ADVERTISEMENT

ദിവസങ്ങൾക്ക് മുൻപാണ് ജനപ്രിയ ആപ്ലിക്കേഷൻ ടിക് ടോകിന് ഇന്ത്യയിൽ ഭാഗിക നിരോധനം വന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് ടിക് ടോക് നീക്കിയത്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ടിക് ടോക് ആപ്പിന്റെ ഡൗൺലോഡ് പന്ത്രണ്ടിരട്ടി വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തേർഡ് പാർട്ടി സെര്‍വറുകളിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ടിക് ടോക് എപികെ ഫയലുകളാണ് ഡൗൺലോഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ ഗൂഗിൾ സെർച്ചിലെ ട്രന്റിങ് ടിക് ടോക് ഡൗൺലോഡ്, ടിക് ടോക് ഡൗൺലോഡ് എപികെ എന്നാണ്. സെർച്ചിങ്ങിൽ മുന്നിൽ നിൽക്കുന്നത് കേരളവും പഞ്ചാബുമാണ്. അതേസമയം, എപികെ ഫയലുകള്‍ പ്ലേ സ്റ്റോറിൽ നിന്നല്ലാതെ ഡൗൺ ലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും ഏറെ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷൻ കൂടിയാണ് ടിക് ടോക്. ഇതിനാൽ തന്നെ വരും ദിവസങ്ങളിൽ വ്യാജ ടിക് ടോക് ആപ്പുകൾ ഉപയോഗിച്ച് വെട്ടിക്കൽ, പറ്റിക്കലുകൾക്ക് സാധ്യതയുണ്ടെന്നും ടെക് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.‌

പുതിയ പേരിൽ ടിക് ടോക് എപികെ ഫയലുകൾ പ്രത്യക്ഷപ്പെടാം. സോഷ്യൽമീഡിയ ഉപയോക്താക്കളെ ചൂഷണം ചെയ്യാൻ ഈ സമയം മിക്ക ഹാക്കര്‍മാരും ഉപയോഗപ്പെടുത്തിയേക്കാം. വിലക്കിയ ടിക് ടോക് ആപ് എന്ന പേരിലെത്തുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാരുടെ കയ്യിലെത്തും. സ്വകാര്യ വിഡിയോകൾ, ചിത്രങ്ങൾ എല്ലാം ഹാക്കർമാരുടെ കൈവശമെത്തും.

ഗൂഗിൾ സെർച്ചിൽ കയറി ടിക് ടോക് എപികെ ഡൗൺലോഡ് ലിങ്ക് സെർച്ചിങ് തുടങ്ങും. പ്ലേസ്റ്റോറിൽ നിന്നല്ലാതെ ഒരു ആപ്പിന്റെ വ്യാജ പകർപ്പുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നത് ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയാണ്. ഐഫോൺ പുറത്തുനിന്നുള്ള ആപ്പുകൾ സ്വീകരിക്കുകയും ഇല്ല.

ടിക് ടോകിന്റെതെന്ന് പറഞ്ഞു വരുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ വിഡിയോകളും ചിത്രങ്ങളും മറ്റൊരു സെർവറിലേക്ക് കോപ്പി ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരം എപികെ ഫയലുകള്‍ ഇൻസ്റ്റാൾ ചെയ്യുമ്പോൾ Permission Allow കൊടുക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം തന്നെ ഹാക്കറുടെ കയ്യിലൊതുങ്ങും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com