ADVERTISEMENT

ലോകമെമ്പാടുമുള്ള യുവതീയുവാക്കള്‍ സാധനങ്ങള്‍ വാങ്ങുന്ന രീതിക്ക് കാര്യമായ മാറ്റം വരാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം കൂടിയ ചൈനയില്‍ ഈ മാറ്റം വന്നു കഴിഞ്ഞു. ചൈനയിലെ മാറ്റങ്ങള്‍ മറ്റു രാജ്യങ്ങളിലും താമസിയാതെ വരുമെന്നാണ് ടെക് ജേണലിസ്റ്റുകള്‍ പ്രവചിക്കുന്നത്. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനിരിക്കുന്നവര്‍ക്കും പരിഗണിക്കാവുന്ന ആശയമാണിത്.

 

ഭാവിയില്‍ പല സാധനങ്ങളും വാങ്ങാന്‍ ചെറുപ്പക്കാര്‍ നഗരങ്ങളിലെ കടകളെ ആശ്രയിച്ചേക്കില്ല. ഓണ്‍ലൈന്‍ വില്‍പനാ കേന്ദ്രങ്ങളുടെ സേവനം ധാരാളമായി ഉപയോഗപ്പെടുത്തിയേക്കാമെങ്കിലും മുതിര്‍ന്നവര്‍ ചെയ്യുന്നതു പോലെ അവയില്‍ കയറി ബ്രൗസു ചെയ്തും മറ്റുമായിരിക്കില്ല അവര്‍ക്കു വേണ്ട ഉൽപന്നങ്ങൾ വാങ്ങുകയത്രെ. വരാനിരിക്കുന്ന ഷോപ്പിങ് രീതികള്‍ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. സമൂഹമാധ്യമങ്ങളിലെ താരങ്ങളും, ഓണ്‍ലൈന്‍ വില്‍പനാ കേന്ദ്രങ്ങളും ഒത്തു ചേര്‍ന്നുള്ളതാണ് പുതിയ വാങ്ങല്‍ രീതികള്‍.

 

ജനറേഷന്‍ Z

 

1996നു ശേഷം ജനിച്ചവരെയാണ് ജനറേഷന്‍ Z, അല്ലെങ്കില്‍ ജെന്‍ Z എന്നു വിളിക്കുന്നത്. ഇവര്‍ മൊബൈല്‍ ഉപകരണങ്ങളിലും സമൂഹമാധ്യമങ്ങളിലും ജീവിച്ചവരാണെന്നും കാണാം. അവര്‍ക്ക് സ്വന്തം കൈ വെള്ളയെക്കാള്‍ സുപരിചിതമായിരിക്കും സ്മാര്‍ട് ഫോണും മറ്റും ഇന്റര്‍നെറ്റില്‍ സെർച്ച് ചെയ്യലും. ഇവര്‍ സാധനങ്ങള്‍ വാങ്ങുന്ന രീതിയാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. ഇന്ത്യയില്‍ കാര്യമായി പ്രചാരം നേടാത്തതും വന്‍ ബിസിനസ് സാധ്യത ഒളിഞ്ഞിരിക്കുന്നതുമായ ഒരു ആശയമാണ് സോഷ്യല്‍ മീഡിയ ഷോപ്പിങ് വെബ്‌സൈറ്റ് എന്നത്. ചൈനയിലെ ഏറ്റവും പ്രശസ്തമായ അത്തരം വെബ്‌സൈറ്റുകളില്‍ ഒന്നാണ് ഷവോഹോങ്ഷു (Xiaohongshu). ഇത് ഒരേസമയം ഒരു ഓണ്‍ലൈന്‍ വില്‍പനാ ശാലയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.

 

ഇത്തരം വെബ്‌സൈറ്റുകളില്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ക്ലാസുകളുണ്ട്. ക്ലാസുകള്‍ക്കും സംഭാഷണങ്ങള്‍ക്കും ഡെമോണ്‍സ്‌ട്രേഷന്‍സിനും ഇടയ്ക്കും ഒടുവിലുമെല്ലാം അതില്‍ പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകളുടെ ലിങ്കുകള്‍ നല്‍കുന്നു. ചെറുപ്പക്കാര്‍ ഒന്നും നോക്കാതെ ഇവ വാങ്ങുന്നു. ഈ പ്രൊഡക്ടുകള്‍ പരിചയപ്പെടുത്തുന്നവര്‍ക്ക് അവ വില്‍ക്കുമ്പോള്‍ ലാഭം ലഭച്ചേക്കാമെന്നു വച്ച് വാങ്ങേണ്ടന്നു വയ്ക്കുന്ന സ്വഭാവം അവര്‍ക്കില്ല. മുതിര്‍ന്നവര്‍ അതു ചെയ്‌തേക്കുമെങ്കിലും.

