ADVERTISEMENT

യുവാക്കളുടെ ജനപ്രിയ ആപ്പ് ടിക് ടോക് ഇന്ത്യയിൽ ഭാഗികമായി നിരോധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ ഗൂഗിൾ, ആപ്പിൾ പ്ലേ സ്റ്റോറുകളിൽ നീക്കം ചെയ്ത ടിക് ടോക് ആപ്പ് തുടർന്നും ഉപയോഗിക്കാമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നിലവിൽ ടിക് ടോക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വിഡിയോ നിർമിക്കുകയും പോസ്റ്റ് ചെയ്യുകയും ആവാം. 

 

ടിക് ടോക്കിന് ഗൂഗിളും ആപ്പിളും നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. രാജ്യത്ത് ടിക് ടോക് നിരോധിച്ചതായുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനാൽ തന്നെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കുന്നതിന് നിയമതടസ്സങ്ങളില്ല.

 

ടിക് ടോക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വേണ്ട സൗകര്യമൊരുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നുമാണ് കമ്പനിയുടെ അറിയിപ്പ്. ടിക് ടോക് വെബ്സൈറ്റും സെര്‍വറുകളിൽ നിന്നുള്ള വിഡിയോകളും ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്. ഇത് സംബന്ധിച്ചു കോടതിയില്‍ നിന്നുള്ള അവസാന വിധി വന്നിട്ടു ശേഷമായിരിക്കും ടിക് ടോക് പൂർണമായി നിരോധിക്കണമോ വേണ്ടയോ എന്ന തീരുമാനം വരികയെന്നാണ് കരുതുന്നത്.

 

ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രം ടിക് ടോകിന് പ്രതിമാസം 12 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ടിക് ടോക് ഉടമയായ ബൈറ്റ് ഡാൻസ് കുറച്ചു കാലമായി ഇന്ത്യൻ മാർക്കറ്റിൽ കണ്ണുവച്ചിരിക്കുകയുമായിരുന്നു. എന്നാൽ നിരോധനം ടിക് ടോക് അധികൃതരെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മധുര സ്വദേശിയായ അ‍‍ഡ്വക്കേറ്റ് മുത്തുകുമാർ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.

 

ഇതേത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി ആപ്പിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. തുടർന്ന് കേന്ദ്രം ആപ്പിളിനും ഗൂഗിളിനും കത്തയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com