ADVERTISEMENT

ക്രോം വെബ് ബ്രൗസറിനു വേഗം കുറവാണ്, വേണ്ടത്ര സുരക്ഷയില്ല തുടങ്ങി പരാതികൾ കുറച്ചൊന്നുമല്ല മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് ഒടുവിൽ ക്രോമിയം എൻജിനിലേക്ക് എഡ്ജ് ബ്രൗസറിനെയാകെ പറിച്ചുനട്ട് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. രാഷ്ട്രീയത്തിൽ എൽഡിഎഫും യുഡിഎഫും പോലെയാണ് വെബ് ബ്രൗസറുകൾക്കിടയിൽ ക്രോമിയം ബ്രൗസറുകളും കുത്തക ബ്രൗസറുകളും. ക്രോമിയം ബ്രൗസറുകൾ ഗൂഗിളിന്റെ ക്രോമിയം എന്ന ഓപൺസോഴ്സ് പദ്ധതിയിൽ അധിഷ്ഠിതമാണ്. അതിന്റെ സോഴ്സ് കോഡ് എല്ലാവർക്കും കാണാം, പരിഷ്കരിക്കാം. 

 

ഇന്നു ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസറിനു പുറമേ ഒപേറ, ബ്രേവ്, വിവാൾഡി തുടങ്ങിയ മറ്റുള്ള ബ്രൗസറുകളിൽ ഏറിയപങ്കും ക്രോമിയത്തിൽ നിർമിച്ചതാണ്. മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ, അതിന്റെ തുടർച്ചയായെത്തിയ എഡ്ജ്, ആപ്പിൾ സഫാരി എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രമാണ് ഓപൺസോഴ്സ് അല്ലാതെ കമ്പനികളുടെ കുത്തകയായി തുടരുന്നത്. ഇവയുടെ സോഴ്സ് കോഡ് പരസ്യമല്ല.

microsoft-edge

 

എഡ്ജ് ബ്രൗസർ ക്രോമിയത്തിലേക്കു മാറ്റുന്നതോടെ ബ്രൗസർ യുദ്ധത്തിലെ വലിയൊരു മുന്നണിമാറ്റമാണ് അരങ്ങേറിയിരിക്കുന്നത്. പുറമേ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെങ്കിലും എഡ്ജ് ബ്രൗസർ ഉള്ളിൽ അടിമുടി മാറി. മൈക്രോസോഫ്റ്റിന്റെ സ്വന്തം എഡ്ജ് എച്ച്ടിഎംഎൽ, ചക്ര ബ്രൗസർ എൻജിനുകളിലാണ് നിലവിലുള്ള എഡ്ജ് ബ്രൗസറിന്റെ പ്രവർത്തനം. ഇതിൽ നിന്നാണ് ഗൂഗിളിന്റെ ക്രോമിയത്തിലേക്കുള്ള ചുവടുമാറ്റം. ക്രോമിയത്തിലേക്കുള്ള മാറ്റത്തിന് ഗൂഗിൾ എൻജിനീയർമാരിൽ നിന്ന് അഭൂതപൂർവമായ പിന്തുണയും സഹായവുമാണ് ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

 

ക്രോമിയം എഡ്ജ് ബ്രൗസർ ഇപ്പോൾ 64 ബിറ്റ് വിൻഡോസ് 10 കംപ്യൂട്ടറുകൾക്കു മാത്രമാണുള്ളത്. ഡവലപർ, കാനറി പതിപ്പുകൾ മൈക്രോസോഫ്റ്റ് എഡ്ജ് ഇൻസൈഡറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com