ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - പേര് അത്ര സിമ്പിൾ അല്ലെങ്കിലും നമ്മുടെ എല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതും ഒക്കെ പല ഇംഗ്ലീഷ് സിനിമകളിലും  കണ്ടിട്ടുണ്ട് . അതെ വഴിയിലാണ് ഇന്നു ലോകം മുന്നോട്ടു പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാടു ചോദ്യങ്ങൾ ഓക്കേ ഗൂഗിൾ എന്നും ഹേ സിരി എന്നുമൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിക്കുന്നുണ്ടെന്നു എത്രപേർ ഓർക്കാറുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം സാധാരണക്കാരനു വഴി പറഞ്ഞു കൊടുക്കുന്നതു മുതൽ മൾട്ടിനാഷണൽ കമ്പനികൾക്കു തന്റെ പ്രൊഡക്ടുകൾ ശരിയായ ഉപഭോക്താവിലേക്കു എത്തിക്കുന്നതു വരെ മാത്രമല്ല, രാജ്യങ്ങൾക്കു സുരക്ഷയ്ക്കും പ്രതിരോധത്തിനും വരെ സഹായിക്കുന്നു. ലോകം മുഴുവൻ മനുഷ്യന് പകരം പല ജോലികളും ചെയ്യുന്ന റോബോട്ടുകൾ വികസിക്കുന്നു. റിസപ്ഷനിസ്റ്റായും മാൻഹോൾ ക്ലീനറായും ഡോക്ടറായും ചാരനായും വഴികാട്ടിയായും ഒക്കെ റോബോട്ടുകൾ മാറുന്നു. നമ്മുടെ കൊച്ചു കേരളത്തിലെ കൊച്ചിയിൽ പോലും റോബോട്ടുകൾ കണ്ണ് ഓപ്പറേഷൻ ചെയ്യുന്ന കാഴ്ച കാണാം. വളരെ ഉന്നതമായ വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലില്ലായ്മ പെരുകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഓട്ടോമേഷൻ ജോലി തേടുന്നവർക്ക് വലിയ വെല്ലുവിളിയാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഏറ്റവും കൂടുതൽ ആൾക്കാർക്കു ജോലി നൽകിയിരുന്ന ചില മേഖലകളായിരുന്നു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കാൾ സെന്ററുകളും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷൻ സോഫ്റ്റ്‌വെയറുകളുടെയും വരവോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഉന്നത വിദ്യാഭ്യാസം എത്രതന്നെ ഉണ്ടായാലും ഈ സാഹചര്യം ഏവർക്കും ഭീഷണി തന്നെയാണ്. എന്താണ് പോംവഴി?

ലോകത്തുള്ള 60 ശതമാനം ജോലികളും ഒരേ കാര്യത്തിന്റെ ആവർത്തനം ഉള്ളതോ ഒരേ പ്രോസസ്സ് ദിവസവും ചെയ്യുന്നതോ ആണ്. വ്യക്തമായ പ്രോസസ്സ് ഉള്ളതും ആവർത്തനം ഉള്ളതുമായ ഏതു ജോലിയും വളരെ എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾ അങ്ങനെ ഒരു ജോലി ആണ് ചെയ്യുന്നതെങ്കിൽ സൂക്ഷിക്കുക. അടുത്ത 10 വർഷത്തിൽ ആ മേഖല പൂർണമായും ഇല്ലാതായേക്കാം.എന്നാൽ ഇന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കീഴടക്കാൻ പറ്റാത്തതും പൂർണമായി ചെയ്യാൻ ഏറ്റവും ദുഷ്ക്കരമായതും മനുഷ്യന്റെ തലച്ചോറിനെയും ചിന്താ ശേഷിയെയും പൂർണമായും പഠിക്കാനോ പകർത്താനോ ആണ്. ഈ സാഹചര്യത്തിൽ ആവർത്തനം ഇല്ലാത്തതും ഒരു മനുഷ്യനു തന്നെ ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നതുമായ കഴിവുകളും തൊഴിലുകളും വികസപ്പിക്കാനും മെച്ചപ്പെടുത്താനും സമയം കണ്ടെത്തേണ്ടത് ആവശ്യമാണ്. മധ്യസ്ഥത, വിലപേശൽ, ആശയവിനിമയം, ക്രീയേറ്റീവ് തിങ്കിങ്, ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ പല മേഖലകളിലെയും കഴിവുകൾ മെച്ചപ്പെടുത്തേണ്ടത് ഭാവിയിൽ ഒരു നല്ല കരിയർ ഉണ്ടാവാൻ ആവശ്യമാണ്.

artificial-intelligence-robot

AI കൊണ്ട് എളുപ്പത്തിൽ കീഴടക്കാൻ കഴിയാത്ത ചില മേഖലകൾ ഇവയാണ്:

സഹാനുഭൂതിയും ആശയവിനിമയവും: സ്കാനിങ് കൂടുതൽ കൃത്യമാക്കാൻ മെഡിക്കൽ പ്രയോഗങ്ങളിൽ AI ഉപയോഗിക്കുന്നുണ്ടെങ്കിലും എനിക്ക് കാൻസർ ഉണ്ടെന്ന് വാർത്ത ഒരു റോബോട്ട് എന്നെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാനുഷിക വികാരങ്ങൾ യഥാർഥത്തിൽ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും കഴിയുന്ന സാങ്കേതികവിദ്യയിൽ നിന്ന് നമ്മൾ വളരെ ദൂരെയാണ്. മനുഷ്യ വികാരങ്ങളുടെ സങ്കീർണത അത്ര വലുതാണ്.  അതിനാൽ പ്രാഥമികാരോഗ്യ ഡോക്ടർമാർ, പരിചരണകർത്തക്കൾ, തെറാപ്പിസ്റ്റുകൾ തുടങ്ങിയ ജോലികൾ സാങ്കേതികവിദ്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യുക ബുദ്ധിമുട്ടാണ്.

ചിന്ത: പഴയ സയൻസ് ഫിക്ഷൻ സിനിമകളിൽ, ഒരു പ്രയാസമുള്ള സാഹചര്യത്തിൽ കമ്പ്യൂട്ടർ മനുഷ്യനോട് എന്തുചെയ്യണം എന്ന് ചോദിക്കുന്നു. കമ്പ്യൂട്ടർ  99% പരാജയപ്പെടുന്നു. മനുഷ്യൻ സ്വന്തം രീതിയിൽ കാര്യങ്ങൾ ചെയ്തു വിജയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, AI എത്രമാത്രം വികസിതരായാലും, ചില സാഹചര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാനും ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും മനുഷ്യൻ തന്നെ വേണം. കൂടുതൽ സമകാലിക ഉദാഹരണങ്ങൾ ലീഗൽ സ്ഥാപനങ്ങൾ രേഖകൾ കണ്ടുപിടിക്കാനും ശരിയായ ഡോക്യൂമെന്റുകൾ കണ്ടുപിടിക്കാനും AI  ഉപയോഗിക്കുന്നത് കാണിക്കുന്നു. പക്ഷേ ഒരു തീരുമാനമെടുക്കാൻ നമുക്ക് ഇപ്പോഴും ഒരു മനുഷ്യനെ തന്നെ ജഡ്‌ജായി  വേണം. മനുഷ്യ മനസ്സും പ്രവർത്തികളും, അതുചെയ്യാൻ അവനെ പ്രേരിപ്പിച്ച വികാരങ്ങളും വിചാരങ്ങളും ഒക്കെ കണക്കിലെടുത്തു വിധി നിർണയിക്കാൻ ഒരു മനുഷ്യ ജൂറിയുടെ ആവശ്യമുണ്ട്.

സർഗ്ഗാത്മകത: കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നിരവധി ഓപ്ഷനുകൾ ഉണ്ടാക്കുന്നതിൽ നല്ലതാണ്, എന്നാൽ അവ തരുന്ന സർഗ്ഗാത്മക ഔട്ട്പുട്ട് ഒട്ടും മികച്ചതല്ല. എഐയ്ക്കു സാങ്കേതികമായി ഭക്ഷണം, സംഗീതം, അല്ലെങ്കിൽ കല ഉത്പാദിപ്പിക്കാൻ കഴിയും. പക്ഷേ അവ തരുന്ന ഫലങ്ങൾ ഒട്ടും മികച്ചതല്ല. മനുഷ്യന്റെ കലാബോധവും സർഗാത്മകതയും അതിനു ഏറെ ഉയരെയാണ്. എഴുത്തുകാർ, എൻജിനീയർമാർ, സയന്റിസ്റ്റുകൾ, വ്യവസായസംരംഭകർ, കലാകാരന്മാർ, സംഗീതജ്ഞർ തുടങ്ങിയ യഥാർത്ഥ സൃഷ്ടിപരത ആവശ്യമുള്ള ഏത് ജോലിയും വളരെക്കാലം സുരക്ഷിതമായിരിക്കാം.

സ്ട്രാറ്റജി: വ്യാപാരത്തിൽ മാർക്കറ്റിങ് മേഖലയിൽ നിരവധി ഓട്ടോമേഷൻ പരിപാടികൾ കാണുന്നുണ്ട്. ഉദാഹരണമായി, ദിവസത്തിൽ ഒരു പ്രത്യേക സമയത്ത് എനിക്ക് ട്വീറ്റ് അയയ്ക്കാൻ ഓപ്ഷൻ സെറ്റ് ചെയ്യാം. ഇവ വളരെ സമയം ലാഭിക്കുന്നുണ്ടെങ്കിലും ഓട്ടോമേഷൻ ടൂളുകൾ എന്നതിന് അർഥവും പ്രസക്തിയും ഉള്ള പുതിയ കാര്യങ്ങൾ സ്വയം ചിന്തിച്ചു കണ്ടെത്താൻ കഴിവില്ല. അങ്ങനെ AI സ്വയം ചിന്തിച്ചു പുതിയ കഴിവുകൾ ഉണ്ടാക്കുകയും പുതിയ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ അവ ലോകം കീഴടക്കും, മനുഷ്യനെയും. എന്തായാലും വരുന്ന ഏറെ കാലത്തേക്ക് തന്ത്രപരമായ ചിന്തകൾ ആവശ്യമുള്ള എന്ത്  ജോലിയും സുരക്ഷിതമായിരിക്കും ഒപ്പം നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെ ഇത്തരം ജോലികൾ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നത് തടയാനും കഴിയും.

