറുകളായിരിക്കും. ടെക് കമ്പനികള്‍ക്ക് ഇനി ശ്രദ്ധയുടെ കര്‍മം ('duty of care') കൂടിയുണ്ടാകും. ഇതിനാല്‍ അവരുടെ വെബ്‌സൈറ്റുകളിലൂടെ നിയമവിരുദ്ധവും ഉപദ്രവകരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിച്ച് ഉപയോക്താക്കള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്കു ബാധകമാക്കാനാണ് ബ്രിട്ടന്റെ നീക്കം.

 

ലോകമെമ്പാടുമുള്ള ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ഇന്റര്‍നെറ്റ് ഉജ്ജ്വലമാണ്. എന്നാല്‍ ഈ നീണ്ട കാലയളവില്‍ ടെക് ഭീമന്മാര്‍ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല, പ്രത്യേകിച്ചും കുട്ടികളെയും ചെറുപ്പക്കാരെയും ഉപദ്രവകരമായ ഉള്ളടക്കങ്ങളില്‍ നിന്നു സംരക്ഷിച്ചിട്ടില്ലെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരെസാ മെയ് പറഞ്ഞു. അതു പോര. കാര്യങ്ങള്‍ മറ്റു രീതിയില്‍ ചെയ്യേണ്ട സമയം എത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നിയമം മൂലം ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുകയാണ്. അതിലൂടെ പൊതുജനത്തിന് അവരുടെ മേലുള്ള വിശ്വാസം തിരിച്ചെത്തിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.

 

എന്നാല്‍, ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന രൂപരേഖ നിയമകാകാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ നിര്‍ദ്ദേശങ്ങളില്‍ എത്രയെണ്ണം നിയമാകുമെന്നും കാത്തിരുന്നു കാണേണ്ട കാര്യമാണ്. 

 

ഫെയ്‌സ്ബുക് 'ധാര്‍മിക പാപ്പരത്വമുള്ള നുണയന്മാര്‍' എന്ന് ന്യൂസിലൻഡ് പ്രവൈസി തലവന്‍

 

ഫെയ്‌സ്ബുക്കിനും മറ്റു സിലിക്കന്‍ വാലി ഭീമന്മാര്‍ക്കുമെതിരെയുള്ള എതിർപ്പ് ലോകമെമ്പാടും തലപൊക്കുകയാണ്. ന്യൂസിലന്‍ഡിന്റെ പ്രൈവസി മേധാവി ജോണ്‍ എഡ്വേഡ്‌സ് ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിച്ചത് ധാര്‍മിക പാപ്പരത്വമുള്ള രോഗാതുരരായ നുണയന്മാര്‍ ('morally bankrupt pathological liars') എന്നാണ്. ഫെയ്‌സ്ബുക്കിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു. അവര്‍ ജനാധിപത്യം നശിപ്പിക്കുന്നു, അവര്‍ ആത്മഹത്യകളുടെയും ബലാല്‍സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ലൈവ് സ്ട്രീമിങ് അനുവദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

 

ഫെയ്‌സ്ബുക്ക് ലൈവിന്റെ കാര്യത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ക്കെതിരാണ് ജോണ്‍ എഡ്വേഡ്‌സ് ഇതു പറഞ്ഞത് എന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com