ADVERTISEMENT

യുഎസിൽ പത്രങ്ങൾ പ്രതിസന്ധിയിലാണ്. വാർത്താ മാധ്യമങ്ങളാകട്ടെ വരുമാനത്തിനായി ഓൺലൈൻ സമ്പ്രദായങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. എന്തു സഹായവും നൽകാൻ സന്നദ്ധമായി ഗൂഗിളുള്ളപ്പോൾ കുഴപ്പമൊന്നും വരില്ല എന്നു കരുതിയ മാധ്യമലോകം തങ്ങളെഴുതിയ വാർത്തകളിലൂടെ ഗൂഗിളുണ്ടാക്കിയ വരുമാനത്തിന്റെ കണക്കു കേട്ട് ഞെട്ടിയിരിക്കുകയാണ്. 2018ൽ മാത്രം വാർത്താവിതരണത്തിലൂടെ ഗൂഗിൾ നേടിയത് 470 കോടി ഡോളറാണ് (ഏകദേശം 33,000 കോടി രൂപ). 

യുഎസിലെ വാർത്താ വെബ്സൈറ്റുകളെല്ലാം കൂടി ഇതേ കാലയളവിൽ നേടിയതും ഏതാണ്ട് ഇതേ തുക തന്നെ. കണക്കുകൾ പ്രകാരം ഓരോ ദിവസം ഗൂഗിൾ സേർച്ചിൽ വരുന്ന അന്വേഷണങ്ങളിൽ 40 ശതമാനവും വാർത്തകൾക്കു വേണ്ടിയാണ്. 

യുഎസിലെ 2000 പത്രങ്ങളടങ്ങിയ ന്യൂസ് മീഡിയ അലയൻസ് എന്ന സംഘടന ഗൂഗിളിന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഈ വാർത്തകൾ സൃഷ്ടിക്കാൻ അധ്വാനിക്കുന്ന മാധ്യമപ്രവർത്തകർക്ക് അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകൾക്കൊപ്പം നൽകുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഓഹരിയാണ് ഗൂഗിളിന് ഇത്ര വരുമാനം നേടിക്കൊടുത്തത്. ഏറെക്കുറെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകുന്ന ഗൂഗിളിന്റെ പ്രധാനവരുമാനം ഇത്തരം പരസ്യങ്ങളാണ്.

അതേസമയം, വാർത്താ വെബ്സൈറ്റുകളിലേക്ക് വായനക്കാരെ എത്തിക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത് ഗൂഗിളും ഫെയ്സ്ബുക്കും ആണെന്നു മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക് പോസ്റ്റുകളിൽ നിന്നും ഗൂഗിൾ സേർച്ചിൽ നിന്നുമാണ് ഈ വെബ്സൈറ്റുകളിലെ 80% വായനക്കാരും എത്തുന്നതെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com