ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 75,000 കോടിയുടെ കടമുള്ള അനിൽ അംബാനിയുടെ ആസ്തികൾ ലേലത്തിൽ വിളിച്ചെടുക്കാനാണ് റിലൻസ് ഇൻഡസ്ട്രീസ് നീക്കം നടത്തുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇരു കമ്പനികളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

 

വിവിധ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക തീർത്ത്, ജയിൽശിക്ഷയും മാനഹാനിയും ഒഴിവാക്കാൻ ചേട്ടന്റെ സഹായം ആർകോം മേധാവി അനിൽ അംബാനിക്ക് സഹായകമായേക്കും. ഇളയ സഹോദരൻ അനിൽ അംബാനിയുടെ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) വന്‍ സാമ്പത്തിക പ്രതിസന്ധിയാലണ്.

 

ആർ‌കോമിന്റെ ആസ്തികൾക്കായി ലേലം വിളിക്കാൻ റിലയൻസ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്. ആർകോമിന്റെ ആസ്തികൾ ഉയര്‍ന്ന വിലയ്ക്ക് ജിയോ ഏറ്റെടുത്താൽ അനിൽ അംബാനിയുടെ കടങ്ങൾ ഒരു പരിധിവരെ തീർക്കാനാകുമെന്നാണ് അറിയുന്നത്. 

 

വിവിധ സർക്കിളുകളിലായി 5ജി സർവീസുകൾ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആർകോമിന്റെ ആസ്തികൾ ഉപയോഗപ്പെടുത്താനാകും. ആർ‌കോമിന്റെ എയർവേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാൻ റിലയൻസ് ജിയോ താൽപ്പര്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മൂത്ത സഹോദരന് താൽപ്പര്യമുണ്ട്. കൂടാതെ അനിൽ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡി‌കെ‌സി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.

 

പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള കമ്പനി നൽകാനുള്ള കോടികളുടെ കണക്കുകൾ ആർകോം ഓഹരികൾക്കും വൻ തിരിച്ചടിയായിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളും ടെലികോം മന്ത്രാലയവും മൊബൈൽ ഫോൺ കമ്പനികളും ടെലികോം ടവർ കമ്പനികളും കോടികളുടെ കടം തിരിച്ചുപിടിക്കാൻ ആർബിഎസ്എ അഡ്വൈസേഴ്സ് എൽഎൽപിയോടു ആവശ്യപ്പെട്ടിരിക്കുകയാണ്.

 

ഇതിനിടെ മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള റിലയന്‍സ് സെന്റര്‍ 3,000 കോടി രൂപയ്ക്ക് വില്‍ക്കാനും അനില്‍ അംബാനി ശ്രമം നടത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com