ADVERTISEMENT

ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സിറിയ്ക്ക്, ഐഒഎസ് 13ല്‍ ഇന്ത്യന്‍ ഇംഗ്ലിഷ് സംസാര രീതി നല്‍കുന്നു. ഇന്ത്യാക്കാര്‍ക്ക് ഇംഗ്ലിഷ് അക്‌സന്റ് മനസിലാക്കാന്‍ പ്രയാസമായിരിക്കുമെന്നു കരുതിയാണിത്. ആണിന്റെയും പെണ്ണിന്റെയും സ്വരത്തില്‍ ഇന്ത്യന്‍ സിറി സംസാരിക്കും. (അപ്പോഴും മറ്റൊരു പ്രശ്‌നം നിലനില്‍ക്കുന്നു. സിറിക്ക് ഇന്ത്യക്കാര്‍ തങ്ങളുടെ അക്‌സന്റില്‍ അങ്ങോട്ടു പറയുന്നതു മനസിലാകുമോ എന്നതാണത്. കാലക്രമത്തില്‍ അതിനും മാറ്റം വരുമെന്നു കരുതാം.) കൂടുതല്‍ സ്വാഭാവിക സ്വരത്തില്‍ സിറി സംസാരിക്കുമെന്നും ആപ്പിള്‍ പറഞ്ഞു. ആപ്പിള്‍ പോഡ്കാസ്റ്റുകള്‍, സഫാരി, മാപ്‌സ് എന്നിവയില്‍ നിന്നുള്ള സജഷനുകളും സിറി അറിയിക്കും. മെസെജസില്‍ ഉളള റിമൈന്‍ഡറുകളെക്കുറിച്ച് ഓര്‍മപ്പെടുത്താനും സിറിയ്ക്കാകും. തേർഡ് പാര്‍ട്ടി ആപ്പുകളിലും ഇതു സാധ്യമാണ്. എയര്‍പോഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, സിറി നിങ്ങള്‍ക്ക് മെസെജുകള്‍ വായിച്ചു കേള്‍പ്പിക്കും. മറുപടി ടൈപ്പു ചെയ്യുകയും ചെയ്യും (അക്‌സന്റ് മനസിലാകുമെങ്കില്‍).

 

ഐഒഎസ് 13ലെ മറ്റു ചില ഫീച്ചറുകള്‍ കൂടെ നോക്കാം:

 

ഉപകരണങ്ങള്‍ സെറ്റ്-അപ് ചെയ്യുമ്പോള്‍ പ്രാദേശികത കൊണ്ടുവരാന്‍ അനുവദിക്കുന്നു. ഐഒഎസ് 13ല്‍ മൊത്തം 22 ഇന്ത്യന്‍ ഭാഷകളുടെ കീബോര്‍ഡ് ആയിരിക്കും സപ്പോര്‍ട്ട് ചെയ്യുക. മലയാളം നിലവിൽ സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മലയാളത്തിനടക്കം 30 ഡോക്യുമെന്റ് ഫോണ്ടുകള്‍ പുതിയ ഒഎസില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലഭിക്കും.

 

ഡാര്‍ക് മോഡ്

 

ഏറ്റവുമധികം കൊട്ടിയാഘോഷിക്കപ്പെട്ട ഈ ഫീച്ചറിലൂടെ ബാക്ഗ്രൗണ്ട് പൂര്‍ണമായും കറുത്തതാക്കാന്‍ സാധിക്കുന്നു. ഈ മോഡ് എനേബ്ള്‍ ചെയ്താല്‍ ആപ്പിളിന്റെ ആപ്പുകള്‍ കറുകറുത്ത നിറമണിഞ്ഞ് എത്തും. തേർഡ്പാര്‍ട്ടി ആപ് നിർമാതാക്കള്‍ക്കും ഡാര്‍ക്‌മോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു സമയത്ത് ടേണ്‍ ഓണ്‍ ചെയ്യാന്‍ നേരത്തെ തന്നെ സെറ്റു ചെയ്യാം.

 

ഫോട്ടോസ്

 

എടുക്കുന്നു ഓരോ ഫോട്ടോയെക്കുറിച്ചുമുള്ള വിവരങ്ങള്‍ വരെ തല്‍ക്ഷണം കടത്തുന്ന കമ്പനികളെപ്പോലെയല്ലാതെ, ഡിവൈസില്‍ തന്നെ മെഷീന്‍ ലേണിങിന്റെ ശക്തി ഉള്‍പ്പെടുത്തുകയാണ് ആപ്പിള്‍ ചെയ്തിരിക്കുന്നത്. നല്ല ഇമേജുകള്‍ ഹൈലൈറ്റ് ചെയ്തു കാണിക്കും. ഒരേ ഫോട്ടോ രണ്ടുതവണ വന്നിട്ടുണ്ടെങ്കില്‍ അവ ഹൈഡു ചെയ്യും. സ്‌ക്രീന്‍ ഷോട്ടുകള്‍, ഡോക്യുമെന്റുകള്‍, റിസീറ്റുകള്‍ തുടങ്ങിയവ വേര്‍തിരിച്ച് അടുക്കും. ഓണ്‍ ദിസ് ഡേ (ഈ ദിവസം) എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഇന്നത്തെ തീയതിയില്‍ മുമ്പ് എടുത്ത ചിത്രങ്ങള്‍ കാണിക്കും.

 

എഡിറ്റിങിന്റെ കാര്യത്തിലും ഒരു പിടി മാറ്റങ്ങളുമായാണ് ഐഒഎസ് 13 എത്തുന്നത്. എഡിറ്റു ചെയ്ത് മാറ്റം വരുത്തുമ്പോള്‍ അത് എങ്ങനെ ഫോട്ടോയെ ബാധിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് കാണാനാകും. എഫെക്ട് അപ്ലൈ ചെയ്യുന്നതിനു മുമ്പും പിമ്പും എങ്ങനെയായിരുന്നു എന്ന് കാണാനാകും. അപ്ലൈ ചെയ്യുന്ന എല്ലാ ഫില്‍റ്ററുകളുടെയും തീവ്രത കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം. എക്‌സ്‌പോഷര്‍, ബ്രില്ല്യന്‍സ്, ഹൈലൈറ്റ്‌സ്, ഷാഡോസ്, കോണ്‍ട്രാസ്റ്റ്, ബ്രൈറ്റ്‌നെസ്, ബ്ലാക് പോയിന്റ്, സാച്ചുറേഷന്‍, വൈബ്രന്‍സ് തുടങ്ങിയവയെ ഓരോന്നിനെയും നിങ്ങള്‍ക്കു നിയന്ത്രിക്കാനാകുമെന്നത് പുതിയ സാധ്യതകള്‍ തുറന്നിടുന്നത്. പോര്‍ട്രെയ്റ്റ് ലൈറ്റിങിലും മാറ്റങ്ങള്‍ കൊണ്ടുവരാം. ലൈറ്റ് സബജക്ടിനോട് അടുപ്പിക്കുയോ, അകത്തുകയോ ചെയ്യാം. കണ്ണ് ഷാര്‍പ് ആക്കാം.

 

ഐഫോണിലും മറ്റും എടുത്ത വിഡിയോയില്‍ ഫില്‍റ്ററുകള്‍ പതിപ്പിക്കാനും ക്രോപ്പു ചെയ്യാനും റൊട്ടേറ്റു ചെയ്യാനുമുള്ള കഴിവുകള്‍ ഉണ്ടായിരിക്കും. 4കെ/60എഫ്പിഎസ്, 1080/240എഫ്പിഎസ് എന്നിവയില്‍ എടുത്ത വിഡിയോകള്‍ പോലും എഡിറ്റു ചെയ്യാം. അപ്ലൈ ചെയ്ത മാറ്റം വേണ്ടെന്നു വച്ച് പഴയ വിഡിയോയിലേക്കു തിരിച്ചു പോകാനുമാകും.

 

ലൊക്കേഷന്‍

 

പലരും ലൊക്കേഷന്‍ ഡേറ്റാ ഓഫു ചെയ്യാന്‍ ശ്രമിക്കാറേയില്ല. വരും നാളുകളില്‍ അതു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാം. നിങ്ങള്‍ പോയ വഴി മുഴുവന്‍ രേഖപ്പെടുത്തുന്ന കമ്പനികള്‍ ബാക്ഗ്രൗണ്ടില്‍ പതിയിരിക്കുന്നുണ്ടാകാം. ഐഒഎസ് 13ല്‍ ബാക്ഗ്രൗണ്ടില്‍ പതുങ്ങിയിരുന്ന് ലൊക്കേഷന്‍ രേഖപ്പെടുത്തുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരം നോട്ടിഫിക്കേഷനായി ഉപയോക്താവിനു ലഭിക്കും. വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെ ലൊക്കേഷന്‍ അറിയുന്ന രീതിയും പ്രാബല്യത്തിലുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഇതും ഇല്ലാതാക്കാമെന്ന് ആപ്പിള്‍ പറയുന്നു.

 

ഐമെസെജ്

 

മെസെജിങില്‍ ഒരു പിടി പുതുമകളുമായി ആണ് ആപ്പിള്‍ എത്തുന്നത്. മെസെജിങില്‍ ഇന്ത്യയില്‍ ജനപ്രീതി വാട്‌സാപ്പിനാണ്. (ചില സർക്കാർ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ പോലും വാട്‌സാപിലൂടെ പങ്കുവയ്ക്കുന്നു എന്നാണ് മനസിലാക്കുന്നത്. വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനൊക്കെ അവിടെ നില്‍ക്കട്ടെ. ഉദ്യോഗസ്ഥരുടെ ഫോണുകള്‍ അവരുടെ വീട്ടുകാര്‍ക്കെങ്കിലും എടുത്തു പരിശോധിച്ചു കൂടെ? ഇത്തരം കാര്യങ്ങള്‍ക്കായി സുരക്ഷിതമായ സ്വന്തം ആപ് ഉണ്ടാക്കുക എന്നതൊക്കെ ഇക്കാലത്ത് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യമാണ്. ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ ഡ്രൈവും ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സ്വന്തമായി അല്‍പ്പം ക്ലൗഡ് സ്‌പെയ്‌സ് വാങ്ങുന്ന കാര്യമൊക്കെ പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വകാര്യതയ്ക്കു പുല്ലുവില കല്‍പ്പിക്കാത്ത കമ്പനികള്‍ക്ക് ജനങ്ങളുടെ ഡേറ്റയെല്ലാം ഏല്‍പ്പിച്ചു കൊടുക്കുന്ന കാര്യം ഇനിയെങ്കിലും പുനര്‍വിചിന്തനം ചെയ്യുമെന്നു കരുതാം.) അമേരിക്കയില്‍ വാട്‌സാപ്പിന് അത്ര സ്വാധീനം പോര. അവിടെ ഐമെസെജിന് നല്ല പ്രാധാന്യമുണ്ട്. ഈ വര്‍ഷം ഐമെസെജിങിനെ കൂടുതല്‍ ജനപ്രീതിയുളളതാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

 

ടെക്സ്റ്റ് സിലക്ഷന്‍

 

ടെക്സ്റ്റ് കോപ്പി ചെയ്യാന്‍ ഇനി ടാപ്പു ചെയ്യുകയും സ്വൈപ് ചെയ്യുകയും ആകാം. ഇത് സമയം ലാഭിക്കുകമെന്ന് ആപ്പിള്‍ പറയുന്നു. പുതിയ കട്ട്, കോപ്പി, പെയ്സ്റ്റ് ജെസ്ചറുകളും വരുന്നുണ്ട്.

 

ഫയല്‍സ് ആപ്

 

ഫയല്‍സ് ആപ്പിനും മാറ്റങ്ങള്‍ ഉണ്ട്. വെബ് ഡൗണ്‍ലോഡിനായി പുതിയ ഫോള്‍ഡര്‍ എത്തുന്നത് ഉപകാരപ്രദമായിരിക്കും. ഐപാഡുകളില്‍ എക്‌സ്റ്റേണല്‍ ഡ്രൈവുകള്‍ കണക്ടു ചെയ്യാം. ഇവയിലെ കണ്ടെന്റ് തുറക്കുന്നതും ഫയല്‍സ് ആപ്പിലായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com