ADVERTISEMENT

ക്രിക്കറ്റിൽ സാങ്കേതിക സംവിധാനങ്ങളുടെ സഹായം തേടുന്നത് പുതിയ വാർത്തയല്ല. എന്നാൽ ടീമുകളെ തിരഞ്ഞെടുക്കുന്ന ജോലി വരെ ടെക്നോളജിയെ ഏൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനെയും തിരഞ്ഞെടുക്കാൻ വർഷങ്ങളോളം ലഭ്യമായ ഡേറ്റകൾ വിശകലനം ചെയ്തുവെന്നാണ് റിപ്പോർ‌ട്ട്. ഡേറ്റാ വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റു ടെക്നോളജി ടൂളുകൾ എല്ലാം ടീം സെലക്‌ഷന്റെ ഭാഗമായി.

 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്ത് പുറത്തായതിനു കാരണം സെലക്‌ഷന്‍ കമ്മറ്റി മീറ്റിങ്ങിനു മുൻപു നടന്നുവെന്നു പറയപ്പെടുന്ന ഡേറ്റാ അനാലിസിസ് കാരണമാണോ? ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദും ബോര്‍ഡിന്റെ ആക്ടിങ് ചെയര്‍മാന്‍ അമിതാഭ് ചൗധരിയും ചേര്‍ന്നു പ്രഖ്യാപിച്ച ടീം സിലക്‌ഷനില്‍ ചില വിവാദ തീരുമാനങ്ങളുണ്ടെന്നും അതിന്റെ കാരണം ഒരു പരിധി വരെ സെലക്ടര്‍ക്കും മറ്റും മുൻപില്‍ നടത്തിയ ഡേറ്റാ വിശകലന സെഷന്‍ ആയിരിക്കാമെന്നും പുതിയ വാര്‍ത്തകള്‍ പറയുന്നു. വൈഭവമുള്ള വിക്കറ്റ് കീപ്പറായ പന്തും മിഡില്‍ ഓര്‍ഡറിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റായിഡുവും പുറത്തിരിക്കേണ്ടിവന്നതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്.

 

ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ഡേറ്റാ വിശകലനം നടത്തുന്ന വ്യക്തിയായ സികെഎം ധനഞ്ചയ് ലോക കപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ സാധ്യതയുള്ള എല്ലാ കളിക്കാരെക്കുറിച്ചുമുള്ള ഒരു സ്വോട്ട് (SWOT) വിശകലനം സെലക്ടര്‍മാര്‍ക്കു മുൻപില്‍ നടത്തിയിരുന്നു. ഇതോടൊപ്പം 2017 ചാംപ്യന്‍സ് ട്രോഫിക്കു ശേഷം എതിര്‍ ടീമുകളിലെ കുറിച്ചുളള വിവരങ്ങളും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അഞ്ചംഗ സെലക്ടര്‍മാര്‍ക്ക് മൂന്നര മണിക്കൂര്‍ നീളുന്ന വിശകലനമാണ് നല്‍കിയത്. ഇതിലൂടെ സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ഒത്തു ചേരുന്നതിനു മുൻപ് കളിക്കാരുടെ പ്രകടനത്തെക്കുറച്ചും എതിരാളികളെക്കുറിച്ചും ഒരു ധാരണയുണ്ടാക്കാനായി എന്നു പറയുന്നു. ഈ ഡേറ്റാ വിശകലനത്തില്‍, ലോകകപ്പ് സമയത്തെ കാലാവസ്ഥ, ഗ്രൗണ്ട് ഡേറ്റ ഉൾപ്പടെയുളള കാര്യങ്ങള്‍ സെലക്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ദിനേഷ് കാര്‍ത്തിക് ഏതെല്ലാം ദിശയിലാണ് തന്റെ സ്‌കോറിങ് ഷോട്ടുകള്‍ ഉതിര്‍ക്കുന്നത്, പന്ത് അവസാന ഓവറുകളില്‍ എങ്ങനെയാണ് കളിച്ചു കണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചു എന്നാണ് പറയുന്നത്.

