ADVERTISEMENT

അമേരിക്ക-ചൈന വ്യാപാര ബന്ധം അനുദിനമെന്നോണം വഷളാകുകയാണ്. പ്രീമിയം സ്മാര്‍ട് ഫോണുകളും ലാപ്‌ടോപ്പും അടക്കമുള്ള പലതും ഉണ്ടാക്കാന്‍ അമേരിക്കന്‍ ഒരു കമ്പനി തന്നെ വേണമെന്ന പ്രതീതിയൊക്കെ ഇല്ലായ്മ ചെയ്തിരിക്കുകയാണല്ലോ പല ചൈനീസ് കമ്പനികളും. സ്മാര്‍ട് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ചൈനയുടെ 'ദേശീയ ചാപ്യനായ' വാവെയ് കമ്പനിക്കെതിരെയുള്ള നടപടികള്‍ ചൈനയ്ക്ക് ശരിക്കും പ്രശ്‌നമാകുകയാണ്. ഇതിനിടെയാണ് ആ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയായ സാവോ ലിജിയന്‍ നടത്തിയ ഒരു രസകരമായ ട്വീറ്റ് രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സരസനായ സാവോ പാക്കിസ്ഥാനിലെ ചൈനയുടെ ഉപസ്ഥാനപതിയാണ്. അദ്ദേഹത്തിന്റെ നിരവധി ട്വീറ്റുകള്‍ തമാശകൊണ്ട് ശ്രദ്ധി പിടിച്ചുപറ്റിയവയുമാണ്.

 

പല കഷ്ണങ്ങളായി മുറിച്ചു വച്ച ഒരു ആപ്പിളിന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റു ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് വാവെയ് കമ്പനിയെ ഇത്രമേല്‍ വെറുക്കുന്നതെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. വാവെയുടെ ലോഗോ ശ്രദ്ധിക്കൂ. അവര്‍ ആപ്പിളിനെ പല കഷ്ണങ്ങളാക്കി മുറിച്ചു വച്ചിരിക്കുകയല്ലേ എന്നാണ് അദ്ദേഹം ഇത്തവണ തമാശപൊട്ടിച്ചത്.

 

അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫീഡ് ഫോളോ ചെയ്യുന്നത് 170,000 ലേറെ ആളുകളാണ്. അദ്ദേഹമാകട്ടെ അക്കൗണ്ട് 186,000 അക്കൗണ്ടുകളെ ട്രാക്കു ചെയ്യുന്നുമുണ്ട്. നയതന്ത്രവിദഗ്ധന്റെ വിചിത്രമായ നര്‍മ്മരസമാണ് ട്വീറ്റുകളുടെ മേമ്പൊടി എന്നു കാണാം. പലപ്പോഴും ഗൗരവമുള്ള വിഷയങ്ങളെയാണ് തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഫോളൊ ചെയ്യുന്നവര്‍ പറയുന്നു.

 

വഷളാകുന്ന ബന്ധം

 

അതേസമയം, അമേരിക്ക-ചൈന ബന്ധം വഷളാകുന്നത് ഇരു രാജ്യത്തെയും നിരവധി കമ്പനികളെ ബാധിച്ചേക്കാമെന്നാണ് അനുമാനം. അതോടൊപ്പം ഇതിലൂടെ രാജ്യാന്തര തലത്തിലുള്ള സാങ്കേതികവിദ്യയ്ക്ക് മുരടിപ്പും വരാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമരിക്കന്‍ കമ്പനികളുടെ ആശയങ്ങള്‍ താരതമ്യേനകുറഞ്ഞ ചിലവില്‍ ഉപകരണങ്ങളായി രൂപപ്പെടുന്നത് ചൈനയിലാണല്ലോ. ഐഫോണ്‍ അടക്കമുള്ള പല ഉപകരണങ്ങളും ചൈനയിലാണ് നിര്‍മിക്കുന്നത്. ഇവയുടെയൊക്കെ നിര്‍മാണം ചൈനയില്‍ നിന്നു മാറ്റിയാല്‍ വില എന്തുമാത്രം വര്‍ധിപ്പിക്കേണ്ടി വരുമെന്നതാണ് പല കമ്പനികളും ആലോചിക്കുന്നത്. വിലകുറഞ്ഞ ഫോണുകളും മറ്റും നിര്‍മിക്കാനുള്ള ഘടകഭാഗങ്ങളും നിര്‍മിച്ചെത്തുന്നത് ചൈനയില്‍ നിന്നാണെന്ന് ഓര്‍ക്കണം.

 

വാവെ യൂറോപ്പിന്റെ സഹകരണം തേടുന്നു

 

അമേരിക്ക മൂഠാളത്തം കാണിക്കുന്നു എന്നാരോപിച്ച് വാവെയ് കമ്പനി യൂറോപ്പിന്റെ സഹകരണം തേടുന്നു. യൂറോപ്പിനോടും തങ്ങളുടെ രീതി പിന്തുടരാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ തങ്ങളുടെ ഏറ്റവുമധികം വരുമാനമുണ്ടാകുന്ന ഒരു വിപണി കൂടെ ഇല്ലാതാകുമെന്ന ഭീതിയിലാണ് കമ്പനിയിപ്പോള്‍. കമ്പനി തങ്ങളുടെ സബ്-ബ്രാന്‍ഡ് ആയ ഓണറിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. യുവാക്കളെ ലക്ഷ്യമിട്ടിറക്കിയ ഓണര്‍ 20 ആധുനിക ഫീച്ചറുകളുടെ നിറകുടമാണ്.

 

വാവെയ്‌ക്കെതിരെയുള്ള നടപടി ഈ കമ്പനികള്‍ക്കു ഗുണകരമാകും

 

എറിക്‌സണ്‍, നോക്കിയ

 

5ജി ടെക്‌നോളജി എത്തിക്കുന്ന കാര്യത്തിലും മറ്റും വാവെയാണ് മുന്നില്‍. എന്നാല്‍ അവര്‍ ഒഴിവാക്കപ്പെട്ടാല്‍ എറിക്‌സണ്‍ നോക്കിയ തുടങ്ങിയ കമ്പനികള്‍ക്ക് നല്ല കാലമായിരിക്കും.

 

മെഡിയടെക്

 

ക്വാല്‍കം കമ്പനിയുടെ ചിപ്പുകളാണ് ഇപ്പോള്‍ വാവെയ് ഉപയോഗിക്കുന്നത്. അവര്‍ക്ക് ചിപ്പുകള്‍ സപ്ലൈ ചെയ്യാനാകാതെ വരുമ്പോള്‍ വാവെയ്ക്ക് തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെഡിയടെക്കിനെ ആശ്രയിക്കേണ്ടിവരുമെന്നത് അവര്‍ക്കു ഗുണകരമാകം.

 

സാംസങ്

 

ലോകത്തെ രണ്ടാമത്ത വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവാണ് വാവെയ്. കഴിഞ്ഞ വര്‍ഷം ആപ്പിളും സാംസങും പിന്നോട്ടു പോയപ്പോള്‍ വളര്‍ച്ച കാണിച്ച പ്രധാന കമ്പനിയാണ് വാവെ. അവരുടെ വെല്ലുവിളി ഇല്ലാതാകുന്നത് സാംസങ്ങിന് ഉപകരിക്കുമെന്നതില്‍ സംശയം വേണ്ട.

 

സിസ്‌കോ

 

നെറ്റ്‌വര്‍ക്കിങ് ഭീമന്‍ കൂടിയായ വാവെയ് പിന്നോട്ടു പോകുമ്പോല്‍ അത് സിസ്‌കോയ്ക്ക് ഗുണകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com