ADVERTISEMENT

ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് അസൂസ് കമ്പനിയുടെ 'സെന്‍'  (Zen) ബ്രാന്‍ഡിങ് ഫോണുകളും ലാപ്‌ടോപ്പുകളും ഇന്ത്യയില്‍ വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തി. മെയ് 28 മുതല്‍ ആറാഴ്ചത്തേക്കാണ് സെന്‍ ബ്രാന്‍ഡിങ് ഉൽപന്നങ്ങൾ ഇന്ത്യയില്‍ വില്‍ക്കുന്നതിന് വിലക്കിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വില്‍ക്കുന്ന സെന്‍ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വിലക്കു ബാധിച്ചേക്കുമെന്നാണ് വാര്‍ത്ത.

 

പുതിയ സംഭവവികാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബാര്‍ ആന്‍ഡ് ബെഞ്ച് (Bar & Bench) ആണ്. അസൂസ് സെന്‍ വാണിജ്യ മുദ്രയില്‍ കടന്നുകയറിയെന്നു കണ്ടെത്തിയ ഹൈക്കോടതിയിലെ ജസ്റ്റിസ് മനോഹരന്റെ സിംഗിള്‍ ജഡ്ജ് ബെഞ്ചാണ് ഉത്തരിവിറക്കിയത്. ഈ ട്രേഡ്മാര്‍ക്ക് ടെലികെയർ നെറ്റ്‌വര്‍ക്ക് ( Telecare Network India Pvt Ltd) 2008 ല്‍  ഇന്ത്യയിലെ ഉപയോഗത്തിനായി ഫയല്‍ ചെയ്തതാണ്. ടെലികെയർ സ്മാര്‍ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും ടാബുകളും അക്‌സസറികളും ഇറക്കുന്ന കമ്പനിയാണ്. അസൂസ് തങ്ങളുടെ ആദ്യ സെന്‍ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് 2014ല്‍ ആണ്. പിന്നീട് അസൂസ് സെന്‍ ബ്രാന്‍ഡിങ്ങുള്ള ലാപ്‌ടോപ്പുകളും അവതരിപ്പിക്കുകയായിരുന്നു. അസൂസും ടെലികെയറും തമ്മില്‍ ബന്ധമില്ലെങ്കിലും ഇരു ബ്രാന്‍ഡുകളും സെന്‍ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നത് ഉപയോക്താക്കളില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്നാണ് ഒരു വാദം. ഇതു പ്രഥമദൃഷ്ട്യാ തെറ്റിധാരണ ജനിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

 

എന്നാല്‍ അസൂസ് വാദിച്ചത് തങ്ങളുടെ കമ്പനിയുടെ ബ്രാന്‍ഡിങ് തലവനായിരുന്ന ജോണി ഷീ (Jonney Shih) ആയിരുന്നു സെന്‍ എന്ന പേര് തങ്ങളുടെ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കാരണക്കാരന്‍ എന്നാണ്. അദ്ദേഹം പുരാതനമായ സെന്‍ തത്വചിന്തയില്‍ വിശ്വസിച്ചിരുന്നുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. സെന്‍ എന്ന പേര് സാധാരണമായി ഉപയോഗിക്കുന്നതാണെന്നും അസൂസിന്റെ വക്കീല്‍ വാദിച്ചു. അവര്‍ ട്രെയ്ഡ്മാര്‍ക്ക് രജിസ്ട്രിയില്‍ നിന്ന് നിരവധി കമ്പനികള്‍ ഈ പേര് ഉപയോഗിച്ചിട്ടുണ്ട് എന്നതിനു തെളിവും കാണിച്ചു കൊടുത്തു.

 

ഉപയോക്താക്കള്‍ക്ക് സെന്‍ എന്ന പേര് ഒരു തരത്തിലുമുള്ള ചിന്താക്കുഴപ്പവും ഉണ്ടാക്കില്ല. കാരണം അത് അസൂസ് എന്ന പേരിനൊപ്പമാണ് ഉള്ളതെന്ന വാദവും കമ്പനി വക്കീൽ വാദിച്ചു. എന്നാല്‍ ഒരേ പേര് ഉപയോക്താക്കള്‍ക്ക് തെറ്റിധാരണ ഉണ്ടാക്കുമെന്നാണ് ടെലികെയർ വാദിച്ചത്. എന്തായാലും അസൂസിന് തങ്ങളുടെ സെന്‍ ബ്രാന്‍ഡുള്ള ഉപകരണങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം വരാനിരിക്കുന്നതെയുള്ളു. അസൂസ് സെന്‍ഫോണ്‍ മാക്‌സ് എം2 തുടങ്ങിയ ഫോണുകള്‍ ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റു പോയവയാണ്. എന്തായാലും അസൂസിന് ഒരു വന്‍ തിരിച്ചടിയാണ് കോടതി വിധി.

 

ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് സെന്‍ എന്ന വാക്ക് പ്രശസ്തമാകുന്നത്. ചൈനയിലും ജപ്പാനിലും സെന്‍ അനുയായികളുണ്ട്. ഈ ജാപ്പനീസ് വാക്ക് ചൈനീസ് ഭാഷയിലെ ഒരു വാക്കില്‍ നിന്ന് സൃഷ്ടിച്ചതാണ്. നിരവധി പാശ്ചാത്യരും സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com