ADVERTISEMENT

സ്മാർട് ഫോണിലും മറ്റു ഡിജിറ്റൽ ഡിവൈസുകളിലും ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് ആരും കരുതേണ്ട. ദൃശ്യങ്ങൾ പകർത്തിയവരുടെയും അതു സ്വീകരിച്ചവരുടെയും ഫോണുകളിൽ നിന്ന് എവിടേക്കും പോകുന്നില്ല. കൂടുതൽ പേരിലേക്ക് എത്തുകയല്ലാതെ ആ വിഡിയോകൾ എന്നും ഓൺലൈൻ ലോകത്ത് കറങ്ങിനടക്കും.

 

അടുത്തകാലത്തായി, ഏതു ക്രിമിനൽ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈൽ ഫോണും വാട്സാപ്പുമുണ്ട്. പലപ്പോഴും പ്രതികൾക്കൊപ്പം, ചിലപ്പോൾ ഇരയ്ക്കൊപ്പം, മറ്റു ചിലപ്പോൾ സാക്ഷിക്കൊപ്പം. കേസ് എന്തുതന്നെയായാലും കുറ്റപത്രം സമർപ്പിച്ചു വിചാരണ തുടങ്ങുമ്പോൾ ഈ മൊബൈൽ ഫോൺ കൂറുമാറി പൊലീസിന്റെ പക്ഷത്താവും. അത്രയധികം തെളിവുകളാണു മൊബൈൽ ഫോണുകൾ അന്വേഷണ ഘട്ടത്തിൽ പൊലീസിനു കൈമാറുന്നത്. അടുത്ത കാലത്ത് സംഭവിച്ച മിക്ക ദുരന്തങ്ങളിലും വില്ലൻ സ്മാർട് ഫോൺ വഴി പകർത്തിയ രഹസ്യ ദൃശ്യങ്ങൾ തന്നെയായിരുന്നു.

 

തെളിവുകൾ സ്വയം നഷ്ടപ്പെടുത്തുന്ന പൊലീസ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തൊണ്ടിയായി പിടികൂടിയാൽ അതു പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറോ ഉദ്യോഗസ്ഥരുടെ സ്വകാര്യ കംപ്യൂട്ടറോ ഉപയോഗിച്ചു പരിശോധിച്ചു തെളിവ് അതിലുണ്ടെന്ന് ഉറപ്പാക്കുന്ന രീതി പൊലീസിനുണ്ട്. സിഡികൾ, പെൻഡ്രൈവ്, മെമ്മറി കാർഡ്, സ്മാർട് ഫോൺ, ലാപ് ടോപ്പ്, ടാബ് എന്നിവയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ തുറന്നു പരിശോധിക്കുക. സൈബർ രംഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണു പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. ചില ഫയലുകൾ ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്തു കാണാൻ കഴിയുന്നതായിരിക്കും.

 

ഡിലീറ്റ് ചെയ്ത രഹസ്യ, സ്വകാര്യ വിഡിയോകളും ഫെയ്സ്ബുക് സൂക്ഷിക്കുന്നു

 

ഫെയ്സ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്ത വിഡിയോകളും പോസ്റ്റുകളും ചിത്രങ്ങളും സന്ദേശങ്ങളുമെല്ലാം അവര്‍ സൂക്ഷിക്കുന്നുവെന്ന ഗുരുതരമായ ആരോപണമുണ്ട്. ഫെയ്സ്ബുക്കിലെ വിവരങ്ങള്‍ ആര്‍ക്കൈവ് ചെയ്ത ഉപഭോക്താക്കളാണ് ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടും വരുന്നത് കണ്ട് ഞെട്ടിയത്. ഡിലീറ്റ് ചെയ്യുകയെന്നാല്‍ ഫെയ്സ്ബുക് ഉപയോഗിക്കുന്നവരുടെ കാഴ്ച്ചയില്‍ നിന്നുമാത്രം മറയ്ക്കുകയാണ് ചെയ്തിരുന്നതെന്ന് തെളിയിക്കുന്നതാണ് പുതിയ തെളിവുകള്‍. ഉപഭോക്താക്കള്‍ ഡിലീറ്റു ചെയ്തുവെന്ന് വിശ്വസിച്ചിരുന്ന ഓരോ ഫയലുകളുടേയും പകര്‍പ്പുകള്‍ ഫെയ്സ്ബുക് സ്വന്തം സെര്‍വറില്‍ സൂക്ഷിച്ചുവെന്നാണ് ഇതോടെ തെളിയുന്നത്. 

 

വാട്‌സാപ്പില്‍ ഡിലീറ്റ് ചെയ്തവ വീണ്ടെടുക്കാം

 

സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും വാട്‌സാപ്പിന്റെയും ഉപഭോക്താക്കളാണ്. വാട്‌സാപ്പിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ പലപ്പോഴും പ്രാധാന്യമില്ലെന്ന് തോന്നുന്നവ മായ്ച്ചുകളയുന്നതും പതിവാണ്. ഇത്തരത്തില്‍ ഒരിക്കല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും പിന്നീട് വേണമെന്ന് തോന്നിയാല്‍ ഡൗൺലോഡ് ചെയ്തെടുക്കാൻ വഴിയുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

 

നഷ്ടപ്പെട്ടെന്ന് കരുതിയ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ആൻഡ്രോയിഡ് ഡേറ്റ റിക്കവറി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീണ്ടെടുക്കാനാകും. ഇത്തരം ടൂളുകൾ ഉപയോഗിച്ച് ഫോൺ റിപ്പെയറിങ് ഷോപ്പുകളിൽ അനധികൃതമായി ഡേറ്റ ചോർത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com