ADVERTISEMENT

'ബ്രിട്ടൻ, അമേരിക്ക, ഇക്വഡോർ രാജ്യങ്ങളിലെ അധികാരികളെല്ലാം മാധ്യമപ്രവര്‍ത്തനത്തിനെതിരെ വന്‍ ആക്രമണമാണു നടത്തിയിരിക്കുന്നത്. ഈ ഓര്‍ഡറില്‍ ഒപ്പിട്ട ഓരോ അധികാരിയും അയാളുടെ ഷൂസിനുള്ളില്‍ വിറയ്ക്കുന്നുണ്ടാകണം. കാരണം ഇന്റര്‍നെറ്റിന്റെ ശക്തിയെ അവര്‍ക്കെതിരെ തുറന്നു വിടാന്‍ പോകുന്നു. സിഐഎയും അമേരിക്കന്‍ പ്രസിഡന്റും മുതല്‍ (ജൂലിയന്‍) അസാൻജിനെ അറസ്റ്റു ചെയ്യാന്‍ എംബസിയിലെത്തിയ ഉദ്യോഗസ്ഥര്‍ വരെ ജനങ്ങളുടെ ശത്രുക്കണാണ്. അനോണിമസിന് ഇപ്പോള്‍ നിഷ്‌ക്രീയമാകാനാവില്ല.' വിക്കി ലീക്ക് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ അറസ്റ്റിനെ തുടര്‍ന്ന് പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് നടത്തിയ ഭീഷണിയാണിത്. ഇക്വഡോറിന്റെ ലണ്ടനിലുള്ള എംബസിയിലെത്തിയാണ് അസാൻജിനെ 'ബ്രിട്ടന്റെ പൊലിസ് അമേരിക്കയ്ക്കു വേണ്ടി അറസ്റ്റു ചെയ്തത്. ഇക്വഡോര്‍ ഏഴു വര്‍ഷത്തെ രാഷ്ട്രീയ അഭയം നല്‍കി അദ്ദേഹത്തെ സംരക്ഷിച്ചു വരികയായിരുന്നു.

 

ഇക്വഡോറിന്റെ നീക്കത്തെയും അനോണിമസ് വിമര്‍ശിച്ചു. അസാൻജിനെ മോചിപ്പിക്കൂ. ഇല്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും– അനോണിമസ് പറയുന്നു. വിസില്‍ബ്ലോവര്‍മാരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടിഷ് സർക്കാരിനും ലോകമെമ്പാടുമുള്ള അവരുടെ കൂട്ടുകാര്‍ക്കുമെതിരെയാണ് തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നതെന്നും അനോണിമസ് പറയുന്നു. ജനങ്ങളില്‍ നിന്ന് തങ്ങളുടെ രഹസ്യങ്ങള്‍ സുരക്ഷിതമാക്കാനായി ഈ സർക്കാരുകള്‍ ഏതറ്റം വരെയും പോകുമെന്നതാണ് വിക്കീലീക്‌സിനും മറ്റു വിസില്‍ബ്ലോവര്‍മാര്‍ക്കുമെതിരെയുള്ള നിയമ നടപടികളെന്നും അവര്‍ പറയുന്നു.

 

അസാൻജിനെ സർക്കാരുകളുടെ ശത്രുവായി കാണുന്നത് അദ്ദേഹം ഇടംവലം നോക്കാതെ സർക്കാരുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തുറന്നു കാട്ടിയുതകൊണ്ടാണ്, അനോണിമസ് പറയുന്നു. ഇക്വഡോര്‍ തങ്ങള്‍ നല്‍കിയ അഭയം പിന്‍വലിച്ച നടപടി അന്തര്‍ദേശീയ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും അവര്‍ പറയുന്നു. അസാൻജിനെ ഒരു ക്രൗണ്‍ കോടതി കുറ്റക്കാരനായി മുൻപ് കണ്ടെത്തിയിരുന്നു. അസാൻജിനെ അറസ്റ്റു ചെയ്ത് ജൂണ്‍ 12നു മുൻപ് നല്‍കണമെന്ന് അമേരക്ക ആവശ്യപ്പെട്ടാതായും പറയുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അദ്ദേഹത്തിനു മേല്‍ അരോപിക്കപ്പെട്ട കുറ്റവും പുറത്തുവിട്ടു. അമേരിക്കയുടെ ഒരു മുന്‍ പട്ടാള ഉദ്യോഗസ്ഥനായി ചെല്‍സി മാനിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്കയുടെ സർക്കാർ കംപ്യൂട്ടറുകളിലേക്കു നുഴഞ്ഞുകയറി പാസ്‌വേഡ് എടുക്കാന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

 

അസാൻജിന്റെ അറസ്റ്റിനെ തുടര്‍ന്ന് 40,000 ലേറെ പേർ ഒപ്പിട്ട മെമ്മോറാണ്ടം ബ്രിട്ടിഷ് സർക്കാരിനു സമര്‍പ്പിച്ചു. അദ്ദേഹത്തെ വിട്ടുകൊടുക്കരുതെന്നാണ് ഇവരുടെ ആവശ്യം. വിധി ഇപ്പോള്‍ത്തന്നെ വ്യക്തമാണ്. കൊല്ലാന്‍ വിധിച്ചില്ലെങ്കില്‍ ജീവപര്യന്തമെങ്കിലും ഉറപ്പാണ്. ഇതു കൂടാതെ ചെല്‍സി മാനിങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ, മോശം പെരുമാറ്റവും അസാൻജിനു നേരിടേണ്ടിവരും. അസാൻജിനെ അമേരിക്കയ്ക്കു കൈമാറ്റം ചെയ്യുന്നതോടെ പടിഞ്ഞാറന്‍ ലോകത്ത് മാധ്യമ സ്വാതന്ത്ര്യവും വധിക്കപ്പെടുമെന്നും മെമ്മോറാണ്ടം പറയുന്നു. 

 

ഓസ്‌ട്രേലിയക്കാരനായ അസാൻജിന്റെ അറസ്റ്റിനെക്കുറിച്ച് മറ്റൊരു ലോക പ്രസിദ്ധ വിസില്‍ബ്ലോവറായ എഡ്‌വേഡ് സനോഡന്‍ പറഞ്ഞത് 'മാധ്യമസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷം' എന്നാണ്.

 

മാധ്യമപ്രവര്‍ത്തകനും, 'ദി ഇന്റര്‍സെപ്റ്റി'ന്റെ സ്ഥാപകനുമായ ഗ്ലെന്‍ ഗ്രീന്‍വെള്‍ഡ് അസാൻജിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കാത്ത സഹ മാധ്യമപ്രവര്‍ത്തകരെ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ സേനയുടെ ഒരു കെട്ടു ഡോക്യുമെന്റുകള്‍ പുറത്താക്കിയാണ് അസാൻജ് പ്രശസ്ഥനാകുന്നത്. ഇതില്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും അമേരിക്കന്‍ സേനയുടെ ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങും. ഇക്വഡോര്‍ എംബസി അദ്ദേഹത്തിന് അഭയം നല്‍കിയത് 2012ല്‍ ആണ്. അദ്ദേഹത്തിനെതിരെ സ്വീഡനില്‍ ഒരു ലൈംഗികാരോപണവും ഉണ്ട്. എന്നാല്‍, അസാൻജ് ഇത് തളളിക്കളഞ്ഞിരുന്നു. ഇത് രാഷ്ട്രീയ പ്രചോദിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ സേനയുടെ പേപ്പറുകള്‍ ലീക്കയാതിനു ശേഷം മെനഞ്ഞ കഥയാണിതെന്നാണ് അദ്ദേഹം പറയുന്നത്. പില്‍ക്കാലത്ത് സ്വീഡന്‍ സർക്കാർ ഈ കേസു പന്‍വലിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com