ADVERTISEMENT

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാൻജിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹാക്കര്‍മാരുടെ ഗ്രൂപ്പായ അനോണിമസ് അടക്കം പലരും തിരച്ചടി പ്രതീക്ഷിച്ചോളാന്‍ പറഞ്ഞിരുന്നു. ഹാക്കര്‍മാരുടെ ആക്രമണം തുടങ്ങിയിരിക്കുന്നത് ഇക്വഡോറിലാണ്. രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപമന്ത്രി പട്രീഷ്യോ റിയല്‍ പറഞ്ഞത് രാജ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ്. ദിവസവും ഏകദേശം നാലു കോടി ആക്രമണങ്ങള്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്.

 

അസാൻജിന്റെ അറസ്റ്റിനു മുൻപ് സൈബര്‍ ആക്രമണം നേരിടുന്ന കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇക്വഡോറിന്റെ സ്ഥാനം 51 ആയിരുന്നു. എന്നാല്‍ അതിനു ശേഷം അത് 31 ആയെന്നും റിയല്‍ പറഞ്ഞു. പബ്ലിക് വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളില്‍ പലതും. കേന്ദ്ര ബാങ്ക്, പ്രസിഡന്‍സി, വിദേശകാര്യ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആക്രമണം ക്രമാതീതമായി പെരുകിയിരിക്കുന്നത്. ഈ വെബ്‌സൈറ്റുകളെ പൂട്ടിക്കെട്ടാനുള്ള തരം ആക്രണങ്ങളാണ് നടക്കുന്നത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനിയല്‍ ഓഫ് സര്‍വീസ് (DDoS) ആക്രമണങ്ങളാണ് പെരുകിയിരിക്കുന്നത്.

 

താങ്ങാനാകാത്തത്ര ഓട്ടോമേറ്റഡ് റിക്വസ്റ്റുകള്‍ അയച്ചാണ് വെബ്‌സൈറ്റുകളുടെയും മറ്റും പ്രവര്‍ത്തനം താറുമാറാക്കുന്നത്. സെര്‍വറുകളുടെ പ്രവര്‍ത്തനം നിർത്തേണ്ടിവരുന്ന രീതിയിലാണ് ആക്രമണം. ഇതുവരെ ഡേറ്റാ ചോര്‍ത്തുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോര്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിനു ശേഷം സർക്കാർ ജോലിക്കാർക്കോ, പൊതുജനങ്ങൾക്കോ സർക്കാർ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനാകുന്നില്ല എന്നാണ് റിയല്‍ പറയുന്നത്. ഏതു ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് ഇപ്പോള്‍ അറിയില്ല. എന്നാല്‍ അനോണിമസ് മുൻപ് ഭീഷണി മുഴക്കിയിരുന്നതായി റിയല്‍ പറഞ്ഞു.

 

അസാൻജ് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയിലായിരുന്നു കഴിഞ്ഞ ഏഴു വര്‍ഷമായി കഴിഞ്ഞിരുന്നത്. അവിടെ നിന്നു പുറത്തായ ശേഷമായിരുന്നു അറസ്റ്റ്. അമേരിക്കന്‍ സർക്കാരിനെതിരെ ഹാക്കിങ് നടത്തിയെന്ന ആരോപണമാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. മുന്‍ അമേരിക്കന്‍ സൈനികനും മറ്റൊരു വിസില്‍ബ്ലോവറുമായ ചെല്‍സി മാനിങ്ങുമായി ചേര്‍ന്നാണ് അദ്ദേഹം ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് ചില രേഖകള്‍ വെളിയില്‍ വിട്ടിരുന്നു. ഒരു വിഡിയോ അടക്കമായിരുന്നു പുറത്തുവിട്ടത്. ഈ ക്ലിപ്പില്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ രണ്ടു പത്രപ്രവര്‍ത്തകരെ സൈന്യം വെടിവച്ചു കൊല്ലുന്നതായിരുന്നു ഉണ്ടായിരുന്നത്. അസാൻജിനെ ഇനി അമേരിക്കയ്ക്കു കൈമാറാനാണു സാധ്യത.

 

രാജ്യങ്ങളിലും മറ്റും നടക്കുന്ന അനീതികള്‍ പുറം ലോകത്തെത്തിക്കാനായി ലോകമെമ്പാടുമുള്ളവര്‍ക്കു പ്രയോജനപ്പെടുത്താനായി ആണ് അസാൻജ് വിക്കീലീക്‌സ് തുടങ്ങിയത്. സമാന ചിന്താഗതിക്കാരായ പലുരടെയും സഹായവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. വിദഗ്ധര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്ന വിക്കിലീക്‌സ് കൊണ്ട് ലക്ഷ്യമിട്ടത്. മറ്റുളളവരും ഉണ്ടായിരുന്നെങ്കിലും അസാൻജ് ആണ് വിക്കിലീക്‌സിനു പിന്നിലെന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നിരുന്നത്.

 

2011 ഫെബ്രുവരിയില്‍ ഒരു ബ്രിട്ടിഷ് ന്യായാധിപന്‍ അസാൻജിനെ സ്വീഡനു വിട്ടുകൊടുക്കണമെന്ന് വിധിച്ചു. ലൈംഗികാരോപണമായിരുന്നു കാരണം. അസാൻജ് ഇതുപാടെ നിഷേധിച്ചിക്കുകയും രാഷ്ട്രീയ പ്രേരിതമാണ് ഈ ആരോപണം എന്നു പറയുകയും ചെയ്തിരുന്നു. പിന്നീട് സ്വീഡന്‍ ഈ കേസു പിന്‍വലിച്ചിരുന്നു. 2012 ജൂണിലാണ് അസാൻജിന് ഇക്വഡോര്‍ എംബസി രാഷ്ട്രീയാഭയം നല്‍കുന്നത്. 2018ല്‍ ഇക്വഡോര്‍ തങ്ങള്‍ അദ്ദേഹത്തിന് പൗരത്വം നല്‍കിയതായും പറഞ്ഞിരുന്നു. അസാൻജിനെ ഇക്വഡോര്‍ പുറത്താക്കാന്‍ പോകുന്നുവെന്ന് 2019 ഏപ്രില്‍ 6ന് വിക്കീലീക്‌സ് ട്വീറ്റു ചെയ്തിരുന്നു. ഏപ്രില്‍ 11ന് ഇക്വഡോര്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com