ADVERTISEMENT

നേരത്തെ പറഞ്ഞു കേട്ടതു പോലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ ഇ-കൊമേഴ്‌സ് രംഗം പിടിച്ചെടുക്കാന്‍ ഇറങ്ങുന്നതിന്റെ ആദ്യ, വ്യക്തമായ സൂചനകള്‍ വന്നു തുടങ്ങി. റിലയന്‍സിന്റെ ബിസിനസ് ടു ബിസിനസ് (ബി2ബി) സംരംഭത്തിലൂടെ ഭക്ഷണം മുതല്‍ ഫാഷന്‍ വരെ എല്ലാം വില്‍പന നടത്താനാണ് ഉദ്ദേശമെന്നു പറയുന്നു. ഇതിനായി ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉൽപാദിപ്പിച്ച് ഫ്ലിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും വില്‍പന നടത്തുന്ന ഉൽപന്നങ്ങള്‍ മുഴുവന്‍ പിന്‍വലിച്ചു തുടങ്ങി. തുണി, ഷൂസ്, ലൈഫ്‌സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാം പിന്‍വലിക്കുകയാണത്രെ. സ്വന്തം പ്രൊഡക്ടുകള്‍ കൂടാതെ രാജ്യാന്തര ഉൽപാദകരില്‍ നിന്ന് റിലയന്‍സ് സമാഹരിച്ച്, റിലയന്‍സിന് ഇന്ത്യയില്‍ വില്‍പനാവകാശമുള്ള ഇ-കൊമേഴ്‌സ് മറ്റുല്‍പന്നങ്ങളും പിന്‍വലിക്കുകയാണ്.

കഴിഞ്ഞ മാസങ്ങളിൽ ഈ പ്രക്രിയയ്ക്ക് ആക്കം കൂടിയതാണ് റിലയന്‍സ് സ്വന്തം ഇ-കൊമേഴ്‌സ് വെബ്സൈറ്റ് തുറക്കാനുള്ള സാധ്യത അടുത്തുവെന്നു പറയാന്‍ കാരണം. റിലയൻസ് ഇകൊമേഴ്സ് സംരംഭം ഈ വര്‍ഷാവസാനം തന്നെ തുടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഇതേക്കുറിച്ച് അറിവുള്ള ഏതാനും പേര്‍ വെളിപ്പെടുത്തി. ആഗോള ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ നിന്ന് ഏറ്റവുമധികം കമ്പനികളുടെ വില്‍പനാവകാശം കൈയ്യാളുന്ന കമ്പനിയാണ് റിലയന്‍സ്. ഡീസല്‍, കെയ്റ്റ് സ്‌പെയ്ഡ്, സ്റ്റീവ് മാഡന്‍, ബര്‍ബറി, കനാലി, എംപോറിയോ അര്‍മാനി, ഫുര്‍ല, ജിമ്മി ചൂ, മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് റിലയന്‍സാണ്. നിലവിലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയാണ് ഇവ വിറ്റുവരുന്നത്.

എന്നാല്‍, സ്വന്തം ഇ-കൊമേഴ്‌സ് കച്ചവടം തുടങ്ങിയാല്‍ ഇത്തരം ബ്രാന്‍ഡുകള്‍ മറ്റെവിടെയും ലഭ്യമാക്കില്ല. റിലയന്‍സ് ട്രെന്‍ഡ്‌സും റിലയന്‍സ് ബ്രാന്‍ഡ്‌സുമാണ് ഇവ വില്‍ക്കുന്നത്. ഇരു കമ്പനികളോടും വരും ആഴ്ചകളില്‍ അന്യ വില്‍പനക്കാരിലൂടെ വില്‍ക്കുന്ന എല്ലാ ഉല്‍പനങ്ങളും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും കമ്പനി നിർത്തി. ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടിലും മറ്റുമുള്ള സ്റ്റോക് വിറ്റു തീര്‍ന്നാല്‍ ഇനി പ്രൊഡക്ടുകള്‍ എത്തിക്കില്ല. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നൽകാൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിസമ്മതിച്ചു. റിലയന്‍സ് ബ്രാന്‍ഡ്‌സ് ആണ് ആഗോള ഫാഷന്‍ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നത്. അവരോട് മൂന്നാം കക്ഷികളുടെ വെബ്‌സൈറ്റിലൂടെയുള്ള വില്‍പന നിർത്താന്‍ അധികാരികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞുവെന്ന് അറിയുന്നു. ഈ മാസം അവസാനത്തോടെ ഇത്തരം വില്‍പന തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എജിയോ.കോം (Ajio.com) വെബ്‌സൈറ്റിലൂടെ മാത്രം വില്‍ക്കാനാണ് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതത്രെ. ഇത് മറ്റു കമ്പനികള്‍ക്ക് വമ്പന്‍ തിരിച്ചടി തന്നെയായിരിക്കുമെന്നു പറയുന്നു. കഴഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് ഉല്‍പനങ്ങള്‍ക്ക് 336.41 കോടി രൂപ ലഭിച്ചതായി പറയുന്നു.

ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സേവനമായിരിക്കാം റിലയന്‍സ് അവതരിപ്പിക്കുന്നത്. ഇന്ത്യയാകെ പടര്‍ന്നു കിടക്കുന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയ്‌ലിന്റെയും മറ്റ് ദശലക്ഷക്കണക്കിനു ചെറുകിട വില്‍പനക്കാരുടെയും അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും അവര്‍ വിപണി പിടിക്കുക. പല മാര്‍ഗ്ഗങ്ങളിലൂടെയുള്ള വില്‍പനയിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനുള്ള സാധ്യതയാണു തെളിഞ്ഞു വരുന്നതെന്നു വിലയിരുത്തലുകളുണ്ട്. റിലയന്‍സിന്റെ ഫാഷന്‍ ഉല്‍പനങ്ങള്‍ വിൽക്കുന്ന വെബ്‌സൈറ്റാണ് എജിയോ.കോം. സർക്കാർ തങ്ങളുടെ എഫ്ഡിഐ നിയമങ്ങള്‍ കഴിഞ്ഞ വര്‍ഷം പുതുക്കിയതോടെ റിലയന്‍സിന് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും മേല്‍ വ്യക്തമായ ആധിപത്യം നേടാനായേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

വിദേശ കമ്പനികള്‍ക്ക് സ്വതന്ത്ര വില്‍പനക്കാരും വാങ്ങുന്നയാള്‍ക്കും മധ്യേ ഇടനിലക്കാരനാകാന്‍ മാത്രമെ ഇപ്പോഴത്തെ നിലയില്‍ സാധ്യമാകൂ. അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും വില്‍ക്കാനോ, ഉല്‍പന്നങ്ങള്‍ വാങ്ങാനോ, അവ സൂക്ഷിച്ചുവച്ചു വില്‍ക്കാനോ അധികാരമില്ല. എന്നാല്‍, എഫ്ഡിഐ ഇല്ലാത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതെല്ലാം ചെയ്യാം. ഇതോടെ വില പോലും ഇന്ത്യന്‍ കമ്പനികള്‍ക്കു തീരുമാനിക്കാം. ഏതു നിലവാരമുള്ള പ്രൊഡക്ടുകള്‍ നല്‍കണമെന്നും എത്രവേഗം ഉപയോക്താവിന്റെ അടുത്തെത്തണമെന്നുമൊക്കെ അവര്‍ക്കു തീരുമാനിക്കാം. ഇതെല്ലാമായിരിക്കും ഇ-കൊമേഴ്‌സിലെ ജയപരാജയങ്ങള്‍ നിർണയിക്കുക എന്നതിനാല്‍ വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാര്‍ട്ടും ആമസോണും നന്നേ വിയര്‍ത്തേക്കും.

ഫ്ലിപ്കാര്‍ട്ട് വാള്‍മാര്‍ട്ട് മേധാവിയെ അദ്ഭുതപ്പെടുത്തി

അതേസമയം, ഇപ്പോഴത്തെ ഇ-കൊമേഴ്‌സ് പ്രധാനിയായ ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ ഉടമയായ വാള്‍മാര്‍ട്ടിന്റെ പ്രസിഡന്റ് ഡഗ് മക്മില്ലന്‍ ഇന്ത്യയിലെത്തി. കമ്പനിയിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാനെത്തിയ അദ്ദേഹത്തെ ഫ്ലിപ്കാര്‍ട്ട് അദ്ഭുതപ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഫ്ലിപ്കാര്‍ട്ട് ഉപയോഗിക്കുന്ന ടെക്‌നോളജി അമേരിക്കയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ആധുനികമാണെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാള്‍മാര്‍ട്ട് അമേരിക്കയില്‍ ഉപയോഗിക്കുന്ന ടെക്‌നോളജി ഫ്ലിപ്കാര്‍ട്ടുമായി തട്ടിച്ചു നോക്കിയാല്‍ വളരെ മോശമാണ് എന്നാണ് കമ്പനിയുടെ പുതിയ ഉടമ പറഞ്ഞത്. ഇതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com