 

china-sale

ചൈനയിലെ കുട്ടികളെല്ലാം തന്നെ ഒറ്റ സന്തതിയാണ്. എന്നു പറഞ്ഞാല്‍ മിക്ക വീട്ടിലും ഒറ്റക്കുട്ടിയേ കാണൂ. അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും ലാളന ഏറ്റുവാങ്ങുന്നതിനൊപ്പം പോക്കറ്റ് മണിയും നേടുന്നു. ഈ പ്രായത്തിലുള്ളവര്‍ ചൈനയില്‍ 13 ശതമാനം വരെ ഷോപ്പിങ് നടത്തുന്നുവെന്നു പറയുന്നു. അമേരിക്കയിലും ബ്രിട്ടനിലും പോലും ഇത് മൂന്നു ശതമാനമാണ്. ചൈനയുടെ റീട്ടെയിൽ ബിസിനസിന്റെ നെടുംതൂണായി ഇവര്‍ വളരുമെന്നാണ് പറയുന്നത്.

 

ബ്രാന്‍ഡ് നെയ്മുകള്‍ക്ക് ഇവര്‍ പുല്ലുവിലയാണു കല്‍പ്പിക്കുന്നതെന്നത് വമ്പന്‍ ബ്രാന്‍ഡുകളെ ഭയപ്പെടുത്തയേക്കാം. പേരെടുത്ത ബ്രാന്‍ഡിന്റെ സാധനം വാങ്ങിയാല്‍ മികച്ചതായിരിക്കുമെന്ന ചിന്ത അവരുടെ മനസ്സുകളില്‍ പതിഞ്ഞിട്ടില്ല. പരമ്പരാഗത പരസ്യങ്ങളും അവരില്‍ ഏശുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലരും കടകളും പരമ്പരാഗത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും ഒഴിവാക്കിയുള്ള ഷോപ്പിങ്ങാണു നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ (social media influencers) പറയുന്നതു വേദവാക്യമായി എടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സന്ദേശങ്ങളിലൂടെയും ചെറിയ വിഡയോകളിലൂടെയും ലൈവ് സ്ട്രീമിങ്ങിലൂടെയും തങ്ങളുടെ ഓഡിയന്‍സിലേക്ക് എത്തുന്നു. സോഷ്യല്‍ മീഡിയ ആപ്പുകളാണ് ഇന്‍ഫ്‌ളുവന്‍സറും അയാളെ ഫോളോ ചെയ്യുന്നയാളും കണ്ടുമുട്ടുന്ന ഇടം.

 

ചൈനീസ് ഷോപ്പിങ്ങിലെ പുതുയുഗം ലോകമെമ്പാടും പ്രചരിക്കപ്പെടുമെന്നാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. ഇതു മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ചൈനയിലെ വന്‍ കമ്പനികളും സ്റ്റാര്‍ട്ട്-അപ്പുകളുമെല്ലാം. ആലിബാബ, ഗ്രൂപ് ഹോള്‍ഡിങ്‌സ്, ബൈറ്റ്ഡാന്‍സ് (ടിക്‌ടോക്കിന്റെ ഉടമ) തുടങ്ങിയ കമ്പനികള്‍ മുതല്‍ ഐക്യുയി (iQiyi) വരെയുള്ള കമ്പനികളെല്ലാം. പുതുമയുള്ള എന്തും പരീക്ഷിച്ചു നോക്കാനുള്ള ഒരു താത്പര്യമാണ് ജെന്‍ Zന്റെ പ്രധാന മുഖമുദ്ര. ഷോപ്പിങ് രീതി അപ്‌ഗ്രേഡു ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. ഈ ഗ്രൂപ്പിനെ അവഗണിച്ച് ഭാവിയെക്കുറിച്ചു ചിന്തിക്കാനാവില്ല എന്നാണ് ഐക്യുയിയുടെ ജനറല്‍ മാനേജര്‍ പറയുന്നത്.