 

ഇത്രയും കാലം സെലക്ടര്‍മാര്‍ കളിയിലെ സ്‌കോര്‍ സ്‌ട്രൈക് റേറ്റ്, എത്ര വിക്കറ്റ് എടുത്തു തുടങ്ങിയ കാര്യങ്ങള്‍ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ഡേറ്റാ വിശകലനം ചെയ്യുന്നതിന് കമ്മറ്റി പരിഗണിച്ചതായി പറയുന്ന പുതിയ ചില കാര്യങ്ങള്‍ ഇവയാണ്:

 

∙ ഹോം ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ടീമിന്റെ മിടുക്കെന്ത്?

∙ ഇംഗ്ലണ്ടിലെ വിവിധ ഗ്രൗണ്ടുകളില്‍ അവരുടെ ടീമിലെ കളിക്കാര്‍ എങ്ങനെയൊക്കെയാണ് പ്രകടനം നടത്തിയിരിക്കുന്നത്?

∙ ഇന്ത്യക്കെതിരെ ഏതൊക്കെ തരം ബൗളിങ് ആക്രമണങ്ങളാണ് വിവിധ ടീമുകളില്‍ നിന്നു പ്രതീക്ഷിക്കാവുന്നത്?

∙ ഇന്ത്യന്‍ റിസ്റ്റ് സിപിന്നര്‍മാര്‍ക്കെതിരെ ന്യൂസീലൻഡ് ടീം എങ്ങനെ കളിച്ചു?

∙ ഇന്ത്യയുടെ ഓര്‍ത്തഡോക്‌സ് ലെഫ്റ്റ്-ആം സ്പിന്നര്‍മാരെ ഓസ്‌ട്രേലിയ മത്സരിത്തിന്റെ ഒരു പ്രത്യേക സമയത്ത് എങ്ങനെയാണ് നേരിട്ടത്?

∙ കളിയുടെ പ്രത്യേക ഘട്ടത്തല്‍ കേദാര്‍ ജാദവിന്റെ സ്‌ട്രൈക് റേറ്റ് എത്രയായിരുന്നു?

∙ ടീമിന്റെ ഓപ്പണര്‍മാരടക്കം ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാര്‍ ഒരു ടീമിനെതിരെ കളിക്കാന്‍ വിഷമിച്ചെങ്കില്‍ ആ സമയത്തെ കണ്ടിഷന്‍സ് എന്തൊക്കെയായിരുന്നു? 

∙ ഏതൊക്കെ തരം ബൗളിങ് ആക്രമണങ്ങളാണ് പ്രതീക്ഷിക്കേണ്ടത്?

∙ ചില ബൗളര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ബാറ്റ്‌സമാന്മാര്‍ ആരൊക്കെയാണ്?

 

സെലക്‌ഷന്‍ കമ്മറ്റി മീറ്റിങ്ങിനു മുൻ‌പ് ഇത്തരമൊരു സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള മീറ്റിങ് നടന്നതായും ഭാവിയില്‍ ഈ രീതിയിലുള്ള മീറ്റിങ്ങുകള്‍ നടത്തിയേക്കാമെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞത്.

 

ഇന്ത്യയിലെ കായിക രംഗം അതിവേഗമാണ് വളരുന്നത്. ഗ്രൗണ്ടുകളില്‍ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യ എല്ലാ രംഗത്തും ഉപയോഗിക്കുന്നതിലും ഇതു കാണാമത്രെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ഈ രംഗത്തെ ഒരു അവിഭാജ്യ ഘടകമാകുകയാണ്. ബെറ്റിങ് വ്യവസായവും എഐയുടെയും മെഷീന്‍ ലേണിങ്ങിന്റെയും ശേഷി ഉപയോഗപ്പെടുത്തുന്നുവെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com