ADVERTISEMENT

ഇപ്പോള്‍ തനിക്കു നടക്കാന്‍ വളരെ കുറച്ചിടം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും തന്റെ അകക്കാമ്പ് വൈപുല്യവും നിറക്കൂട്ടുമുള്ള ഒന്നായി രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ വാവെയുടെ ഉടമയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ മെങ് വാന്‍സൂ ജോലിക്കാര്‍ക്കെഴുതിയ വികാരനിര്‍ഭരമായ കത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ ഒന്നിനാണ് അവര്‍ അറസ്റ്റിലാകുന്നത്. ഇറാന് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച കമ്പനിക്ക് വാവെയുമായുള്ള ബന്ധം മറച്ചുവച്ചു എന്ന ആരോപണത്തിന്മേലാണ് അവര്‍ വാന്‍കൂവറില്‍ അറസ്റ്റിലാകുന്നത്. ഇതാകട്ടെ, വിനാശകരമായേക്കാവുന്ന ചൈനാ-അമേരിക്കാ വാണിജ്യ യുദ്ധത്തിനും തുടക്കമിട്ടിരിക്കുകയാണ്.

എന്നാല്‍, മെങിന്റെ കത്ത് ചര്‍ച്ചായകുന്നത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കപ്പുറമാണ്. കാനഡയില്‍ അറസ്റ്റിലായ അവരെ അമേരിക്കയ്ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്ന കേസില്‍ വാദം നടക്കുകയാണ്. കോടീശ്വരിയായ വെങ് ആകട്ടെ അധികാരികള്‍ക്ക് തന്നെ യഥേഷ്ടം ട്രാക്കു ചെയ്യാനായി സ്വന്തം ചിലവില്‍ 24 മണിക്കൂറും ജിപിഎസ് അണിഞ്ഞാണ് ജീവിക്കുന്നത്. 'തന്റെ വളരെ അടുത്ത പങ്കാളികളേ' എന്നാണ് അവരെഴുതിയ കത്തില്‍ വാവെയുടെ 188,000 ത്തോളം വരുന്ന ജോലിക്കാരെ അഭിസംബോധന ചെയ്യുന്നത്. ശാരീരികമായി തനിക്ക് ഉപയോഗിക്കാന്‍ വളരെ കുറച്ചു സ്ഥലം മാത്രമെ അനുവദിക്കപ്പെട്ടിട്ടുള്ളുവെങ്കിലും തന്റെ അകക്കാമ്പ് മുൻപൊരിക്കലും ഇല്ലാത്ത രീതിയില്‍ വൈപുല്യമുള്ളതും വര്‍ണ്ണാഭവുമായി തീര്‍ന്നിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

തിരക്കിനിടയില്‍ തനിക്ക് മുൻപൊരിക്കലും വാവെയുടെ 188,000 ജോലിക്കാരോട് ഇത്ര അടുത്തു പെരുമാറാനായിട്ടില്ല. എല്ലാത്തിനും ഒരു നല്ല വശമുണ്ട്. ജോലിക്കാരോട് ഇത്ര ഗാഢമായ ബന്ധം സ്ഥാപിക്കാനായി എന്നത് തനിക്ക് വസന്തത്തിലെ ഇളങ്കാറ്റ് അനുഭവിക്കുന്നതിനു തുല്യമായി അനുഭവപ്പെടുന്നുവെന്നും അവര്‍ പറയുന്നു.

ഓരോ തവണയും തന്റെ കേസിലെ കോടതി നടപടികള്‍ തീരുമ്പോള്‍ വാവെയുടെ ജോലിക്കാര്‍ രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞിരുന്ന് ഫലമെന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു. അവര്‍ ലോകത്തെ വിവിധ രാജ്യങ്ങളിലാണ് വസിക്കുന്നത്. ഇതു കണ്ട് താന്‍ കരഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലെല്ലാം വാവെയുടെ ജോലിക്കാരില്‍ നിരവധി പേര്‍‌, പലരെയും താന്‍ അറിയുക പോലുമില്ല, തന്റെ സുരക്ഷയില്‍ ആകുലരായി സന്ദേശങ്ങളയയ്ക്കുന്നു. അവര്‍ നിരന്തരം തനിക്ക് ശുഭാശംസകള്‍ നേരുകയും സന്ദേശങ്ങളിലൂടെ തനിക്ക് ഉന്മേഷം പകരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഓരോ തവണയും ഇത്തരം സന്ദേശങ്ങള്‍ കാണുമ്പോള്‍ വിവരണാതീതമായ ഒരു വികാരം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലുണരുന്നു. ഇപ്പോള്‍ വാന്‍കൂവറിലുള്ളവരായ വാവെയുടെ മുന്‍ ജോലിക്കാര്‍ പോലും കേസുള്ള ദിവസം അതിരാവിലെ തന്നെ കോടതി പരിസരത്തെത്തി തനിക്ക് ഏതു രീതിയില്‍ പിന്തുണ നല്‍കാനാകുമെന്ന് നോക്കുന്നുവെന്നും മെങ് കത്തില്‍ പറയുന്നു.

നിങ്ങളുടെ ഉത്കണ്ഠ എന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. അതെന്നില്‍ ശക്തി നിറയ്ക്കുന്നു. ഇപ്പോള്‍ താന്‍ ഓരോ ചുവടും വയ്ക്കുമ്പോള്‍ തനിക്കൊപ്പം വാവെയുടെ 188,000 ജോലിക്കാരും അതേ ചുവടുവയ്ക്കുന്നതായി അനുഭവിക്കുന്നു. അതുകൊണ്ട്, താന്‍ ഏതു തരം വിഷമതകളോ സമ്മര്‍ദ്ദമോ നേരിട്ടാലും ഹൃദയത്തിന്റെ അടിത്തട്ടില്‍ ശക്തിയുള്ളവളായിരിക്കും. നിങ്ങളുടെയും എന്റെയും കരങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന ശക്തി വാവെയെ ഒരു കോട്ട പോലെ ശക്തിയുള്ളതാക്കുന്നു. എല്ലാവര്‍ക്കും നന്ദി. നമുക്ക് ഒരുമിച്ചു മുന്നോട്ടു നീങ്ങാമെന്നാണ് വാവെയ് കമ്പനി പുറത്തുവിട്ട കത്തില്‍ മെങ് പറയുന്നത്.

meng

മെങ് ചെയ്തുവെന്ന് അമേരിക്ക ആരോപിക്കുന്ന കുറ്റം ചെയ്തിട്ടില്ലെന്ന് വാവെയ് പലതവണ കോടതിയില്‍ വാദിച്ചു കഴിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് അവരുടെ അറസ്റ്റ് എന്ന് മെങിന്റെ വക്താവ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. അവരെ അമേരിക്കയ്ക്കു കൈമാറാനുള്ള വാദം തുടങ്ങുന്നത് 2020 ജനുവരിയിലാണ്. എന്നാല്‍ ചൈനാ-അമേരിക്കാ വാണിജ്യ യുദ്ധത്തിനു പിന്നില്‍ വെങിന്റെ അറസ്റ്റാണെങ്കില്‍ അതില്‍ തീര്‍ച്ചയായും ഇടപെടുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com