 

ഐക്യൂയി നെറ്റ്ഫ്‌ളിക്‌സ് പോലെ ഒരു സ്ട്രീമിങ് സേവനമാണ്. അവരുടെ സിനിമകളും ഷോകളും മറ്റും കംപ്യൂട്ടറിലോ ഫോണിലൊ എല്ലാം കാണുമ്പോള്‍ അതിനു താഴെ നിടീനടന്മാരും സെലബ്രിറ്റികളും മറ്റും ഇട്ടിരിക്കുന്ന തരത്തിലുള്ള ഉടുപ്പും മറ്റു വാങ്ങാനുള്ള ലിങ്കുകളും നല്‍കും. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് വരുത്തിയാണ് ഷോപ്പിങ് സാധ്യമാക്കുന്നത്. ലിങ്കുകള്‍ നേരെ ഐക്യുയിയുടെ ഷോപ്പിങ് വെബ്‌സൈറ്റിലേക്കു പോകും! ഇത് ഇന്ത്യയിലും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണെന്നു വേണം കരുതാന്‍. സോഷ്യല്‍ ഷോപ്പിങ് എന്നു വിശേഷിപ്പിക്കുന്ന ഈ രീതി ചൈനയില്‍ 2022 ല്‍ 15 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ഇന്‍സ്റ്റഗ്രാമും സ്‌നാപ്ചാറ്റും ഈ രീതി പരീക്ഷിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ കൊമേഴ്‌സ് അമേരിക്കയില്‍ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളു. എങ്കിലും തുടക്കം മോശമല്ല. 2018ല്‍ 1694 കോടി ഡോളറിനാാണ് ഇത്തരം കച്ചവടം നടന്നത്.

 

ചൈനയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റം വളരെയധികം പുരോഗമിച്ചു എന്നതും സോഷ്യല്‍ ഷോപ്പിങ്ങിന് ഗുണകരമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവര്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ടെങ്കിലും അവര്‍ വെബ്സൈറ്റില്‍ ചെന്നല്ല വാങ്ങുന്നത്. തങ്ങള്‍ക്കു കിട്ടുന്ന ലിങ്കുകള്‍ നയിക്കുമ്പോഴാണ് അവര്‍ ഇത്തരം സൈറ്റുകളിലെത്തുന്നത് എന്നതാണ് വ്യത്യാസം. പുതിയ ട്രെന്‍ഡ് മുതലാക്കാന്‍ ഒരുങ്ങുകയാണ് ആലിബാബയും ടിക്‌ടോക്കും ടെന്‍സെന്റും അടക്കമുള്ള കമ്പനികള്‍. സമൂഹമാധ്യമ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ വില്‍പനാ ശാലകളും ചേര്‍ന്നുള്ളതാണ് പുതിയ ഷോപ്പിങ് രീതി.

 

സോഷ്യല്‍ മീഡിയയിലേക്ക് കുത്തിയൊഴുകുന്ന പണം പേരെടുത്ത ബ്രാന്‍ഡുകള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും ഭീഷണിയാകുമെന്നാണ് സൂചന. ബ്രാന്‍ഡുകള്‍ക്ക് ആവശ്യക്കാരുടെ ശ്രദ്ധയും വിശ്വാസ്യതയുമാര്‍ജിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നേക്കാമെന്നു പറയുന്നു. സോഷ്യല്‍ ഷോപ്പിങ്ങിന് അതിന്റെ സെലിബ്രിറ്റികള്‍ സൃഷ്ടിക്കപ്പെടുകയാണ്. അവരുടെ വാക്കായിരിക്കും അന്തിമം. ഇവരില്‍ പലരും ഹോളിവുഡ് നടീനടന്മാരെക്കാള്‍ പൈസ സമ്പാദിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അതായത് പുതിയ ഷോപ്പിങ് സംസ്‌കാരത്തിന്റെ ചുക്കാന്‍ പിടിക്കുക ഇത്തരം സെലിബ്രിറ്റികളായിരിക്കും. ഇവരില്‍ പലരും നിഷ്പക്ഷമായ അഭിപ്രായങ്ങളാണ് പറയുന്നതെന്നാണ് ഇവരുടെ ഫോളോവര്‍മാര്‍ വിശ്വസിക്കുന്നത്. ഇവരെക്കൂടാതെ ബ്ലോഗര്‍മാരും ഉപദേശം നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com