ADVERTISEMENT

സ്മാര്‍ട് ഫോണുകളുടെ വരവോടെ, കെട്ടിലും മട്ടിലും നൂതനത്വം അവയുടെ മാത്രം അവകാശമാണെന്ന നിലയിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. ലാപ്‌ടോപ്പുകളാകട്ടെ ഒരു പകുതിയില്‍ സ്‌ക്രീനും മറു പകുതിയില്‍ കീബോര്‍ഡും മറ്റുമെന്ന പരമ്പരാഗത രീതിയും പിന്തുടര്‍ന്നു. എന്നാല്‍, ഇപ്പോഴിതാ ലാപ്‌ടോപ്പുകള്‍ക്കും പുതുമകള്‍ കൊണ്ടുവരാന്‍ കമ്പനികള്‍ എത്തുകയാണ്. നേരംപോക്കിനു മാത്രമല്ലാതെ, ഗൗരവമുള്ള ജോലികള്‍ക്കായും ഉപയോഗിക്കുന്ന ഉപകരണങ്ങളായ ലാപ്‌ടോപ്പുകള്‍ക്ക് പുതിയ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. 

 

ഈ വര്‍ഷത്തെ കംപ്യൂട്ടെക്‌സില്‍ ( 2019Computex) അവതരിപ്പിച്ച അസൂസിന്റെ സെന്‍ബുക്ക് പ്രോ ഡുവോ (ZenBook Pro Duo) സങ്കല്‍പ ലാപ്‌ടോപാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. (പുതിയ ലാപ്‌ടോപ്പുമായി ചില ഡിസൈന്‍ സമാനതകളുള്ള ഗെയ്മിങ് ലാപ്‌ടോപ് ആയിരുന്നു അസൂസ് റോഗ് സെഫൈറസ്.) എന്തായാലും, പ്രോസസര്‍ നിര്‍മാതാവായ ഇന്റലും അസൂസും ഇത്തരം ലാപ്‌ടോപ്പുകളുടെ സാധ്യതയില്‍ ഉത്സാഹഭരിതരാണ്.

 

ഇരട്ട സ്‌ക്രീനാണ് പുതിയ ലാപ്‌ടോപ്പിന്റെ പ്രധാന ആകര്‍ഷണീയത. രണ്ടാം സ്‌കീനിനെ കംപാനിയന്‍ ഡിസ്‌പ്ലെ, അധവാ പ്രധാന സ്‌ക്രീനിനു സഹായകമായി വര്‍ത്തിക്കുന്ന സ്‌ക്രീന്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഉപകാരപ്രദമാണെങ്കിലും വിഡിയോ എഡിറ്റര്‍മാര്‍ക്കും ഗെയിം പ്രേമികള്‍ക്കുമാണ് പുതിയ ലോകം തുറന്നു കിട്ടുന്നത്. പ്രധാന സ്‌ക്രീനിലെ ഒന്നിലേറെ വിഡിയോ എഡിറ്റിങ് വിന്‍ഡോകള്‍ രണ്ടാം സ്‌ക്രീനിലേക്കു ഡ്രാഗു ചെയ്തു മാറ്റാം. അവ തിരിച്ചു പ്രധാന സ്‌ക്രീനില്‍ എത്തിക്കുന്നതും വളരെ എളുപ്പമാണ്. യഥേഷ്ടം വിന്‍ഡോകള്‍ മാറ്റാമെന്നത് പുതിയ അനുഭവമാണ്. ഒരു ലാപ്‌ടോപ്പുമായി ഇടപെടുന്നതില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം നൂതനത്വമാണ് അസൂസിന്റെ പുതിയ ലാപ്‌ടോപ്പില്‍ വരുന്നതത്രെ.

 

തങ്ങളുടെ സെന്‍ബുക്ക് പ്രോ ഡുവോ ഈ വര്‍ഷം അവസാനിക്കുന്നതിനു മുൻപ് തന്നെ പുറത്തിറക്കുമെന്നാണ് അസൂസ് നല്‍കുന്ന വാഗ്ദാനം. നിലവിലെ മാക്ബുക്കുകളടക്കമുള്ള എല്ലാ ലാപ്‌ടോപ്പുകളും അനുവര്‍ത്തിക്കുന്ന രീതികള്‍ക്ക് മാറ്റം വരുത്തിയാണ് ഈ പിസി എത്തുന്നതെന്നത് ലാപ്‌ടോപ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്നു. കീബോര്‍ഡിനും ചില മാറ്റങ്ങള്‍ അസൂസ് വരുത്തിയിട്ടുണ്ട്.

 

ഹാര്‍ഡ്‌വെയര്‍

 

നേരത്തെ പറഞ്ഞതു പോലെ, ഒന്നല്ല രണ്ടു 4കെ സ്‌ക്രീനുകളാണ് സെന്‍ബുക്ക് പ്രോ ഡുവോയുടെ പ്രധാന സവിശേഷത. രണ്ടാം സ്‌ക്രീനിനെ അസൂസ് വിളിക്കുന്നത് സ്‌ക്രീന്‍പാഡ് പ്ലസ് എന്നാണ്. പുതിയ സ്‌ക്രീനിന്റെ കടന്നു കയറ്റത്തിലും കീബോര്‍ഡിന് ലാപ്‌ടോപില്‍ പ്രതീക്ഷിക്കുന്ന വലുപ്പമുണ്ട്. ട്രാക്പാഡിനെ വലതു വശത്തേക്കു മാറ്റിയിരിക്കുന്നതും കാണാം.

 

മസില്‍ ശക്തിയിലും മുൻപനായിരിക്കും പുതിയ ലാപ്‌ടോപ്. എട്ടു കോറുകളുള്ള ഇന്റര്‍ കോര്‍ ഐ9 (Intel Core i9) പ്രോസസര്‍ ആയിരിക്കും പുതിയ ലാപ്‌ടോപിനു ശക്തി പകരുന്നത്. എന്‍വിഡിയയുടെ (Nvidia RTX 2060 GPU) ഗ്രാഫിക്‌സ് പ്രോസസറുമുണ്ട്. വോയ്‌സ് അസിസ്റ്റന്റുകളായ അലക്‌സയ്ക്കും കോര്‍ട്ടാനയ്ക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഫാര്‍ഫീല്‍ഡ് മൈക്രോഫോണുകളുമുണ്ട്. തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ട്, രണ്ടു യുഎസ്ബി-എ പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ ജാക്, എച്ഡിഎംഐ പോര്‍ട്ട് എന്നിവയും ഉണ്ട്. വിഡിയോ എഡിറ്റിങ്ങില്‍ പോലും സുഗമമായി പ്രവര്‍ത്തിച്ചു എന്നത് കരുത്തിന്റെ കാര്യത്തില്‍ മോശമല്ലെന്നു കാണിച്ചുതരുന്നു. 2.5 കിലോ ഭാരമാണ് 15.6-ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ലാപ്‌ടോപ്പിന്.

 

നിരവധി ഉപയോഗങ്ങളാണ് ഇരട്ട സ്‌ക്രീനിനുള്ളത്. ഉദാഹരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും ഒരു സ്‌ക്രീനില്‍ വിഡിയോ കണ്ടു കൊണ്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാം. രണ്ടു മോഡലുകളായിരിക്കും ഇറക്കുക. ഒന്ന് 15.6 സ്‌ക്രീന്‍ ഉള്ളതാണെങ്കില്‍ അടുത്തത് 14-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ളതായിരിക്കും. ഡിസൈന്‍ സമാനതകള്‍ ഇരു ലാപ്‌ടോപ്പുകള്‍ക്കും ഉണ്ടാകും. എന്നാല്‍ 14-ഇഞ്ച് വലിപ്പമുള്ള മോഡലിന് ഫുള്‍എച്ഡി സ്‌ക്രീനായിരിക്കും ഉണ്ടാകുക. ഐ9 കേന്ദ്രീകൃതവുമാവില്ല. കുറഞ്ഞ ജിപിയുവും ആയിരിക്കും ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com