ADVERTISEMENT

വാവെയ് കമ്പനിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്ന അമേരിക്കയ്‌ക്കെതിരെ പുതിയ നീക്കവുമായി ചൈന രംഗത്ത്. അമേരിക്കയിലേക്ക് റെയര്‍-എര്‍ത് എന്ന പേരില്‍ അറിയപ്പെടുന്ന 17 ധാതുക്കളുടെ കയറ്റുമതി കുറയ്ക്കാന്‍ കമ്യൂണിസ്റ്റ് രാജ്യം തയാറെടുക്കുകയാണ്. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇതാകട്ടെ അമേരിക്കയുടെ ടെക്‌നോളജി, പ്രതിരോധം, വ്യവസായ മേഖല എന്നിവയെ സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

യുഎസ് ഇറക്കുമതി ചെയ്യുന്ന 80 ശതമാനം റെയര്‍-എര്‍ത് മെറ്റല്‍സും ചൈനിയിൽ നിന്നാണെന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കും. ഐഫോണ്‍ നിര്‍മാണം മുതല്‍ പ്രതിരോധം വരെ അമേരിക്കയുടെ പല ബിസിനസ് മേഖലകളെയും ഒരുമിച്ചു പ്രതിസന്ധിയിലാക്കാവുന്ന ഒന്നായേക്കാം ഈ കയറ്റുമതി നിരോധനം. ഇതു മുന്നില്‍ കണ്ട് അമേരിക്കയിലെ റെയര്‍-എര്‍ത് കമ്പനികളിലുള്ള ഓഹരി നിക്ഷേപം കുതിക്കുകയാണ്. അമേരിക്കയ്‌ക്കെതിരായ വാണിജ്യ യുദ്ധത്തല്‍ റെയര്‍-എര്‍ത് മെറ്റല്‍സിനെ തങ്ങള്‍ 'ആയുധവല്‍ക്കറിച്ചേക്കാം എന്നൊരു സൂചന ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നല്‍കിയതാണ് ഈ കമ്പനികളുടെ ഷെയറുകളുടെ വില കൂടാന്‍ കാരണം. ഇതോടെ ഈ വസ്തുക്കളുടെ വില കൂടുകയും ചെയ്തു. താമസിയാതെ തന്നെ കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ വിലയില്‍ ഇതു പ്രതിഫലിച്ചേക്കാമെന്നും പറയുന്നു.

 

എന്താണ് റെയര്‍-എര്‍ത്? ചൈനയുടെ നിരോധനം പ്രാബല്യത്തില്‍ വന്നാല്‍ ഏതെല്ലാം അമേരിക്കന്‍ ഉല്‍പന്നങ്ങളെ ഇവയുടെ വില ബാധിക്കാം?

 

പീരിയോഡിക് ടേബിളിലെ 17 മെറ്റലുകളെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് റെയര്‍-എര്‍ത് മെറ്റല്‍സ്. ഇവ വിരളമാണ്. അല്ലെങ്കില്‍ ഒരു സ്ഥലത്തു നിന്ന് വലിയ അളവില്‍ ലഭിക്കണമെന്നില്ല. അതുമല്ലെങ്കില്‍ ഇവ ശുദ്ധി ചെയ്ത് എടുക്കണമെങ്കില്‍ ചിലവുണ്ട്. ഇതെല്ലാം കൊണ്ടാണ് ഇവയെ വിരളമായി കിട്ടുന്ന ധാതുക്കളായി കാണുന്നത്. ഇവയുടെ ഗുണവിശേഷങ്ങള്‍ വ്യത്യസ്തമാണ്. പല തരം ഉപയോഗങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇവയെ ലൈറ്റ് റെയര്‍-എര്‍ത് എലമെന്റ്‌സ് എന്നും ഹെവി റെയര്‍-എര്‍ത് എലമെന്റ്‌സ് എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഹൈ-ടെക് ഉപകരണങ്ങളുടെ നിര്‍മാണം വര്‍ധിച്ചതോടെ ഇവയുടെ പ്രാധാന്യവും ക്രമാനുസൃതമല്ലാതെ വര്‍ധിച്ചിരിക്കുകയാണ്.

 

ഐഫോണ്‍, ഫ്ളാറ്റ്‌സ്‌ക്രീന്‍ ടിവി, ടെസ്‌ല

 

യിട്രിയം, യൂറോപിയം, ടെര്‍ബിയം എന്നീ റെയര്‍-എര്‍ത് എലമെന്‍രുകള്‍ എല്‍ഇഡി സക്രീനുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ഫ്ളാറ്റ്‌സ്‌ക്രീന്‍ ടിവി തുടങ്ങിയവയ്ക്ക് ഇവ വേണം. ഇവയുടെ ചുവപ്പ്-പച്ച-നീല ഫോസ്ഫറുകളാണ് സ്‌ക്രീനുകളെ വൈദ്യുതചാലകമാക്കുന്നതെന്ന് ജിയളോജിക്കല്‍ സര്‍വെ പറയുന്നു. ഈ എലമെന്റുകള്‍ ഐഫോണിന്റെതടക്കമുള്ള ബാറ്ററികളിലും ഉപയോഗിക്കുന്നു. ഒരു ടെക്‌സ്റ്റ് മെസേജ് വരുമ്പോള്‍ ഫോണ്‍ കമ്പനം ചെയ്യുന്നതില്‍ ഇവയ്ക്കു പങ്കുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. തങ്ങള്‍ 'ഒരു ദിവസം' റെയര്‍-എര്‍ത് എലമെന്റുകള്‍ ഉപയോഗിക്കുന്ന പരിപാടി നിർത്തുമെന്ന് ആപ്പിള്‍ 2017ല്‍ പറഞ്ഞിരുന്നു. പകരം ഫോണുകളില്‍ നിന്ന് റീസൈക്കിൾ ചെയ്ത് വസ്തുക്കള്‍ ഉപയോഗിക്കുമെന്നാണ് അവര്‍ അന്നു പറഞ്ഞത്. ആ ഒരു ദിവസം ഇന്നു വരെ ആഗതമായിട്ടില്ല.

 

മറ്റൊന്നായ 'ലാന്‍താനം' 50 ശതമാനം സെല്‍ഫോണുകളുടെയും ക്യാമറകളുടെയും ലെന്‍സ് നിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ റീചാര്‍ജബിൾ ബാറ്ററി ഉണ്ടാക്കുന്നതിനും ഈ മെറ്റല്‍ ഉപയോഗിക്കുന്നു. ചില വാഹന നിര്‍മാതാക്കള്‍ക്ക് ഇത് 10-15 കിലോ വരെ ഒരു കാര്‍നിര്‍മാണത്തിനു വേണ്ടിവരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടറുകള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന പെര്‍മനെന്റ് മാഗ്നറ്റുകളുടെ നിര്‍മാണത്തിന് 'നിയോഡൈമിയം' ഉപയോഗിക്കുന്നു. ടെസ്‌ലയും റെയര്‍-എര്‍ത് പെര്‍മനെന്റ് മാഗ്നറ്റുകള്‍ 2016 മുതല്‍ ബെയ്ജിങ്ങിലുള്ള ഒരു കമ്പനിയില്‍ നിന്നാണ് വാങ്ങുന്നത്. മറ്റാരില്‍ നിന്നെങ്കിലും കൂടെ ടെസ്‌ല ഇതു വാങ്ങുന്നുണ്ടോ എന്ന് ഉറപ്പില്ല. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യക്കാര്‍ കൂടുകയാണ്. റെയര്‍-എര്‍ത് എലമെന്റുകളുടെ ആവശ്യവും വര്‍ധിക്കുന്നു.

 

റെയര്‍-എര്‍ത് എലമെന്റുകളില്‍ നിന്ന് ഉണ്ടാക്കുന്ന പെര്‍മനെന്റ് മാഗ്നറ്റുകള്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, സിഡി-റോം, ഡിവിഡി ഡിസ്‌ക് ഡ്രൈവ് തുടങ്ങിയവുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഡിസ്‌കുകള്‍ കറങ്ങുമ്പോള്‍ അവയ്ക്ക് സ്ഥിരത നല്‍കുന്നത് മാഗ്നറ്റുകളാണത്രെ. മാഗ്നറ്റുമായി ബന്ധപ്പെട്ട റെയര്‍-എര്‍ത് എലമെന്റുകളുടെ വരവു കുറഞ്ഞാല്‍ അത് അമേരിക്കയിലെ നിരവധി സംരംഭങ്ങളെ ബാധിക്കുമെന്നു പറയുന്നു. അത് അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിസന്ധി സമ്മാനിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

 

ഡ്രോണുകള്‍, മിസൈലുകള്‍, സാറ്റലൈറ്റുകള്‍

 

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സും റെയര്‍-എര്‍ത് എലമെന്റുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ജെറ്റ് എൻജിനുകളുടെ കോട്ടിങ്, മിസൈല്‍ ഗൈഡന്‍സ് സിസ്റ്റം, മിസൈല്‍ ഡിഫന്‍സ് സിസ്റ്റം, സാറ്റലൈറ്റുകള്‍, കമ്യൂണിക്കേഷന്‍സ് സിസ്റ്റം എന്നിവയെല്ലാം നിര്‍മിക്കുന്നതിന് ഇവ ഉപയോഗിക്കുന്നു. അമേരിക്കയ്ക്കു മൊത്തം വേണ്ടതിന്റെ ഒരു ശതമാനമാണ് പ്രതിരോധ വകുപ്പിനു മാത്രം വേണ്ടത്. ചൈനയെ ആശ്രിയക്കാതെ റെയര്‍-എര്‍ത് എലമെന്റുകള്‍ കിട്ടാനുള്ള വഴി തേടാനായി കൂടുതല്‍ പണം അനുവദിക്കണമെന്ന് വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

 

മിസൈല്‍ ഗൈഡന്‍സ് സിസ്റ്റവും റഡാറും മറ്റും നിര്‍മിക്കുന്ന കമ്പനികള്‍ക്കും റെയര്‍-എര്‍ത് മെറ്റല്‍സ് ആവശ്യമാണ്. ഫൈറ്റര്‍-ജെറ്റ് വിമാനങ്ങളും ഇവയെ ആശ്രയിക്കുന്നു. ഒരോ എഫ്-35 വിമാനത്തിനും 920 പൗണ്ട് വസ്തുക്കള്‍ റെയര്‍-എര്‍ത് എലമെന്റ്‌സ് നിര്‍മിതമാണ്. യുദ്ധക്കളത്തില്‍ ലേസര്‍ ടാര്‍ഗറ്റിങ്ങിന് യിട്രിയം, ടെര്‍ബിയം എന്നിവ വേണം. മറ്റു യുദ്ധ സാമഗ്രികളിലും പ്രഡേറ്റര്‍ ഡ്രോണുകളിലും ക്രൂസ് മിസൈലുകളിലും ഇവ ഉപയോഗിക്കുന്നു. എന്നാല്‍ കുറച്ച് റെയര്‍-എര്‍ത് മെറ്റല്‍സ് 2010 മുതല്‍ ശേഖരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു അപകട സന്ധിവന്നാല്‍ ഇവ എത്രകാലത്തേക്ക് ഉപയോഗിക്കാനുണ്ടാകുമെന്നറിയില്ല. ക്രൂഡ് ഓയിലും മറ്റും ശുദ്ധി ചെയ്യുന്നിടത്തും റെയര്‍-എര്‍ത് മെറ്റല്‍സിന്റെ ആവശ്യമുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com