സാങ്കേതികമായ മാനേജ്മെന്റ്, ഇൻസ്റ്റാളർ, മെയിന്റനൻസ്: റോബോടുകൾക്ക് മറ്റു റോബോടുകളെ സ്വന്തമായി ഉണ്ടാക്കാനും ശരിയാക്കാനും സർവീസ് ചെയ്യാനും കഴിയുന്നത് വരെ റോബോട്ടിക്സ്, ടെക്നോളജി,  AI പ്രോഗ്രാം രൂപകൽപന, അവയെ പ്ലാൻ ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും നിയന്ത്രിക്കാനും നിലനിർത്താനും മനുഷ്യർ ആവശ്യമാണ്. സാങ്കേതിക വിദ്യയെപ്പറ്റി അടിസ്ഥാനം മുതൽ പഠിക്കാനും അതിൽ തന്റെ കഴിവ് വർധിപ്പിക്കാനും സാധിച്ചാൽ ഭാവിയിൽ സാധ്യതകൾ ഏറെയാണ്.

ഫിസിക്കൽ സ്കിൽസ്: നിങ്ങളുടെ രാവിലത്തെ കോഫി ഉണ്ടാക്കുന്നത് മുതൽ പല കഴിവുകളും റോബോട്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ അവ ഇന്നും നന്നായി ചെയ്യാത്ത ഏറെ കാര്യങ്ങൾ ഉണ്ട്. വളരെ അധികം ചിന്തകൾ ഒരുമിച്ചു വേണ്ട പല കാര്യങ്ങളും, ഉദാഹരണത്തിന് ഫുട്ബോൾ പോലെ ഒരു സ്പോർട്, ഇന്ത്യയുടെ പോലുള്ള റോഡുകളിലെ ട്രാഫിക്കിലെ ഡ്രൈവിംഗ്, അങ്ങനെ പല ഫിസിക്കൽ ജോലികളും ആർട്ടിഫിഷൽ ഇന്റലിജൻസ് കീഴടക്കാത്ത മേഖലകളായി നിലനിൽക്കുന്നു. നിങ്ങൾക്ക് മികച്ച ശാരീരിക കഴിവുണ്ടെങ്കിൽ, ക്രാഫ്റ്റ് നിർമാണം മുതൽ സ്പോർട്സ് വരെയുള്ള തൊഴിൽ മേഖല ഇപ്പോൾ സുരക്ഷിതമാണ്.

ഭാവനയുള്ള റോബോട്ട്: സ്വന്തമായി ഭാവനയുള്ള ഒരു റോബോട്ട് വളരെ വിദൂരതയിലാണ്. നേരത്തെ കിട്ടിയിട്ടുള്ളതും ഇപ്പോൾ കിട്ടുന്നതുമായ ഡാറ്റ നമ്മൾ നൽകുന്ന മാനദണ്ഡങ്ങൾ വെച്ച് പ്രോസസ്സ് ചെയ്തു ലോജിക്കൽ ആയ ഫലം നൽകുക എന്നതാണ് ഇന്നത്തെ എല്ലാ റോബോട്ടുകളും ചെയ്യുന്നത്. സ്വപ്നം കാണുന്നതും ഭാവനയോടെ ചിന്തിക്കുന്നതും അത്ര എളുപ്പമൊന്നും പ്രോഗ്രാം ചെയ്യാൻ കഴിയുന്ന കഴിവുകളല്ല. ആക്ടിവിസ്റ്റുകൾ, സംരംഭകർ, വിപ്ലവകാരികൾ, ചിന്തകന്മാർ, എഴുത്തുകാർ, വാഗ്മികൾ, കലാകാരന്മാർ, ചിത്രകാരന്മാർ തുടങ്ങിയവരുടെ കഴിവുകൾ ഏറെ കാലത്തേക്ക് സുരക്ഷിതമാണെന്നർഥം.

നിങ്ങളുടെ ജോലി AI കീഴടക്കുമോ എന്ന് ആശങ്കയുണ്ടോ? മനുഷ്യന് മാത്രം നന്നായി ചെയ്യാൻ കഴിയുന്നതരം കഴിവുകളിൽ ശ്രദ്ധിക്കുക, അവ മെച്ചപ്പെടുത്തുക. ലോകത്തിന്റെ പുരോഗമനത്തിനു AI വളരുന്നത് അനിവാര്യമാണ്. കാലത്തിന്റെ മാറ്റത്തിനൊപ്പം നമ്മളും പുരോഗമിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com