sections
MORE

ഉറക്കത്തിൽ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

explosions-mobile
Representative Image
SHARE

സ്മാർട് ഫോൺ പൊട്ടിത്തെറിച്ചുളള മരണങ്ങളും ദുരന്തങ്ങളും വർധിച്ചുവരികയാണ്. ഉപയോക്താക്കളുടെ അശ്രദ്ധകാരണമാണ് മിക്ക ഫോൺ പൊട്ടിത്തെറി ദുരന്തങ്ങൾക്കും കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലും ഫോൺ പൊട്ടിത്തെറി ദുരന്തം സംഭവിച്ചു. അപകടത്തിൽ പന്ത്രണ്ടുകാരനാണ് മരിച്ചത്.

ഹബിഗഞ്ച് ജില്ലിയിലാണ് സംഭവം. പന്ത്രണ്ടുകാരൻ സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം. ചാർജറുമായി കണക്ട് ചെയ്ത ഫോൺ പോക്കറ്റിലിട്ടാണ് ബാലൻ ഉറങ്ങിയത്. പൊട്ടിത്തെറിയിൽ നെഞ്ചിൽ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും സമാനമായ സംഭവമുണ്ടായി. ചാർജിലിട്ട ഫോൺ ബാറ്റി പൊട്ടിത്തെറിച്ച് ബാലന് ദാരുണാന്ത്യം സംഭവിച്ചരുന്നു. മധ്യപ്രദേശിലായിരുന്നു ആ സംഭവം. മൊബൈൽ ബാറ്ററി പുറത്തെടുത്താണ് ചാർജ് ചെയ്തിരുന്നത്. ഫോണിലെ ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.

ഫോൺ കുത്തിയിട്ട് ഉറങ്ങല്ലേ... ദാരുണാന്ത്യമാകും, അറിയണം 7 കാര്യങ്ങൾ

എന്തിനും ഏതിനും നമുക്ക് മൊബൈൽ ഫോൺ വേണം. ചില ശീലക്കേടുകളാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്കു പിന്നിൽ. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. പിന്നെ, പോക്കറ്റിൽ കിടക്കുമ്പോഴും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതു മനസ്സിലാക്കി ഉപയോഗശൈലിയിൽ മാറ്റം വരുത്തിയാൽ അടുത്തുള്ള ഒരു അപകടം നമുക്കും ഒഴിവാക്കാം.

മദർബോർഡിനെ പ്രകോപിപ്പിക്കരുത്

ഭക്ഷണം കഴിക്കുന്ന നായയെ അതോടൊപ്പം കുരയ്ക്കാൻ പ്രേരിപ്പിച്ചാൽ അതു കടിക്കും. ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. 

ചാർജർ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീർണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ മദർബോർഡിന്മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്. ഈ സമ്മർദ്ദം ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാർജ് ചെയ്യുന്ന ഫോണിൽ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ ഫോൺ ചൂടാവുന്നത് ഇതുകൊണ്ടാണ്.

സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടു മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.

ഓവർഡോസ് അപകടം

രാത്രിയിൽ ഫോൺ ചാർജിങ്ങിന് ഇട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാൽ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നിൽക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ ബാറ്ററി ചൂടാവും. ഇതും ഷോർട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം.

ഇങ്ങനെ തുടർച്ചയായി രാത്രിയിൽ ഫോൺ ചാർജിങ്ങിനു കുത്തിയിട്ടാൽ ബാറ്ററി തകരാറായി വീർത്തുവരും (ബൾജിങ്). ഇങ്ങനെ വീർത്തിരിക്കുന്ന ബാറ്ററികൾക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബാറ്ററി വീർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.

വ്യാജൻ ദുരന്തമാകും

ഫോണിന്റെ ബാറ്ററി കേടാണെന്നു തോന്നിയാൽ അവസാനതുള്ളി വരെ ഊറ്റിയെടുത്ത് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുക. കേടായ ബാറ്ററി എത്രയും വേഗം മാറ്റണം. ബാറ്ററി മാറ്റുമ്പോൾ ഒറിജിനൽ തന്നെയാണു വാങ്ങുന്നതെന്ന് ഉറപ്പുവരുത്തുക. പലപ്പോഴും ഒറിജിനലിന്റെ മൂന്നിലൊന്നു വിലയ്ക്കു വ്യാജൻ കടക്കാരൻ ഓഫർ ചെയ്താലും സ്വീകരിക്കരുത്. അതുപോലെ തന്നെയാണു ചാർജറും. വ്യാജ ചാർജറുകൾ 100 രൂപ മുതൽ ലഭിക്കുമ്പോൾ 1200 രൂപ കൊടുത്ത് ഒറിജിനൽ വാങ്ങാൻ മനസ്സ് അനുവദിച്ചെന്നു വരില്ല.

പക്ഷേ, വ്യാജ ബാറ്ററിയിലെയും ചാർജറിലെയും ഘടകങ്ങൾ ഏറ്റവും നിലവാരം കുറഞ്ഞതും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ്. വ്യാജ ആക്സസറികൾ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാൽ ഫോണിനു തകരാറുകൾ സംഭവിച്ചേക്കാം. ഒപ്പം, അപകടസാധ്യതയും ഏറെയാണ്.

മൊബൈല്‍ ഇടരുത്

മൊബൈൽ ഫോൺ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്നതു മറന്നുകൊണ്ടാണു പലരും ഉപയോഗിക്കുന്നത്. ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ശ്വാസംമുട്ടിക്കിടക്കുന്ന ഫോൺ ചൂടാവുന്നുണ്ടെങ്കിൽ കാരണം ഫോണിന്റെ ബാറ്ററിയിൽ ഏൽക്കുന്ന സമ്മർദ്ദമാണെന്നു മനസ്സിലാക്കുക. ഫോൺ പോക്കറ്റിലിടുമ്പോൾ ചൂടാവുന്നത് ഒരു തകരാറല്ല, മറിച്ചു പോക്കറ്റ് ഭീകര ടൈറ്റായതുകൊണ്ടാണെന്നു തിരിച്ചറിയുക.

ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

∙ ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക.

∙ രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും.

∙ ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA