ADVERTISEMENT

5ജി വരുന്നതോടെ ഇന്റർനെറ്റ് വേഗത്തിലുണ്ടാകാൻ പോകുന്ന വർധനയെപ്പറ്റിയും ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) രംഗത്തുണ്ടാകാൻ പോകുന്ന വിപ്ലവത്തെപ്പറ്റിയുമൊക്കെ നമുക്ക് ഒരുപാട് പ്രതീക്ഷകളാണുള്ളത്. 5ജി വരുന്നതോടെ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ അവസ്ഥയിൽ 5ജി വന്നാൽ എല്ലാം കുളമാകാനാണു സാധ്യതയെന്ന് നാസയും യുഎസ് പ്രതിരോധവകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്.

5ജി സിഗ്നലുകൾ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തിൽ കാലാവസ്ഥാപ്രവചനങ്ങൾ അവതാളത്തിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി 5ജി സ്പെക്ട്രം ലേലം ഉടൻ നടത്തരുതെന്നു നാസയും യുഎസ് പ്രതിരോധവകുപ്പും സർക്കാരിനോട് മാസങ്ങളായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അതു തള്ളിക്കളഞ്ഞുകൊണ്ട് ഇപ്പോൾ 5ജി സ്പെക്ട്രം ലേലം ആരംഭിച്ച സാഹചര്യത്തിലാണ് എല്ലാം കുളമാകാൻ പോകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്.

ഉയർന്ന ഫ്രീക്വൻസിയിലുള്ള 5ജി സിഗ്നലുകൾ അന്തരീക്ഷത്തിലെ ബാഷ്പധ്രുവീകരണം കൃത്യമായി അളന്നെടുക്കാനുള്ള കാലാവസ്ഥാ ഉപഗ്രങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് തെറ്റായ കാലാവസ്ഥാ പ്രവചനങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. അന്തരീക്ഷബാഷ്പത്തെ ഉപഗ്രഹങ്ങൾ അളന്നെടുക്കുന്നത് 23.8 ജിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്. 5ജി സിഗ്നലുകളുടെ ഫ്രീക്വൻസിയാകട്ടെ 24 ജിഗാഹെർട്സും. 5ജി സിഗ്നലുകളെ അന്തരീക്ഷ ബാഷ്പമായി കണക്കിലെടുക്കുന്ന കാലാവസ്ഥാ ഉപഗ്രഹങ്ങൾ തെറ്റായ പ്രവചനങ്ങൾക്കു വഴിയൊരുക്കും. ഇതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നത്.

ഉയർന്ന ഫ്രീക്വൻസിയിലുള്ള സ്പെക്ട്രം അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യം തള്ളിക്കളഞ്ഞാണ് നിലവിൽ യുഎസ് ലേലവുമായി മുന്നോട്ടു പോകുന്നത്. ടെലികോം കമ്പനികളെ 24 ജിഗാഹെർട്സ് ഫ്രീക്വൻസി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ആവശ്യമായി സെനറ്റർമാരും രംഗത്തെത്തിയിട്ടുണ്ട്.

വോഡഫോൺ 5ജി യുകെയിൽ ജൂലൈയിൽ

വോഡഫോൺ 5ജി നെറ്റ്‌വർക് യുകെയിലെ 7 നഗരങ്ങളിൽ ജൂലൈ മൂന്നിന് പ്രവർത്തനം തുടങ്ങും. 4ജി കണക്ഷന്റെ അതേ നിരക്കിൽ തന്നെയാണ് കമ്പനി 5ജിയും നൽകുക. ഉപയോക്താക്കൾ പുതിയൊരു 5ജി ഫോൺ വാങ്ങുകയേ വേണ്ടൂ. ഈ 23 മുതൽ ഷൗമി മി മിക്സ് എന്ന 5ജി ഫോണിന്റെ വിൽപനയും വോഡഫോൺ ആരംഭിക്കുന്നുണ്ട്. സാംസങ് ഗാലക്സി എസ് 10 5ജി, വാവേ മേറ്റ് എക്സ് എന്നീ ഫോണുകളും വൈകാതെ ലഭ്യമാക്കും. ഇറ്റലി, ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ 5ജി റോമിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com