ADVERTISEMENT

ഗൂഗിളിന്റെ ഏറ്റവും വലിയ ബിസിനസുകളിൽ ഒന്നാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം. അമേരിക്കയുടെ കൊമേഴ്‌സ് വിഭാഗം വാവെയ് കമ്പനിയെ കരിമ്പട്ടകിയില്‍ പെടുത്തിയതോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ ലൈസന്‍സ് അവസാനിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ വാവെയുടെ പുതിയ നീക്കം ചിലപ്പോള്‍ തങ്ങളുടെ ബിസിനസിന് വന്‍ തിരിച്ചടിയായേക്കാമെന്ന തിരിച്ചറിവിലാണ് ഗൂഗിള്‍. ഫോണ്‍ നിര്‍മാണത്തില്‍ തുടരാന്‍ വാവെയ്ക്കു മുന്നിലുള്ള സാധ്യതകളിലൊന്ന് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയിഡിന് സ്വന്തമായി ഒരു സങ്കര ഭാഷ്യം ചമയ്ക്കും എന്നതാണ്. എന്നു പറഞ്ഞാല്‍ ഗൂഗിളിനെ ഒഴിവാക്കി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കുകയായിരിക്കും വാവെയ് ചെയ്യുന്നത്.

 

ഈ ആശയം വിജയിച്ചാല്‍ അത് ആന്‍ഡ്രോയിഡിന് ബോംബ് വയ്ക്കുന്നതിനു തുല്യമായ ഒന്നായിരിക്കാമെന്ന തിരിച്ചറിവിലാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിളിനെ പുറത്താക്കി വാവെയ് ഇത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയാല്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കളെല്ലാം അതിലേക്കു നീങ്ങാം. ലോകത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാവായ സാംസങ് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. അന്ന് ആപ് നിര്‍മാതാക്കള്‍ അവര്‍ക്കൊപ്പം പോയില്ല എന്നതാണ് പരാജയപ്പെടാന്‍ കാരണം. വാവെയും ചൈനീസ് നിര്‍മാതാക്കളും ഗൂഗിളിനെ ഒഴിവാക്കി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയാല്‍ സാംസങും തങ്ങളുടെ വഴിക്കു പോയേക്കാം. സ്വന്തമായി എളിയ രീതിയില്‍ മാത്രം (പിക്‌സല്‍ ഫോണുകള്‍) ഫോണ്‍ നിര്‍മിക്കുന്ന ഗൂഗിളിന് ഇത് വന്‍ തിരിച്ചടിയാകാം. ഇതിനാല്‍ ഇപ്പോള്‍ വാവെയെ ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് യുഎസ് സർക്കാരിനോട് അഭ്യര്‍ഥിക്കുകയാണ് ഗൂഗിള്‍.

 

വാവെയ്ക്കു വേണ്ടി ഗൂഗിള്‍ അമേരിക്കന്‍ സർക്കാരിനു മേല്‍ ലോബിയിങ് നടത്തുന്നുവെന്ന വാര്‍ത്തായാണ് ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു വിടുന്നത്. ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാരിലും മറ്റും സ്വാധീനം ചെലുത്തുന്നതിനെയാണ് ലോബിയിങ് എന്നു വിളിക്കുന്നത്. സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് ഗൂഗിളിന്റേതെന്നാണ് ഒരു കൂട്ടം വിശകലനവിദഗ്ധര്‍ പറയുന്നത്. എന്നാൽ പുറമെ ഗൂഗിൾ അവകാശപ്പെടുന്നത് തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിച്ചാല്‍ അതു കൂടുതല്‍ വലിയ സുരക്ഷാ ഭീഷണിയായിരിക്കുമെന്നാണ്. (വാവെ സുരക്ഷാ ഭീഷണിയാണെന്നു പറഞ്ഞാണല്ലോ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.)

 

ആന്‍ഡ്രോയിഡ് ഹാക്ക് ചെയ്യുന്നതിനെക്കാള്‍ എളുപ്പമായിരിക്കും വാവെയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഹാക്കു ചെയ്യുന്നതെന്നാണ് ഗൂഗിള്‍ ഇപ്പോള്‍ വാദിക്കുന്നത്. ചൈനീസ് സർക്കാരിനും ഇത്തരമൊരു നീക്കം ഗുണം ചെയ്യുമെന്നും അവര്‍ വാദിക്കുന്നു. ഇപ്പോള്‍ വാവെയ്ക്ക് 90 ദിവസത്തെ ഇളവു നല്‍കിയിരിക്കുകയാണ് അമേരിക്കയുടെ കൊമേഴ്‌സ് വിഭാഗം. തങ്ങളെ വാവെയുമൊത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഇളവ് ദീര്‍ഘിപ്പിക്കുയെങ്കിലും ചെയ്യണമെന്ന് അവര്‍ വാദിക്കുന്നു. അതിനിടയ്ക്ക് തങ്ങള്‍ക്ക് ഒരു പരിഹാരം കാണാനാകുമെന്നാണ ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഗൂഗിളിന്റെ വാദത്തിന്റെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസ്സിലാകുന്നത് ഗൂഗിളിന് വേണ്ടത് വാവെയുടെ വിലക്ക് പൂര്‍ണ്ണമായും എടുത്തു കളയുന്നതു തന്നെയാണെന്ന് വാര്‍ത്തകള്‍ പറയുന്നു.

 

ഗൂഗിള്‍ മാത്രമല്ല ക്വാല്‍കം, ഇന്റൽ തുടങ്ങിയ പല കമ്പനികള്‍ക്കും വാവെയ് നിരോധനത്തില്‍ വന്‍ തിരിച്ചടി നേരിട്ടേക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നാല്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിറവി കാണാനായേക്കാം. അതോടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കുത്തക തകര്‍ന്നേക്കാം. പടിഞ്ഞാറന്‍ കമ്പനികളുടെ കുത്തകകള്‍ തകര്‍ന്നാല്‍ അത് തങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്ന് അമേരിക്കയും മനസ്സിലാക്കുമെന്നാണ് കമ്പനികള്‍ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com