sections
MORE

8 ലക്ഷം കോടി കടം, കണ്ണുതള്ളി ടെലികോം കമ്പനികൾ, ജിയോയ്ക്ക് 9,838.91 കോടി വരുമാനം

jio-airtel
SHARE

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രായിയുടെ പുതിയ റിപ്പോർട്ട്. കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികൾ നേരിടുന്നത് എട്ട് ലക്ഷം കോടിയുടെ കടമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മിക്ക കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. സർക്കാരിന്റെ ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ചാർജും (എസ്‌യുസി) കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ജിയോയുടെ വരുമാനം (എജിആർ) 3.6 ശതമാനം ഉയർന്ന് 9838.91 കോടിയായി. ഭാർതി എയർടെലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോൺ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയുമായി. ഏപ്രിൽ അവസാനത്തിലെ റിപ്പോർട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാരുണ്ട്. വോഡഫോൺ ഐഡിയക്ക് 39.3 കോടിയും ഭാരതി എയർടെലിന് 32.2 കോടി വരിക്കാരുമുണ്ട്.

ജിയോ വന്നു, ടെലികോം മേഖല പിടിച്ചടക്കി

കൃത്യമായി പറഞ്ഞാല്‍ 2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒന്നര വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാനും സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദന്റെ ടെലികോം കമ്പനി ആർകോം വരെ പൂട്ടേണ്ടി വന്നു.

മൊബൈൽ കമ്പനികളുടെ വരുമാനത്തിലെ എൺപതു ശതമാനവും ഫോൺവിളിയിൽ നിന്നാണെന്നു മനസ്സിലാക്കി തന്നെയാണ് ജിയോ ‘സൗജന്യ കോൾ’ പ്രഖ്യാപിച്ചതെന്നും ഇത് ഏഴു കമ്പനികളുടെ തകർച്ചയ്ക്കു വഴി വച്ചെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് ഒരിക്കൽ പറഞ്ഞത്. ടെലികോം മേഖലയിലെ വികസനപരിപാടികളിൽ മൊബൈൽ കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ കമ്പനികൾക്കു മുന്നോട്ടുപോകാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതെ, ഇങ്ങനെ പോയാൽ രാജ്യത്ത് ജിയോ മാത്രമാകുമോ?

ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർ‌ത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മൂന്നു കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എൻഎൽ ആണ്. നേരത്തെ 11 കോർ കമ്പനികൾ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതിൽ നാലെണ്ണം മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. ഏഴു കമ്പനികൾക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. അതേ കാര്യങ്ങൾ ജിയോയിലേക്ക് ചുരുങ്ങുകയാണ്.

വരിക്കാരുടെ എണ്ണത്തിൽ അതിവേഗം കുതിക്കുന്ന ജിയോയുടെ ബ്രോഡ്ബാൻഡ് സര്‍വീസ് വന്നു കഴിഞ്ഞാൽ മുൻനിര കമ്പനികൾ വൻ നഷ്ടത്തിലാകും. പുതിയ ടെക്നോളജിയിലേക്ക് മാറാനിരിക്കുന്ന ജിയോയെ ഉപഭോക്താക്കൾ സ്വീകരിക്കുമെന്നതിൽ സംശയമില്ല. ഇത്രയും ഫ്രീ നൽകിയിട്ടും ജിയോ വരിക്കാരനിൽ നിന്നും ലഭിക്കുന്ന ആളോഹരി വരുമാനത്തിനും കാര്യമായ കുറവ് വന്നിട്ടില്ല. അതായത് ജിയോ വരിക്കാർ റീചാർജ് ചെയ്യുന്നുണ്ടെന്ന്. എന്നാൽ മറ്റു കമ്പനികളുടെ വരിക്കാരിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA