ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഭയക്കണമെന്ന് ആൻഡ്രോയിഡ് നിർമാതാക്കളായ ഗൂഗിളിന്റെ മുന്നറിയിപ്പ്. ആൻഡ്രോയിഡിന് പകരം ചൈനീസ് ഒഎസുകൾ വന്നാൽ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അമേരിക്കയുടെ സുരക്ഷയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ വാവെയ് ഒഎസുകൾക്ക് സാധിക്കും. ഇതൊഴിവാക്കാൻ ആൻഡ്രോയിഡ് വിലക്ക് നീക്കണം. വാവെയ് ഫോണുകൾക്ക് ആൻഡ്രോയിഡ് അനുമതി നൽകുന്നതാണ് നല്ലതെന്നും ഗൂഗിൾ പറയുന്നു.

ആൻഡ്രോയിഡിനു പകരം വരുന്ന ഏതൊരു ചൈനീസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്ത് എവിടെ അവതരിപ്പിച്ചാലും ഭീഷണി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. നിലവിൽ വാവെയുടെ പുതിയ ഫോണുകൾക്ക് ആൻഡ്രോയിഡ് നൽകുന്നില്ല. പഴയ ഫോണുകളുടെ അപ്ഡേഷനും നിലച്ചിരിക്കുകയാണ്. ഇതോടെയാണ് പുതിയ ഒഎസ് നിർമാണവുമായി വാവെയ് മുന്നോട്ടുപോകുന്നത്. നിലവിൽ താൽകാലിക ആൻഡ്രോയിഡ് ലൈസൻസ് ഓഗസ്റ്റ് 19 വരെ മാത്രമാണ് വാവെയ്ക്ക് ലഭിക്കുക.

ആർക് ഒഎസ്: സ്വന്തം ഒഎസുമായി വാവെയ്

ആൻഡ്രോയ്ഡ് ഇനി തരില്ലെന്ന ഗൂഗിൾ നിലപാടിനെത്തുടർന്നു സ്വന്തമായി വികസിപ്പിച്ച സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം റിലീസ് ചെയ്യാൻ വാവെയ് തയാറെടുക്കുന്നു. കമ്പനിക്കുള്ളിൽ ഹോങ്‍മെങ് എന്ന പേരിൽ അറിയപ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റം ആർക് ഒഎസ് (Ark OS) എന്ന പേരിൽ ജൂണിലാണ് പുറത്തിറങ്ങുക.

ആൻഡ്രോയ്ഡ് ലൈസൻസുകൾ റദ്ദാക്കിക്കൊണ്ട് ഗൂഗിൾ രംഗത്തെത്തിയപ്പോൾ തന്നെ സ്വന്തം ഒഎസിനെപ്പറ്റി വാവെയ് സൂചന നൽകിയിരുന്നു. ആർക് ഒഎസ് എന്ന പേരിൽ അതിനു ട്രേഡ്മാർക്ക് നേടിക്കഴിഞ്ഞെന്ന വിവരം വാവെയുടെ അവകാശവാദങ്ങൾ ശരിവയ്ക്കുന്നതാണ്. യുഎസ് സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനുകൂലനീക്കമുണ്ടായാൽ ലൈസൻസുകൾ പുതുക്കി നൽകാൻ ഗൂഗിൾ തയാറാണ്. എന്നാൽ, സ്വന്തം ഒഎസുമായി വാവെയ് മുന്നോട്ടു പോകുമ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ നിർമാതാവ് കൈവിട്ടുപോകുന്നതിന്റെ നഷ്ടം ബാധിക്കുക ഗൂഗിളിനെത്തന്നെയായിരിക്കും.

ജൂണിൽ ചൈനയിൽ റിലീസ് ചെയ്യുന്ന ആർക് ഒഎസ്, പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത വർഷം ആദ്യം രാജ്യാന്തരവിപണിയിൽ ഇറങ്ങുന്ന വാവെയ് ഫോണുകളിലും സ്ഥാനം പിടിക്കും. ആൻഡ്രോയ്ഡ് ഒഎസിനു മുകളിൽ വാവെയുടെ ഇഎംയുഐ (EMUI) എന്ന യൂസർ ഇന്റർഫെയ്സാണ് നമ്മൾ കാണുന്നത്. പുതിയ ഒഎസിനും ഇഎംയുഐയുടെ പുറംചട്ട വരുന്നതോടെ സാധാരണ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ ആൻഡ്രോയ്ഡും വാവെയ് ആൻഡ്രോയ്ഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവില്ല.

എന്നാൽ, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്പ്, ജിമെയിൽ തുടങ്ങിയ സുപ്രധാന ഗൂഗിൾ സേവനങ്ങൾക്കു പകരം വയ്ക്കാൻ വാവെയ് എന്തു കണ്ടെത്തും എന്നത് നിർണായകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com