ADVERTISEMENT

ഭരണകൂടത്തിനെതിരെ സമൂഹമാധ്യമത്തിൽ പൊട്ടിത്തെറിച്ചിട്ട് ബെയ്ജിങ്ങിൽ നിന്ന് ക്യാന്റണിലേക്കു വിമാനം പിടിക്കാൻ ചെന്നാൽ ചൈനയിൽ എയർലൈൻ കമ്പനി ടിക്കറ്റ് തന്നെന്നു വരില്ല. ചൈനയിൽ പുതുതായി അവതരിപ്പിച്ച സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിന്റെ ഭീകരത സയൻസ് ഫിക്‌ഷൻ നോവലുകളെയും അതിശയിക്കും. 

 

സാമ്പത്തിക ഇടപാടുകൾ അടിസ്ഥാനമാക്കി ലോകമെങ്ങും നിലവിലുള്ള ക്രെഡിറ്റ് സ്കോറിന്റെ മാതൃകയിലാണ് ചൈനയുടെ സോഷ്യൽ ക്രെഡിറ്റ്. കൃത്യമായി ലോണടച്ചില്ലെങ്കിൽ, ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഡെബിറ്റിലാണെങ്കിൽ കിട്ടുന്ന ശമ്പളമത്രയും പുട്ടടിച്ചു തീർക്കുന്നയാളാണെങ്കിൽ ഇവിടെ നമ്മുടെ ക്രെഡിറ്റ് സ്കോർ മോശമായിരിക്കും. ആ സ്കോറുമായി ലോണെടുക്കാൻ ചെന്നാൽ ബാങ്കുകൾ മുഖം തിരിക്കും. 

 

ചൈനയിലെ സോഷ്യൽ ക്രെഡിറ്റ് സംവിധാനം ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ മാത്രമല്ല നോക്കുന്നത്, സമൂഹമാധ്യമത്തിൽ വെറുതെ സമയം ചെലവിടുന്നവർക്കും, ഓൺലൈൻ ഗെയിം കളിച്ച് മണിക്കൂറുകൾ ചെലവഴിക്കുന്നവർക്കും ക്രെഡിറ്റ് തുച്ഛമായിരിക്കും. ഭരണകൂടത്തെ വിമർശിക്കുന്നതും ദേശീയതാൽപര്യത്തിനെതിരായി കമന്റുകളിടുന്നതുമെല്ലാം സോഷ്യൽ ക്രെഡിറ്റിനെ ബാധിക്കും. ട്രാഫിക് നിയമലംഘനങ്ങൾ, പൊലീസ് കേസുകൾ, കോടതി നടപടികൾ എന്നിങ്ങനെ പരസ്പരം ബന്ധമില്ലെന്നു തോന്നിക്കുന്ന എല്ലാം ഒരുമിച്ചു ചേർത്ത് ഒരു പൗരനെ കൊള്ളാവുന്നവനെന്നോ കൊള്ളരുതാത്തവനെന്നോ ഔദ്യോഗികമായി മുദ്രചാർത്തി സേവനങ്ങൾ നൽകാനും നിഷേധിക്കാനും വഴിയൊരുക്കുന്ന സംവിധാനമാണ് സോഷ്യൽ ക്രെഡിറ്റ്.

 

ക്രെഡിറ്റ് മോശമായാൽ, ബാങ്ക് ലോൺ പോയിട്ട് ബസ് ടിക്കറ്റു പോലും കിട്ടില്ല. ക്രെഡിറ്റ് സ്കോർ കുറഞ്ഞവരെ ഫോൺ ചെയ്യുമ്പോൾ അപ്പുറത്ത് റിങ്ങിനു പകരം കേൾക്കുക പൊലീസിന്റെ മുന്നറിയിപ്പായിരിക്കും. സ്കോർ ഇടിഞ്ഞ് കരിമ്പട്ടികയിൽപെട്ട വ്യക്തികളുടെ ലൊക്കേഷൻ പരസ്യമായി റിപ്പോർട്ട് ചെയ്യുന്നതും അവരെ ഒറ്റുകൊടുന്ന മറ്റുള്ളവർക്ക് പോയിന്റ് നൽകുന്നതും ഉൾപ്പെടെ ആശങ്കാജനകമായ  ഒരു സാമൂഹികസംവിധാനത്തിനാണ് സോഷ്യൽ ക്രെഡിറ്റ് വഴിയൊരുക്കുന്നത്. 

 

2013 മുതൽ വിവിധ ഘട്ടങ്ങളായി നടപ്പാക്കിവരുന്ന സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിനു വേണ്ടി വിവിധ സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും ബാങ്കുകളുമെല്ലാം വൻതോതിൽ വിവര ശേഖരണം നടത്തിയിട്ടുണ്ട്. ഈ ജനുവരി മുതൽ വിവിധ തലങ്ങളിൽ  പ്രാബല്യത്തിലായ പദ്ധതി അടുത്ത വർഷത്തോടെ പൗരത്വമൂല്യത്തിന്റെ അടിസ്ഥാനഘടകമായി രാജ്യവ്യാപകമായി നടപ്പാക്കാനാണ് പദ്ധതി.സോഷ്യൽ ക്രെഡിറ്റിനെതിരെ ലോകവ്യാപകമായി വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com